എസ്ബിഐ യോനോ ബാങ്ക് ആപ്പ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് വ്യാജ സന്ദേശങ്ങൾ അയയ്ക്കുക. അതിനാൽ ഇത്തരം സന്ദേശങ്ങൾ വന്നാൽ ജാഗ്രത പാലിക്കണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു. ബാങ്കിന്റെ പേരിൽ ലഭിക്കുന്ന എസ്എംഎസ് സന്ദേശങ്ങളിൽ അടങ്ങിയ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ഇത്തരത്തിൽ ക്ലിക്ക് ചെയ്ത നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി. എസ്ബിഐ യോനോ ബാങ്ക് ആപ്പ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിലേക്ക് വ്യാജ സന്ദേശങ്ങൾ അയയ്ക്കുക. അതിനാൽ ഇത്തരം സന്ദേശങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.
ബാങ്കിങ് തട്ടിപ്പ് രീതി ഇങ്ങനെ!
എസ്ബിഐ ബാങ്കിൽ നിന്ന് എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകളിലേക്ക് യോനോ ബാങ്കിങ്ങ് ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യപ്പെട്ടെന്ന എസ്എംഎസ് സന്ദേശം അയക്കുന്നു. യഥാർത്ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നു. തത്സമയം എസ്ബിഐയുടേതാണെന്ന് തോന്നിപ്പിക്കുന്ന ഒരു വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസർനെയിം, പാസ് വേഡ്, ഒടിപി എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
യഥാർത്ഥ എസ്ബിഐ വെബ്സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് പേരുവിവരങ്ങൾ നൽകുന്നു. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബർ പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പൊതു ജനങ്ങൾക്കുള്ള മുന്നറിയിപ്പ്
-
എസ്ബിഐ ബാങ്കിൽ നിന്ന് എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽ നമ്പറുകളിൽ നിന്ന് വരുന്ന എസ്എംഎസ് സന്ദേശങ്ങളിൽ വിശ്വസിക്കരുത്.
-
എസ്എംഎസുകളിൽ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
-
ബാങ്കിങ്ങ് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന വെബ്സൈറ്റിന്റെ യുആർഎൽ ശ്രദ്ധിക്കുക.
-
എസ്ബിഐ അല്ലെങ്കിൽ ഇതര ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ച് മാത്രം ഇടപാടുകൾ നടത്തുക. സംശയം തോന്നുന്ന പക്ഷം അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.