കേരളത്തിലെ പാലിന്റെ പ്രതിശീർഷ ലഭ്യത ഉയർത്താനുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അഞ്ചരക്കണ്ടി മുഴപ്പാലയിൽ കണ്ണൂർ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ 189 ഗ്രാമാണ് പാലിന്റെ പ്രതിശീർഷ ലഭ്യത. പല കാര്യത്തിലും നാം മുന്നിട്ടുനിൽക്കുകയാണെങ്കിലും ഇതിൽ നാം അൽപം പിറകിലാണ്. പാലിന്റെ ദേശീയ പ്രതിശീർഷ ലഭ്യത ഒരാൾക്ക് 250 ഗ്രാമാണ്. പ്രതിശീർഷ ലഭ്യത ഉയർത്തുന്നതിന്റെ ഭാഗമാണ് ഉരുക്കളെ വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതി നടപ്പാക്കുന്നത്. ഒപ്പം ക്ഷീര മേഖലയുടെ ആധുനികവത്കരണം, യന്ത്രവത്കരണം, തീറ്റപ്പുൽകൃഷി വ്യാപനം, മിൽക് ഷെഡ് വികസനം, ക്ഷീരസംഘങ്ങളുടെ ശാക്തീകരണം, കാലിത്തീറ്റ ധനസഹായ വിതരണം, പാലിന്റെ ഗുണനിലവാര നിയന്ത്രണം എന്നിവ ഈ ലക്ഷ്യത്തോടെ നടപ്പിലാക്കുകയാണ്.
ഇതിന് പുറമെ, അധികമുള്ള പാൽ സംസ്‌കരിക്കാൻ പാൽപ്പൊടി ഫാക്ടറിയുടെ നിർമ്മാണം മലപ്പുറം ജില്ലയിൽ അതിവേഗം നടക്കുന്നുണ്ട്. ക്ഷീരകർഷകരോട് അത്യന്തം അനുഭാവമുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ക്ഷീരസംഘങ്ങളിൽ പാൽ അളന്ന കർഷകർക്ക് ലിറ്ററിന് നാല് രൂപ പ്രോത്സാഹന വില നൽകാൻ 25 കോടി ചെലവഴിച്ചു കഴിഞ്ഞു. ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ രണ്ടര ലക്ഷം ക്ഷീരകർഷകർക്ക് 'ഓണമധുരം 2022' പദ്ധതിയിലൂടെ 250 രൂപ വീതം നൽകാൻ 6.25 കോടി രൂപ ചെലവഴിച്ചു.
കണ്ണൂർ ജില്ലയിൽ 15,000 ക്ഷീരകർഷകരിലൂടെ ഒന്നര ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. ഇതിൽ 72,000 ലിറ്റർ പാൽ മിൽമയ്ക്കും ബാക്കി 78,000 ലിറ്റർ പാൽ പ്രാദേശികമായുമാണ് നൽകുന്നത്. പരമ്പരാഗത ക്ഷീരസംഘങ്ങൾ ജനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്. അവർക്കെന്തെങ്കിലും പ്രയാസം വരുമെന്ന് ആശങ്ക വേണ്ട. പാലും പാൽ വിപണിയും അനുദിനം ശക്തിപ്പെടുകയാണ്. പശുവിനെ പരിപാലിക്കുക എന്നത് കേരളത്തിൽ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. കേരളം വലിയ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം തകർന്നു പോകാതെ പിടിച്ചുനിൽക്കാനും അതിജീവിക്കാനും ക്ഷീരമേഖലയ്ക്ക് കഴിഞ്ഞു. 2025ഓടെ പാലിന്റെ ഉത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും സ്വയംപര്യാപത്ത കൈവരിക്കാനാവുമോ എന്നാണ് സർക്കാർ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകനുള്ള അവാർഡ് അഞ്ചരക്കണ്ടിയിലെ കെ പ്രതീഷിനും ക്ഷീരമിത്ര അവാർഡ് തിരുമേനി സൊസൈറ്റിയിലെ കെ ജെ ജോസഫിനും ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിച്ച പരമ്പരാഗത ക്ഷീരസംഘത്തിനുള്ള അവാർഡ് അഞ്ചരക്കണ്ടി ക്ഷീരസംഘത്തിനും മുഖ്യമന്ത്രി സമ്മാനിച്ചു.
മൃഗസംരക്ഷണം-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ക്ഷീരമേഖലയിൽ കൂടുതൽ തുക വകയിരുത്തിയ ജില്ലാ പഞ്ചായത്തിനുള്ള അവാർഡ് കണ്ണൂർ ജില്ലാ പഞ്ചായത്തിന് മന്ത്രി ചിഞ്ചുറാണി സമ്മാനിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന വനിതാ ക്ഷീര കർഷകയ്ക്കുളള അവാർഡ് മാത്തിലിലെ പി രമണിക്കും ഏറ്റവും കൂടുതൽ പാൽ അളന്ന എസ്‌സി, എസ്ടി ക്ഷീര കർഷകനുള്ള അവാർഡ് കീഴ്പ്പള്ളിയിലെ അയ്യപ്പൻ നിരകല്ലുങ്കലിനും ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരസംഘം പ്രസിഡൻറിനുള്ള അവാർഡ് പൈസക്കരിയിലെ ജോർജ് ജോസഫിനും സമ്മാനിച്ചു. ഏറ്റവും കൂടുതൽ ഗുണനിലവാരമുള്ള പാൽ സംഭരിച്ച സംഘം കാർത്തികപുരം, ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ആപ്‌കോസ് സംഘം മാത്തിൽ, ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ ബ്ലോക്ക് പഞ്ചായത്ത് കൂത്തുപറമ്പ്, ഗ്രാമപഞ്ചായത്ത് മാങ്ങാട്ടിടം, മുനിസിപ്പാലിറ്റി ഇരിട്ടി എന്നിവയ്ക്ക് മന്ത്രി, എംപി, എംഎൽഎമാർ എന്നിവർ അവാർഡ് സമ്മാനിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകൾ; നെല്ലുസംഭരണം ഊർജ്ജിതമാവുന്നു