Updated on: 2 January, 2021 7:30 AM IST

പുതുവത്സരനാളിൽ സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്കുവേണ്ടി പത്ത് കാര്യങ്ങൾ കൂടി പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവ സമയബന്ധിതമായി നടപ്പിൽവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനോ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ സർക്കാർ ഓഫീസുകളിലേക്ക് വയോധികർ നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയിൽ ക്രമീകരണം ഏർപ്പെടുത്തും. ഈ ജനുവരി പത്തിനുമുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും.

മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡി ആർഎഫിലെ സഹായം, അത്യാവശ്യ ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുന്ന സേവനങ്ങൾ.ക്രമേണ ഇവർക്കുള്ള എല്ലാ സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽ പോയി പരാതി സ്വീകരിച്ച് അധികാരികൾക്ക് എത്തിച്ച് തുടർനടപടികളുടെ വിവരം വിളിച്ച് അറിയിക്കാൻ സംവിധാനമുണ്ടാക്കും. ഇതിന് സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിനിയോഗിക്കും

65 വയസ്സിനു മുകളിലുള്ള ആളുകൾ താമസമുള്ളതും (പ്രത്യേകിച്ച് മറ്റുള്ളവരുടെ സഹായം ഇല്ലാതെ താമസിക്കുന്നവർ) ഭിന്നശേഷിക്കാർ (കാഴ്ചശക്തി, കേൾവി, ചലനശേഷി എന്നീ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ) ഉള്ളതും ആയ വീടുകളുടെ വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആ പ്രദേശത്തെ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഭവന സന്ദർശനത്തിലൂടെ സർക്കാർ സേവനങ്ങളുടെ ആവശ്യം ഉണ്ടോയെന്ന് അന്വേഷിച്ച് മേൽപ്പറഞ്ഞ സേവനങ്ങൾ ലഭ്യമാക്കാനുള്ള തുടർനടപടികൾ സ്വീകരിക്കും. ഈ പരിപാടി ജനുവരി 15ന് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ കളക്ടർമാരും ഈ പരിപാടി ഏകോപിപ്പിക്കും.

പഠന താൽപ്പര്യമുള്ള, എന്നാൽ സാമ്പത്തികശേഷി കുറവുള്ള വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള അന്താരാഷ്ട്ര സർവകലാശാലകളിൽ പോയി പഠിക്കുന്നതിന് പലപ്പോഴും കഴിയാതെ വരുന്നെന്ന പോരായ്മ പരിഹരിക്കാനുള്ള ശ്രമം എന്ന നിലയിൽ സർക്കാർ 'എമിനൻറ് സ്‌കോളേഴ്സ് ഓൺലൈൻ' എന്ന പരിപാടി ആരംഭിക്കും. ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞർ, സാമൂഹ്യശാസ്ത്രജ്ഞർ, ഭാഷാ വിദഗ്ദ്ധർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി നമ്മുടെ കോളേജ്-സർവ്വകലാശാലകളിലെ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കും. ഒരേസമയം എല്ലാ ജില്ലകളിലെയും പ്രത്യേക കേന്ദ്രങ്ങളിൽ (സർക്കാർ കോളേജിലെ ക്ലാസ് മുറികളിൽ/ ഓഡിറ്റോറിയങ്ങളിൽ) ഇവരുടെ പ്രഭാഷണങ്ങൾ ഓൺലൈനായി കേൾപ്പിക്കാനും അവരോട് സംവദിക്കാനുമുള്ള അവസരമുണ്ടാക്കും. വിക്ടേഴ്സ് പോലുള്ള ചാനലുകൾ വഴിയും ഈ സൗകര്യം ഒരുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും ഈ പരിപാടി. ആദ്യ പ്രഭാഷണം ജനുവരിയിൽ നടത്തും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (വാർഷികവരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള) കുടുംബങ്ങളിൽ നിന്നുള്ള ബിരുദപഠനം സ്തുത്യർഹമായ രീതിയിൽ പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ ധന സഹായ പദ്ധതിപ്രകാരം നൽകും. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ഈ വിഭാഗത്തിനുള്ളിൽ മാർക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുക.
അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവർക്ക് ഇത് പരാതിപ്പെടുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുള്ളതിനാൽ ഇതിനു പരിഹാരമായി 'അഴിമതിമുക്ത കേരളം' പരിപാടി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ആരംഭിക്കും.

അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ് വെയറിലൂടെ പരാതി ഉന്നയിക്കാം. സർക്കാർ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികൾ ഉന്നയിക്കാൻ അവസരമുണ്ടാക്കുക. വിവരം നൽകുന്ന ആളുകൾ ഒരു സർക്കാർ ഓഫീസിൻറെയും പടി ചവിട്ടേണ്ടിവരില്ല. പരാതികൾ സോഫ്റ്റ്യെറിൽ ശേഖരിച്ച് അതിന്റെ നിജസ്ഥിതി ശാസ്ത്രീയ മാനദണ്ഡ ങ്ങളിലൂടെ മനസ്സിലാക്കി ആവശ്യമായ നടപടികൾക്കായി ഈ അതോറിറ്റി കൈമാറും. വിജിലൻസ്/ വകുപ്പുതല നടപടികൾക്ക് ഇതിനുശേഷം ആവശ്യമെങ്കിൽ അനുമതി നൽകും.

ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികൾ രണ്ട് ഉയർന്ന ഉദ്യോഗസ്ഥർ കണ്ടശേഷമാണ് അനുമതി നൽകുക. കഴമ്പില്ലാത്ത ആരോപണങ്ങൾ ശാസ്ത്രീയമായ ഫിൽട്ടറിങ്ങിലൂടെ കടന്നുവരികയുമില്ല. സത്യസന്ധമായ സിവിൽ സർവീസും പൊതുസേവന രംഗവും വാർത്തെടുക്കാനുള്ള ഉദ്യമത്തിൽ നാഴികക്കല്ലായിരിക്കും ഈ പരിപാടി.
കുട്ടികളുടെ ഇടയിലെ ആത്മഹത്യാ പ്രവണത സമൂഹത്തെ വളരെയധികം അലോസരപ്പെടുത്തുന്നു. ഈ വിഷയം വിശകലനം ചെയ്ത വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. നിലവിൽ 1024 സ്‌കൂൾ കൗൺസലർമാർ കോൺട്രാക്ട് അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ എണ്ണം ഇരട്ടിയാക്കും. കൗൺസലർമാരുടെ സമയോചിതമായ ഇടപെടൽ ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്ന കുട്ടികളുടെ മാനസിക നില ശരിയായി നിലനിർത്തുന്നതിന് സഹായകരമാകും. കൗൺസലർമാരുടെ സേവനം കൂടുതൽ വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും. മാസത്തിൽ രണ്ടു തവണ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പങ്കാളിത്തത്തോടെ ബ്ലോക്ക് തലത്തിൽ രക്ഷാകർത്താക്കൾക്കായുള്ള കൗൺസലിങ് സേവനവും ലഭ്യമാക്കും.

സ്‌കൂളുകളിൽ 20 കുട്ടികളെ ശ്രദ്ധിക്കാൻ ഒരു അധ്യാപികയോ അധ്യാപകനോ എന്ന നിലയിൽ ക്രമീകരണം ഏർപ്പെടുത്തും. കുട്ടികളുടെ കുടുംബസാഹചര്യം ഉൾപ്പെടെ മനസ്സിലാക്കി വേണ്ട ശ്രദ്ധയും പരിഗണനയും നൽകാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വിവിധ തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി ഓൺലൈൻ കൺസൾട്ടേഷൻ ഏർപ്പെടുത്തും. ഇതിനായി സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയർന്ന വനിതാ പൊലീസ് ഓഫീസർ എന്നിവർ ജില്ലാതലത്തിൽ നേതൃത്വം നൽകും. മുൻകൂട്ടി നിശ്ചയിച്ച അപ്പോയിൻറ്മെൻറ് പ്രകാരം ഇവരുടെ പ്രശ്നങ്ങൾ കേൾക്കുകയും സാധ്യമായ പരിഹാരം നിർദ്ദേശിക്കുകയും ചെയ്യും. ഓൺലൈൻ കൗൺസലിങ്ങിനിടെ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്ന സംവിധാനമുണ്ടാക്കും. സ്ത്രീകൾ ഇതിൽ പരാതി പറയാനായി ഓഫീസുകളിൽ നേരിട്ട് പോകേണ്ട ആവശ്യം ഉണ്ടാകില്ല.

നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ 201920 പ്രകാരം സംസ്ഥാനത്തെ 39.4 ശതമാനം കുട്ടികൾക്ക് അനീമിയ ഉണ്ട്. ദേശീയ ശരാശരി 60.2 ശതമാനമാണ്. അനീമിയ കുറച്ചുകൊണ്ടുവരാനായി പ്രത്യേക പരിപാടി ആരംഭിക്കും. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കിടയിൽ എത്രപേർക്ക് അനീമിയ ഉണ്ട് എന്ന പരിശോധന തദ്ദേശ സ്ഥാപനങ്ങളുടെ തലത്തിൽ നടത്തും. അങ്കണവാടിയിലെ ജീവനക്കാർക്ക് അടക്കം ഈ ലളിതമായ പരിശോധന നടത്താനുള്ള പരിശീലനം നൽകും.

കൗമാരപ്രായക്കാരിൽ ഹീമോഗ്ലോബിൻ അളവ് ഡെസിലിറ്ററിന് 12 ഗ്രാമെങ്കിലും എത്തിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 15നു മുമ്പ് സംസ്ഥാനതലത്തിൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പരിശോധന പൂർത്തിയാക്കും. വിളർച്ച ബാധിച്ചതായി പരിശോധനയിൽ കണ്ടെത്തുന്ന കുട്ടികൾക്ക് പോഷകാഹാര സാധനങ്ങൾ എത്തിക്കാനുള്ള നടപടി ഫെബ്രുവരിയിൽ തന്നെ ഉണ്ടാകും. കടുത്ത രീതിയിൽ വിളർച്ച ബാധിച്ച കുട്ടികൾക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. വനിത-ശിശുക്ഷേമ വകുപ്പ് ഇക്കാര്യത്തിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരിമിതികൾക്കുള്ളിലും പരമ്പരാഗത നിർമാണ രീതികളിൽ നിന്നും വ്യത്യസ്തമായി പ്രകൃതി സൗഹൃദമായ ചില ഘടകങ്ങൾ ഉപയോഗിച്ച് നടത്തുന്ന ഗാർഹിക നിർമാണങ്ങൾക്ക് സർക്കാർ പ്രത്യേക പ്രോത്സാഹനം നൽകും. മരംമുറിക്കൽ ഒഴിവാക്കുക, നിലംനികത്തൽ ഒഴിവാക്കുക, സാധ്യമാകുന്നത്ര പ്രീഫാബ് സാങ്കേതിക വിദ്യ ഉപയോഗിക്കുക, കിണറുകളും ശുദ്ധജലസ്രോതസുകളും കുടിവെളള ആവശ്യത്തിന് വിനിയോഗിക്കാൻ കഴിയുന്ന രീതിയിൽ നിലനിർത്തുക എന്നിങ്ങനെ സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡ ങ്ങൾക്കനുസൃതമായി പ്രകൃതിസൗഹൃദ നിർമാണ രീതി അവലംബിക്കുന്ന ഗാർഹിക നിർമാണങ്ങൾക്ക് ആദ്യം ഒറ്റത്തവണയായി അടക്കുന്ന കെട്ടിടനികുതിയിൽ നിശ്ചിത ശതമാനം 'ഗ്രീൻ റിബേറ്റ്' അനുവദിക്കും.

ഇതിനായുള്ള മാനദണ്ഡങ്ങളും റിബേറ്റിന്റെ ശതമാനവും പരിസ്ഥിതി-ധനകാര്യ വകുപ്പുകളുമായി ആലോചിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് 2021 ജനുവരി മാസത്തിൽ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. കൃത്യമായി നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി സ്വയം സാക്ഷ്യപ്പെടുത്തുന്ന തെളിവുകളോടുകൂടി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ അനുവദിക്കുന്നതിനുമുമ്പ് സർക്കാർ ഉദ്യോഗസ്ഥരുടെ സന്ദർശനവും ഇൻസ്പെക്ഷനും ഉണ്ടാകുന്നതല്ല. എന്നാൽ അപേക്ഷകളുടെ റാൻറം സെലക്ഷൻ നടത്തി ഒരു ഉദ്യോഗസ്ഥ സമിതി പരിശോധന നടത്തും. രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയാൽ റിബേറ്റ് പിഴയോടുകൂടി തിരിച്ചടക്കേണ്ടിവരും.
പ്രാദേശികതലത്തിൽ ആളുകൾക്ക് പ്രഭാത-സായാഹ്ന സവാരി നടത്താനും കുട്ടികൾക്ക് കളിക്കാനും പൊതുഇടങ്ങൾ അനിവാര്യമാണ്. എല്ലാ വില്ലേജുകളിലും ഇത്തരം പൊതുഇടം ഉണ്ടാക്കുക ഒരു ലക്ഷ്യമായി പ്രഖ്യാപിക്കുകയാണ്. പരിപാടിയുടെ ആദ്യഘട്ടമായി ഇത്തരം പൊതുഇടങ്ങൾ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനുമുമ്പ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ഉള്ള പൊതുഇടങ്ങൾ വൃത്തിഹീനമായും കാടുപിടിച്ചും കിടക്കുന്നുണ്ടെങ്കിൽ അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം വിനിയോഗിച്ച് വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഘട്ടംഘട്ടമായി ഈ പരിപാടി വ്യാപിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ എല്ലാ വില്ലേജുകളിലും ഒരു പൊതു ഇടമെങ്കിലും ഉണ്ടായിരിക്കണം എന്ന ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നത്.
വയോജനങ്ങൾക്ക് ഒത്തുകൂടാനുള്ള സ്ഥലങ്ങൾ പലയിടത്തും ഇപ്പോഴുണ്ട്. അത് വ്യാപിപ്പിക്കും. പ്രാദേശികമായി എല്ലാ വയോജനങ്ങൾക്കും ഒത്തുചേർന്ന് ക്രിയാത്മകമായി സമയം ചെലവഴിക്കാൻ പറ്റുന്ന സംവിധാനത്തെക്കുറിച്ചാണ് ആലോചിക്കുന്നത്.
'സത്യമേവ ജയതേ' എന്ന പേരിൽ ഒരു ഡിജിറ്റൽ/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇൻറർനെറ്റിനെയും സ്മാർട്ട്ഫോണിനെയും ആശ്രയിക്കുന്നതിന്റെ തോത് വർധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇൻറർനെറ്റിനെയും സോഷ്യൽ മീഡിയയെയും നിയന്ത്രിക്കുന്ന നിയമങ്ങളും മാനദണ്ഡങ്ങളും പൗരൻമാർ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. മുന്നിലെത്തുന്ന സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവുണ്ടാവുകയാണ് പ്രധാനം.

ഡിജിറ്റൽ മീഡിയയെക്കുറിച്ച് സ്‌കൂളുകളിലൂടെയും കോളേജുകളിലൂടെയും പഠിപ്പിക്കും. ഇതിനായി പാഠ്യപദ്ധതി വികസിപ്പിക്കാൻ സ്‌കൂളുകളെയും കോളേജുകളെയും പ്രോത്സാഹിപ്പിക്കും.

പ്രവാസിക്ഷേമത്തിനും പദ്ധതി നടപ്പാക്കും. കോവിഡ് മഹാമാരിയുടെ ഗുരുതരമായ പ്രത്യാഘാതം വളരെയധികം അനുഭവിച്ചവരാണ് നമ്മുടെ പ്രവാസികൾ. ഇവരിൽ പലർക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.

മടങ്ങിവന്ന പ്രവാസികളിൽ പലർക്കും അവർ പിരിഞ്ഞുവന്ന സ്ഥാപനങ്ങളിൽനിന്നും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല. ഇക്കാരണങ്ങളാൽ അവർ കടുത്ത മാനസികസമ്മർദ്ദത്തിലാണ്. ഇവർക്ക് ആവശ്യമുള്ള സർക്കാർ രേഖകൾ ലഭ്യമാക്കാൻ അപേക്ഷിച്ചാൽ 15 ദിവസത്തി നുള്ളിൽ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. നിയമപരമായി നടപടിക്രമങ്ങൾ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട കാലയളവുണ്ടെങ്കിൽ അത് ഇതിൽ ഉൾപ്പെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :തീരമൈത്രി സീഫുഡ് റെസ്റ്റോറന്റ് തുടങ്ങുന്നതിന് അപേക്ഷിക്കാം

English Summary: CM on New Year's Day with ten things for the common people of the state
Published on: 01 January 2021, 10:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now