ഗ്യാസ് കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദ്ദേശമനുസരിച്ച് നിരവധി ആളുകളാണ് ഗ്യാസ് ഏജൻസികളിൽ എത്തിച്ചേരുന്നത്. മുൻപും ഇത്തരത്തിൽ നിർദ്ദേശം വന്നിരുന്നുവെങ്കിലും പലർക്കും അന്ന് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. മാർച്ച് 31 നാളെയാണ് അവസാന ദിവസമെന്നിരിക്കെ വലിയ തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. ആരുടെ പേരിലാണോ ഗ്യാസ് കണക്ഷൻ, അയാൾ നേരിട്ട് ബന്ധപ്പെട്ട രേഖകളുമായി ഗ്യാസ് ഏജൻസിയിൽ എത്തിച്ചേരണം.
പഴയ കണക്ഷൻ എടുത്തവരിലാണ് ഇത്തരത്തിൽ ആധാറുമായി ഗ്യാസ് കണക്ഷൻ ഇല്ലാത്തത്. പുതുതായി കണക്ഷൻ എടുത്തവർക്ക് ഇത്തരത്തിൽ പ്രശ്നം നേരിടണ്ടിവരുന്നില്ല.കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് പ്രകാരം ഭാരത്പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നത്. ഗ്യാസ് ആരുടെ പേരിലാണോ അയാള്‍ ആണ് ഏജന്‍സിയില്‍ എത്തേണ്ടത്. ഗ്യാസ് കണക്ഷന്‍ ബുക്കും ആധാര്‍ കാര്‍ഡും കൈവശം ഉണ്ടായിരിക്കണം.
കണക്ഷൻ വിദേശത്തുള്ള ആളിന്റെ പേരിൽ ആണെങ്കിൽ വീട്ടിലെ മറ്റൊരാളിൻ്റെ പേരിലേക്ക് മാറ്റുകയും അത് ആധാറുമായി ബന്ധിപ്പിക്കുകയും വേണം എന്നാണ് നിർദ്ദേശം. ഗ്യാസ് കണക്ഷൻ ആരുടെ പേരിലേക്കാണോ മാറ്റുന്നത് അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവയാണ് കൈവശം ഉണ്ടായിരിക്കേണ്ടത്.കഴിഞ്ഞ ദിവസങ്ങളിൽ അവധി ഉണ്ടായിരുന്നതിനാൽ പലയിടത്തും തിരക്കുകൂടുന്ന അവസ്ഥയാണ്.പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച നിർദ്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു.