കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ആശ്വാസം നൽകുന്നതിനായി കാനറ ബാങ്ക് മൂന്ന് തരം വായ്പ പദ്ധതികൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ആരോഗ്യ ഇൻഷുറൻസ് ക്രെഡിറ്റ്, ബിസിനസ്, വ്യക്തിഗത വായ്പ എന്നിവ ഉപയോക്താക്കൾക്ക് നൽകുമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് അറിയിച്ചു.
കാനറ സുരക്ഷ പേഴ്സണൽ ലോൺ സ്കീം (Canara Suraksha personal loan scheme)
ഈ സ്കീം അനുസരിച്ച്, ആസ്‌പത്രി പ്രവേശനത്തിനിടയിലോ ഡിസ്ചാർജിനു ശേഷമോ കോവിഡ് -19 ചികിത്സയ്ക്കായി ഉപഭോക്താക്കൾക്ക് അടിയന്തിര സാമ്പത്തിക സഹായമായി ബാങ്ക് 25,000 മുതൽ 5 ലക്ഷം രൂപ വരെ വായ്പ നൽകും. കാനറ സൂരക്ഷ പദ്ധതി ആറുമാസത്തെ മൊറട്ടോറിയം വാഗ്ദാനം ചെയ്യും, ഈ പദ്ധതി 2021 സെപ്റ്റംബർ 30 വരെ ലഭ്യമാകും.
കാനറ ചികിത്സ ഹെൽത്ത് കെയർ വായ്പ (Canara Chikitsa healthcare credit facility)
രജിസ്റ്റർ ചെയ്ത ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, മെഡിക്കൽ പ്രാക്ടീഷണർമാർ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, പാത്തോളജി ലാബുകൾ തുടങ്ങി ആരോഗ്യ മേഖലയിൽ അടിസ്ഥന സേവനങ്ങളൊരുക്കുന്ന മുഴുവൻ ഹെൽത്ത് കെയർ യൂണിറ്റുകൾക്കും കാനറ ചികിത്സ ഹെൽത്ത് കെയർ വായ്പ ലഭിക്കും. 10 ലക്ഷം മുതൽ 50 കോടി രൂപ വരെയാണ് വായ്പയായി ലഭിക്കുക.10 വർഷമാണ് വായ്പ കാലാവധി. 18 മാസം വരെ മൊറട്ടോറിയവും ഉണ്ടായിരിക്കും. കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്ക് വായ്പ ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് 2022 മാർച്ച് 31 വരെ വായ്പ പദ്ധതികൾ ലഭിക്കും.
കാനറ ജീവൻരേഖ ഹെൽത്ത് കെയർ ബിസിനസ് വായ്പ (Canara Jeevanrekha healthcare business loan)
മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തുടങ്ങിയ ആരോഗ്യ ഉൽപ്പന്നങ്ങൾ നിർമിക്കുകയും രജിസ്റ്റർ ചെയ്ത ആശുപത്രികൾ, നഴ്‌സിംഗ് ഹോമുകൾ, മറ്റ് നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന കമ്പനികൾക്ക് നൽകുന്ന ബിസിനസ് വായ്പയാണ് കാനറ ജീവൻരേഖ ഹെൽത്ത് കെയർ. പദ്ധതിയ്ക്ക് കീഴിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകും.
ഈ വായ്പയ്ക്ക് പ്രോസസ്സിങ് ഫീസ് ഉണ്ടാവില്ല. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്‌എംഇ) ഈടില്ലാതെ വായ്പ ലഭിക്കും. മൈക്രോ, ചെറുകിട സംരംഭങ്ങൾക്കുള്ള (സിജിടിഎംഎസ്ഇ) ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിന് കീഴിൽ വായ്പക്കാർക്ക് ബാങ്ക് പരിരക്ഷ നൽകും. കൂടാതെ ഗ്യാരണ്ടി പ്രീമിയവും ബാങ്ക് തന്നെ വഹിക്കും.
മൂന്നാം കക്ഷി ഗ്യാരണ്ടിയോ ഈടോ ഇല്ലാതെ വ്യവസായങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് CGTMSE. MSME അല്ലാത്തവർക്ക്, കൊളാറ്ററൽ സെക്യൂരിറ്റി കുറഞ്ഞത് 25 ശതമാനമായിരിക്കും.