ഉപയോഗിച്ച പാചക എണ്ണയില്‍ നിന്ന് ബയോഡീസല്‍ നിര്‍മിക്കുന്ന പദ്ധതിക്ക് രാജ്യത്തെ നൂറ് നഗരങ്ങളില്‍ തുടക്കമായി. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ എണ്ണക്കമ്പനികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിപണിയിലെത്തിക്കുന്ന ആദ്യ വര്‍ഷം ബയോഡീസല്‍ ലിറ്റര്‍ ഒന്നിന് 51 രൂപ ഈടാക്കാനാണ് തീരുമാനം. രണ്ടാം വര്‍ഷം ഇത് 52.7 രൂപയായും മൂന്നാം വര്‍ഷം ഇത് 54.5 രൂപയാക്കിയും ഉയര്‍ത്തും. ഹോട്ടലുകള്‍ റസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ നിന്നായിരിക്കും എണ്ണകള്‍ ശേഖരിക്കുക. ഇതിന്‍റെ അടയാളമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിക്കും. വീടുകളിൽ നിന്ന് പാൽ ശേഖരിച്ച് വാണിജ്യ ഉൽപ്പന്നമാക്കി മാറ്റുന്ന അമുലിനെ പോലുള്ള പ്രവര്‍ത്തനമാണ് ഈ പദ്ധതിയിലും ഉദ്ദേശിക്കുന്നത്.
അതേ സമയം പെട്രോളിലെ എത്തനോളിന്‍റെ സാന്നിധ്യം പത്ത് ശതമാനമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.നിലവില്‍ ഇത് ഏഴ് ശതമാനമാണ്. പ്രതിമാസം 850 കോടി ലിറ്റര്‍ ഡീസല്‍ ചിലവാകുന്നുണ്ടെന്നാണ് കണക്ക് ആയതിനാല്‍ തന്നെ 2030 ഓടെ ഒരു ലിറ്റര്‍ ഡീസലിൽ 5 ശതമാനം ബയോഡീസൽ മിശ്രിതമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് പ്രകാരം ഒരു വർഷത്തിൽ 500 കോടി ലിറ്റർ ബയോഡീസൽ ആവശ്യമാണ്.ഇതിന്റെ ഭാഗമായി പ്രമുഖ ഭക്ഷ്യശൃംഖലകളായ മക്‌ഡൊണാള്‍ഡ്സ്, കെഎഫ്സി, ബര്‍ഗര്‍ കിംഗ്, ഹാര്‍ദിറാം എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗിച്ച പാചക എണ്ണ ഓയില്‍ കമ്പനികള്‍ ശേഖരിക്കും.
നിലവില്‍ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് 2018- 19 കാലയളവില്‍ രാജ്യത്തെ ക്രൂഡ് ഇറക്കുമതിയ്ക്കു വേണ്ടി വരുന്നത് 11,200 കോടി ഡോളറാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം അധികമാണിത്. പുതിയ പദ്ധതി വിജയകരമായി നടപ്പാക്കി 2030 ആകുമ്പോള്‍ ഹൈ സ്പീഡ് ഡീസലില്‍ അഞ്ചു ശതമാനം ബയോ ഡീസല്‍ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്ത് ക്രൂഡ് ഇറക്കുമതി കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.