പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(Popular Front of India)യ്ക്കും എട്ട് അനുബന്ധ സംഘടനകൾക്കും (Ban on associate organisations) നിരോധനം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന യുഎപിഎയുടെ പരിധിയിൽ ഉൾപ്പെടുത്തി അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തുന്നതായി കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു.
ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.)യുടെ രാജ്യവ്യാപകമായ റെയ്ഡിനും നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണ് നടപടി. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് പിഎഫ്ഐയുടെ പ്രവർത്തനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം പൂട്ട് വച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: ഗുണഭോക്താക്കൾ വിവരങ്ങൾ നൽകണം, അവസാന തീയതി അറിയുക
ഇതുകൂടാതെ, PFIയുടെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (RIF), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (AIIC), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (NCHRO), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് ഫൗണ്ടേഷൻ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
നിരോധനത്തിന്റെ ഉത്തരവ് ലഭിച്ചാലുടൻ കേരളത്തിലെ പിഎഫ്ഐയുടെ ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കും. തുടർന്ന് പ്രവർത്തിക്കുകയോ സംഘടനകൾക്ക് സഹായം നൽകുകയോ ചെയ്താൽ 2 വർഷം വരെ തടവ് ലഭിക്കും.
സംഘടനയെ നിരോധിക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉന്നയിച്ചിരുന്നു. തുടർന്ന് അന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടി. സെപ്തംബർ 22, 27 തീയതികളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)യും സംസ്ഥാന പൊലീസും പിഎഫ്ഐയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
ആദ്യഘട്ട റെയ്ഡിൽ പി.എഫ്.ഐയുടെ 106 പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. രണ്ടാം ഘട്ട റെയ്ഡിൽ 247 പിഎഫ്ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു.
പിഎഫ്ഐ- നിരോധനം എന്തിന്?
രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ തകര്‍ക്കുന്ന രീതിയിൽ ക്രിമിനല്‍, ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയ്ക്ക് എതിരെ നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നു എന്നതും നടപടിയ്ക്കുള്ള കാരണമായി.
പിഎഫ്‌ഐയും അനുബന്ധ സംഘടനകളും (PFI and associate organisations) ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഉൾപ്പെട്ടിരുന്നു എന്നതിനും അന്വേഷണ ഏജൻസിയ്ക്ക് തെളിവുകൾ ലഭിച്ചു.
പോപ്പുലർ ഫ്രണ്ടും കേരളവും
പിഎഫ്ഐയ്ക്ക് പൂട്ട് വീണതിൽ കേരളവും നിർണായകമാകുന്നു. ഇതിന് കാരണം പോപ്പുലർ ഫ്രണ്ടിന്റെ രാജ്യത്തെ പ്രധാന കേന്ദ്രം കേരളമാണ് എന്നതാണ്. സംഘടനയുടെ പ്രധാന നേതാക്കളും അതുപോലെ ഏറ്റവും കൂടുതൽ പ്രാദേശിക യൂണിറ്റുകൾ ഉള്ളതും കേരളത്തിൽ നിന്നാണ്.
അഭിമന്യൂ, സജ്ഞിത്ത്, നന്ദു- കേരളം നടുങ്ങിയ കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിൽ എടുത്തുപറയുന്നുണ്ട്. ടി.ജെ ജോസഫ് എന്ന കോളേജ് പ്രൊഫസറുടെ കൈവെട്ടിയ കേസും പൊതുസ്വത്ത് നശിപ്പിക്കലും എല്ലാം പിഎഫ്ഐയുടെ ക്രിമിനല്‍ പ്രവർത്തനങ്ങളിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നു.