1. News

നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകൾ; നെല്ലുസംഭരണം ഊർജ്ജിതമാവുന്നു

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയിൽ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ സപ്ലൈകോയുമായി കരാറിലേർപ്പെടാനും നെല്ലുസംഭരണത്തിൽ സഹകരിക്കാനും തീരുമാനമായി. മില്ലുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.

Meera Sandeep
നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകൾ; നെല്ലുസംഭരണം ഊർജ്ജിതമാവുന്നു
നിസ്സഹകരണമവസാനിപ്പിച്ച് മില്ലുടമകൾ; നെല്ലുസംഭരണം ഊർജ്ജിതമാവുന്നു

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയിൽ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ സപ്ലൈകോയുമായി കരാറിലേർപ്പെടാനും നെല്ലുസംഭരണത്തിൽ സഹകരിക്കാനും തീരുമാനമായി. മില്ലുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.

ബന്ധപ്പെട്ട വാർത്തകൾ: നെല്ല് ഉണക്കിയെടുക്കാന്‍ പുതിയ യന്ത്രം

ഈ വർഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിന്യാസം, മിൽ അലോട്ട്‌മെന്റിനുള്ള സജ്ജീകരണം എന്നിവ ആഗസ്റ്റിൽ പൂർത്തിയായിരുന്നു. എന്നാൽ മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ ചില കാര്യങ്ങളിൽ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നെല്ലുസംഭരിച്ച് പ്രോസസ് ചെയ്ത് സർക്കാരിന് അരിയാക്കി തിരികെ നൽകുന്നതിന് വേണ്ടിയുള്ള കരാറിൽ ഏർപ്പെടാൻ തയ്യാറാവാതെ മാറിനിൽക്കുകയായിരുന്നു. ഇതുമൂലം നെല്ലുസംഭരണം മന്ദഗതിയിലായിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മരുഭൂമിയിലും വിളയുന്ന 'ഇൻഡിക്ക' നെല്ല്

നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ കേന്ദ്രസർക്കാർ 68 ശതമാനമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഒരു ക്വിന്റൽ നെല്ല് പ്രോസസ്സ് ചെയ്യുമ്പോൾ 68 കിലോ അരി ഇതുപ്രകാരം മില്ലുടമകൾ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് തിരികെ നല്കണം. എന്നാൽ കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം സംസ്ഥാനത്ത് ഇത് 64.5 ശതമാനം ആയി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ സമീപകാലത്ത് ഇപ്രകാരം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് വിധിച്ച് ഹൈക്കോടതി 68 ശതമാനം ഔട്ട് ടേൺ റേഷ്യോ പുനഃസ്ഥാപിച്ചു. ഇത് 64.5 ശതമാനം ആയി നിലനിർത്തണമെന്നതായിരുന്നു മില്ലുടമകളുടെ മുഖ്യ ആവശ്യം.

മില്ലുടമകൾക്ക് സപ്ലൈകോ കൈകാര്യചെലവിനത്തിൽ ക്വിന്റലിന് 214 രൂപ എന്ന നിരക്കിൽ നൽകുന്ന തുകയുടെ മേൽ പൂർണ്ണമായും അഞ്ച് ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തുന്നതിന് ജി.എസ്.ടി. കൗൺസിൽ കൈക്കൊണ്ട തീരുമാനം പിൻവലിക്കണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടിരുന്നു.

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സംഭരിച്ചുവെച്ച നെല്ല് നശിച്ചുപോയതിനാൽ സപ്ലൈകോയ്ക്കുണ്ടായ നഷ്ടം മൂലം പ്രോസസ്സിംഗ് ചാർജ്ജിനത്തിൽ നൽകേണ്ട 15.37 കോടി രൂപ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അത് അടിയന്തിരമായി അനുവദിച്ചുനൽകണമെന്നും കൈകാര്യച്ചെലവ് ക്വിന്റലിന് 214 രൂപ എന്നതിൽ നിന്ന് 286 രൂപയായി ഉയർത്തണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ മന്ത്രിതലത്തിൽ തന്നെ നിരവധി ചർച്ചകൾ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. നാല് മില്ലുകൾ മാത്രമാണ് നെല്ലുസംഭരണത്തിൽ സപ്ലൈകോയുമായി സഹകരിച്ച് കരാറൊപ്പിട്ടത്. ഈ മില്ലുകൾക്കായി ഇതിനോടകം 45655.87 മെട്രിക് ടൺ സംഭരണത്തിനായി അലോട്ട് ചെയ്യുകയും 7047 മെട്രിക് ടൺ സംഭരിക്കുകയും ചെയ്തിട്ടുണ്ട്.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി എറണാകുളത്താണ് മില്ലുടമ സംഘടനയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്.  ഉന്നയിച്ച വിഷയങ്ങളിൽ ഒരു മാസത്തിൽ അനുഭാവപൂർണ്ണമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നുമാസത്തേക്ക് (2023 ജനുവരി 31 വരെ) നെല്ലു സംഭരിക്കാനുള്ള കരാറാണ് മില്ലുടമകൾ സപ്ലൈകോയുമായി ഒപ്പിടുക. ഔട്ട് ടേൺ റേഷ്യോ 64.5 ശതമാനം തന്നെയായി നിലനിർത്തണമെന്നതാണ് സർക്കാർ നിലപാട് എന്നും കോടതിയുടെ ഉത്തരവിനെ തിരുത്തുന്നതിന് ആവശ്യമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി. കൈകാര്യച്ചെലവിന് പൂർണ്ണമായി ജി.എസ്.ടി. ചുമത്തുന്നതിന് കേരളസർക്കാർ എതിരാണ്. ഈ കാര്യം ധനകാര്യമന്ത്രി വഴി ജി.എസ്.ടി. കൗൺസിലിൽ ഉന്നയിച്ചു മാറ്റം വരുത്താൻ നടപടി സ്വീകരിക്കും. പ്രോസസ്സിംഗ് ചാർജ്ജിനത്തിൽ സപ്ലൈകോയിൽനിന്ന് ലഭിക്കണമെന്ന് മില്ലുടമകൾ ആവശ്യപ്പെടുന്ന തുക സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽ നിന്ന് അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ അതിന്റെ സ്റ്റേറ്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി അടിയന്തിരമായി വിളിച്ചു ചേർക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്കി. കൈകാര്യച്ചെലവ് വർദ്ധിപ്പിക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും.

സംസ്ഥാനത്തെ 54 മില്ലുകൾ കൂടി വെള്ളിയാഴ്ച മുതൽ നെല്ലുസംഭരണം ആരംഭിക്കുന്നതോടെ കർഷകർക്ക് വലിയ തോതിൽ ആശ്വാസമാകും. കർഷകതാല്പര്യം സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുമായുള്ള ചർച്ചയിൽ കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷൻ നേതാക്കളായ കെ.കെ. കർണ്ണൻ, വർക്കി പീറ്റർ, പവിഴം ആന്റണി എന്നിവർ പങ്കെടുത്തു.

English Summary: Mill owners ended non-cooperation; Paddy storage is boosted

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds