ആറംഗകുടുംബത്തിന് ഭക്ഷണം ഉണ്ടാക്കുന്നത് മുന്നീദേവിയെ സംബന്ധിച്ചെടുത്തോളം ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ജോലി തന്നെയായിരുന്നു. തീച്ചൂളയില്‍ നിന്നുളള പുകയും മറ്റും അവരെ ഒരു നിത്യരോഗിയാക്കി മാറ്റിയിരുന്നു.
എന്നാലിത് മാസങ്ങള്‍ മുമ്പുളള കഥയാണ്. ഇന്ന് മുന്നീദേവിയ്ക്ക് പാചകം ഒരു പ്രയാസമേയല്ലാതായി മാറിയിരിക്കുന്നു. ഗ്രാമത്തില്‍ നടപ്പിലാക്കിയ മാലിന്യത്തില്‍ നിന്ന് പാചകവാതകം എന്ന പദ്ധതിയില്‍ പങ്കാളിയായതോടെ പ്രയാസങ്ങളെല്ലാം നീങ്ങി.
ബീഹാറിലെ സുകേത് ഗ്രാമപഞ്ചായത്തില്‍ വീട്ടമ്മമാരെല്ലാം ഇപ്പോള്‍ സന്തോഷവതികളാണ്. ചാണകം കൊണ്ടുവരൂ പാചകവാതകവുമായി മടങ്ങാം എന്ന വാചകമാണ് ഇവിടെയാകെ മുഴങ്ങുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡോ രാജേന്ദ്രപ്രസാദ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ക്ലൈമറ്റ് വിജിലന്റ് അഗ്രിക്കള്‍ച്ചര്‍ പദ്ധതിയിലേക്ക് സുകേത് ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി വീട്ടുമാലിന്യങ്ങളില്‍ നിന്നും ചാണകത്തില്‍ നിന്നുമെല്ലാം മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കുന്ന വിദ്യ ഗ്രാമവാസികള്‍ക്കായി പരിചയപ്പെടുത്തി.
ഗ്രാമവാസികളില്‍ നിന്നുതന്നെയാണ് ചാണകവും വീട്ടുമാലിന്യങ്ങളുമെല്ലാം ശേഖരിച്ചത്. ഇതിന് പകരം സൗജന്യമായി പാചകവാതക സിലിണ്ടറുകള്‍ ഓരോ കുടുംബത്തിലേക്കും നിറച്ചുനല്‍കി. യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ. രമേഷ് ചന്ദ്ര ശീവാസ്തവയായിരുന്നു ഈ ആശയത്തിന് പിന്നില്‍. ഗ്രാമീണകര്‍ഷകര്‍ക്കിടയില്‍ തന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് ഗ്രാമത്തെ സ്വയംപര്യാപ്തമാക്കുകയായിരുന്നു ലക്ഷ്യം.
പിഎം ഉജ്വല യോജ പദ്ധതിയിലൂടെ 2016ല്‍ സുകേത് ഗ്രാമപഞ്ചായത്തിലും നിരവധി കുടുംബങ്ങളിലേക്ക് പാചകവാതക സിലിണ്ടറുകള്‍ വിതരണം നടത്തിയിരുന്നു. എന്നാല്‍ എല്‍പിജി വില വര്‍ധനവ് പാവങ്ങളായ ഗ്രാമവാസികള്‍ക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു.
സിലിണ്ടറുകള്‍ വീണ്ടും നിറയ്ക്കാനുളള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ അവ ഉപയോഗശൂന്യമായിക്കിടന്നു. അതിനാല്‍ ഉണങ്ങിയ ചാണകപ്പൊടിയും മരത്തടികളുമെല്ലാം അവര്‍ പാചകാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുതുടങ്ങി. ഇക്കാര്യം പഞ്ചായത്തില്‍ നടത്തിയ ഒരു സര്‍വ്വേയിലൂടെ ഡോ രാജേന്ദ്രപ്രസാദ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് ഇതിനുളള പരിഹാരമാര്‍ഗവുമായി യൂണിവേഴ്‌സിറ്റി അധികൃതര്‍ സുകേത് പഞ്ചായത്തിലെത്തുന്നത്.
ഇപ്പോള്‍ പഞ്ചായത്തിലെ വീടുകള്‍ തോറും ചെന്നെത്തി വീട്ടുമാലിന്യങ്ങള്‍ ശേഖരിയ്ക്കുകയും പകരമായി പാചകവാതക സിലിണ്ടറുകള്‍ നിറച്ചുനല്‍കുകയും ചെയ്യുന്നു. രണ്ട് മാസത്തിലൊരിക്കല്‍ 1,200 കിലോ മാലിന്യം നല്‍കുന്ന കുടുംബങ്ങള്‍ സൗജന്യ സിലിണ്ടറിന് അര്‍ഹത നേടുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഈ ഗ്രാമം പാചവാതകത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമായി. മാത്രമല്ല പദ്ധതിയിലൂടെ നിരവധി ഗ്രാമവാസികള്‍ തൊഴിലും ലഭിയ്ക്കുന്നുണ്ട്.
കടപ്പാട് : ദ് ബെറ്റര്‍ ഇന്ത്യ
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/subsidy-for-biogas-plant-allowed-center-government/