ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികള്‍, പ്രായം കൂടിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ്.
ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
സംസ്ഥാന/ജില്ല ഭരണകൂടമോ, തദ്ദേശ സ്വയംഭരണ വകുപ്പോ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക, അന്തരീക്ഷ മലിനികരണത്തിന്റെ അളവ് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. Central Pollution Control Board ന്‍റെ ചുവടെ കൊടുത്തിരിക്കുന്ന ഇന്റര്‍നെറ്റ് അഡ്രസ്സില്‍ തത്സമയ വായു മലിനീകരണ തോത് അറിയുവാന്‍ കഴിയും; https://airquality.cpcb.gov.in/AQI_India/
AQI200 ഇല്‍ താഴെ ഉള്ള ഘട്ടങ്ങളിലും ചുവടെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ആരോഗ്യത്തെ മുന്‍നിര്‍ത്തി പാലിക്കുന്നത് ഉചിതമായിരിക്കും.
അനാവശ്യമായി പുറത്ത് ഇറങ്ങുന്നത് ഒഴിവാക്കുക.
കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തുറന്നിടുന്നത് ഒഴിവാക്കുക.
ജോഗിംഗ്, നടത്തം, അല്ലെങ്കിൽ വീടിനു പുറത്തുള്ള മറ്റ് ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കുക.
അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.
പുറത്തിറങ്ങേണ്ടി വന്നാല്‍ N95 മാസ്ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
വായു മലിനീകരണത്തിന്റെ അളവ് കൂടുതല്‍ മോശമാകാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വീടിനുള്ളില്‍ വിറക് അടുപ്പ് കത്തിക്കുകയോ, പുക വലിക്കുകയോ മറ്റും ചെയ്യാതിരിക്കുക.
കെട്ടിടങ്ങളിലെയും വാഹനങ്ങളിലെയും എയർ കണ്ടീഷണറുകളില്‍ വെളിയിലെ മലിനമായ വായുവുമായുള്ള സമ്പർക്കം ഒഴിവാക്കാൻ "റീ സർക്കുലേറ്റ്" മോഡ് ഉപയോഗിക്കുക.
വായു മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ വർദ്ധിപ്പിക്കുന്ന സിഗരറ്റ്, ബീഡി, മറ്റ് അനുബന്ധ പുകയില ഉൽപ്പന്നങ്ങൾ വലിക്കുന്നത് നിർത്തുക.
ധാരാളം പഴങ്ങൾ കഴിക്കുക, വെള്ളം കുടിക്കുക.
ആഹാര സാധനങ്ങള്‍ മൂടി വെച്ച് സൂക്ഷിക്കുകയും കൈയ്യും വായും മുഖവും നല്ലവണ്ണം കഴുകി ഭക്ഷണം കഴിക്കുകയും ചെയ്യുക.
ശ്വാസ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ നിത്യേന കഴിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക.
ഇൻഹേലര്‍, ഗുളികകള്‍ എല്ലാം പെട്ടെന്ന് എടുക്കാവുന്ന അകലത്തില്‍ സൂക്ഷിക്കുക.
ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക.
ശ്വാസതടസ്സം, ചുമ, നെഞ്ചിലെ അസ്വസ്ഥത / വേദന, തലകറക്കം, തലവേദന, മുതലായവ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക.
സംശയനിര്‍വാരണത്തിനായി ബന്ധപെടേണ്ട കൺട്രോൾ റൂം നമ്പറുകള്‍: 8075774769, 0484 2360802.
ബന്ധപ്പെട്ട വാർത്തകൾ: ആറളത്ത് ആഫ്രിക്കൻ പന്നിപ്പനി: 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം നിരോധിച്ചു