വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനു പിഴ ഈടാക്കുന്നുവെന്നതു വ്യാജപ്രചാരണമാണെന്നും നിയമങ്ങളില്‍ മാറ്റമില്ലെന്നും മോട്ടര്‍ വാഹനവകുപ്പ്. വാഹനത്തില്‍ മാറ്റം വരുത്താന്‍ നിയമപ്രകാരം അനുമതിയുള്ളത് എന്തൊക്കെ, എന്തൊക്കെ പാടില്ല:
അലോയ് വീലുകള്‍
വാഹനത്തിനു പുറത്തേക്കു തള്ളിനില്‍ക്കുന്ന അലോയ് വീലുകള്‍ നിയമവിരുദ്ധമാണ്. വാഹനങ്ങളുടെ കുറഞ്ഞ മോഡലുകളില്‍ ഉയര്‍ന്ന മോഡലുകളുടെ ടയര്‍ ഘടിപ്പിക്കുന്നതിനു തടസ്സമില്ല.
നമ്ബര്‍ പ്ലേറ്റ്
വായിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാകണം നമ്ബര്‍ പ്ലേറ്റുകള്‍. 2019 ഏപ്രില്‍ 1 മുതല്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ക്ക് ഹൈ സെക്യൂരിറ്റി നമ്ബര്‍ പ്ലേറ്റാണ്.
അതു മാറ്റാന്‍ പാടില്ല.
ക്രാഷ് ബാറുകള്‍
മുന്‍വശത്തും പിന്നിലും വാഹനത്തിന്റെ ബംപറില്‍ ബുള്‍ബാറുകള്‍, ക്രാഷ് ബാറുകള്‍ ഘടിപ്പിക്കുന്നതു നിയമവിരുദ്ധമാണ്.
കൂളിങ് പേപ്പര്‍
വാഹനത്തിന്റെ മുന്‍-പിന്‍ ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പുവരുത്തുന്ന ടിന്റഡ് ഗ്ലാസുകള്‍ ആകാം. എന്നാല്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് സ്റ്റിക്കര്‍ പാടില്ല.
സൈലന്‍സര്‍
വാഹനങ്ങളില്‍ കമ്ബനികള്‍ ഘടിപ്പിച്ചു വിടുന്ന സൈലന്‍സര്‍ മാത്രമേ പാടുള്ളൂ.
നിറം മാറ്റം
വാഹനങ്ങളുടെ നിറം മാറ്റുന്നതിനു തടസ്സമില്ല. മാറ്റം വരുത്തിയ ശേഷം ആര്‍ടി ഓഫിസില്‍ അറിയിക്കുകയും പരിവാഹന്‍ സൈറ്റില്‍ ഫീസടയ്ക്കുകയും ആര്‍സി ബുക്കില്‍ നിറം രേഖപ്പെടുത്തുകയും വേണം.
സ്റ്റിക്കര്‍
മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍, തുടങ്ങി ജോലി സംബന്ധമായ സ്റ്റിക്കറുകള്‍ അനുവദനീയമാണ്. എന്നാല്‍ മറ്റു വാഹന ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വലിയ സ്റ്റിക്കര്‍ അനുവദിക്കില്ല. സര്‍ക്കാരിന്റെ ബോര്‍ഡ് അനുവാദമില്ലാതെ വയ്ക്കാന്‍ പാടില്ല.
ഗ്ലാസുകളില്‍ കര്‍ട്ടന്‍
സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ ഒരു വാഹനത്തിലും കര്‍ട്ടന്‍ പാടില്ല. സെഡ് ക്ലാസ് സുരക്ഷയുള്ള വിഐപികള്‍ക്കു സെക്യൂരിറ്റിയുടെ ഭാഗമായി കര്‍ട്ടന്‍ ഉപയോഗിക്കാം.
ഹെഡ് ലൈറ്റുകള്‍
50-60 വാട്സ് വെളിച്ചത്തില്‍ കൂടാന്‍ പാടില്ല. എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കുന്ന രീതിയിലുള്ള ഹെഡ് ലൈറ്റുകളും എച്ച്‌ഐഡി ലൈറ്റുകളും നിയമവിരുദ്ധമാണ്.
സീറ്റ് മാറ്റാം
ജീപ്പ് പോലുള്ള വാഹനങ്ങള്‍ക്കു ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പുകള്‍ മാറ്റം വരുത്താം. ഓട്ടോറിക്ഷകളില്‍ സൈഡ് ഡോര്‍ സ്ഥാപിക്കാം. കാറുകളിലും മറ്റും സീറ്റുകള്‍ മാറ്റി സ്ഥാപിക്കാം. ഡ്രൈവിങ് സീറ്റും അതിന്റെ ഇടതു വശത്തുമുള്ള സീറ്റുമൊഴികെ ഏത് സീറ്റും മാറ്റുകയോ എണ്ണം കുറയ്ക്കുകയോ ചെയ്യാം. കമ്ബനി പറഞ്ഞിട്ടുള്ളതില്‍ കൂടുതല്‍ സീറ്റ് പാടില്ല.
വാഹന രേഖകള്‍
വാഹനങ്ങളുടെ രേഖകള്‍ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. ലൈസന്‍സിന്റെയും വാഹനങ്ങളുടെ ആര്‍സി ബുക്കിന്റെയും ഡിജിറ്റല്‍ കോപ്പികള്‍ എംപരിവാഹന്‍ സോഫ്റ്റ്‌വെയറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കാം. എംപരിവാഹന്‍ ആപ്പില്‍ ഇതു ലഭ്യമാണ്.
പരിശോധനയും പിഴയും ഓണ്‍ലൈനായി
വാഹന പരിശോധനയും പിഴയും ഡിജിറ്റലായതോടെ പിടികൂടുന്ന ഓഫിസര്‍ക്ക് അതില്‍ ഇളവോ വിട്ടുവീഴ്ചയോ സാധിക്കില്ല. റോഡ് നിയമം തെറ്റിക്കുന്ന വാഹനത്തിന്റെ ചിത്രം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ മൊബൈലിലെ ആപ്പില്‍ പതിഞ്ഞാല്‍ പിഴ വാഹന്‍ സോഫ്റ്റ്്‌വെയറാണു നിശ്ചയിക്കുക. അതിന്റെ സന്ദേശം വാഹന ഉടമയുടെ മൊബൈലിലേക്കു ചെല്ലും. പിഴ ഓണ്‍ലൈനായി അടയ്ക്കാം.
3 ദിവസം കഴിഞ്ഞും അടച്ചില്ലെങ്കില്‍ വീണ്ടും സന്ദേശമെത്തും. പിഴയടച്ചില്ലെങ്കില്‍ വെര്‍ച്വല്‍ കോടതിയിലേക്കു വിവരങ്ങള്‍ കൈമാറും. 90 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ വാഹനത്തെ കരിമ്ബട്ടികയില്‍പ്പെടുത്തും. വാഹന കൈമാറ്റവും ഇന്‍ഷുറന്‍സ് പുതുക്കലുമൊന്നും പിന്നെ സാധിക്കില്ല.
മുന്‍കാലങ്ങളില്‍ വാഹനത്തില്‍ ഏതുതരം മാറ്റത്തിനും 500 രൂപ മാത്രമായിരുന്നു പിഴ. പുതിയ നിയമ പ്രകാരം ഓരോ മാറ്റത്തിനും 5000 രൂപ വീതമാണു പിഴ.
അപ്പീല്‍ എങ്ങനെ
വാഹനത്തിനു പിഴ ചുമത്തി സന്ദേശം വന്നാല്‍ ഉടമയ്ക്കു ആര്‍ടിഒയ്ക്ക് അപ്പീല്‍ നല്‍കാം. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ രേഖകള്‍ പരിശോധിച്ച് നിയമപ്രകാരമല്ല പിഴ എങ്കില്‍ ശിക്ഷയിളവ് നല്‍കാന്‍ ആര്‍ടിഒയ്ക്ക് അധികാരമുണ്ട്.
കടപ്പാട് : രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ (Consumer group Mundur)