Updated on: 18 March, 2023 7:22 AM IST
പാപ്പനംകോട്ടെ എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ വണ്‍ വീക്ക് വണ്‍ ലാബ് സമ്മേളനത്തിലെ 'ശ്രീ അന്ന' സെമിനാര്‍ സി.എസ്.ഐ.ആര്‍-എന്‍.ബി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ ഷസാനി ഉദ്ഘാടനം ചെയ്യുന്നു. എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, സി.എസ്.ഐ.ആര്‍-ഐ.ഐ.പിയിലെ ഡോ.അന്‍ജാന്‍ റേ, എന്‍.ഐഎഫ്.ടി.ഇ.എം ഡയറക്ടര്‍ ഡോ. എം ലോകനാഥന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ഈ വര്‍ഷാവസാനത്തോടെ ചെറുധാന്യങ്ങളുടെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രപദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.എസ്.ഐ.ആര്‍- എന്‍.ഐ.ഐ.എസ്.ടി (കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി)ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അറിയിച്ചു. എന്‍.ഐ.ഐ.എസ്.ടിയുടെ വണ്‍ വീക്ക് വണ്‍ ലാബ് സമ്മേളനത്തില്‍ ചെറുധാന്യങ്ങളെക്കുറിച്ച് നടത്തിയ 'ശ്രീ അന്ന' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുധാന്യങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രീയ-സുസ്ഥിര കൃഷിരീതി അവലംബിക്കുകയും ചെയ്യുന്നതിലൂടെ ലോകത്തിന്‍റെ ചെറുധാന്യ കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ഇതിലൂടെ എന്‍.ഐ.ഐ.എസ്.ടി ഉദ്ദേശിക്കുന്നത്.

ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് നിരവധി അവബോധ പരിപാടികള്‍ നടക്കുന്നുണ്ടെങ്കിലും അവയുടെ കൃഷി, മൂല്യവര്‍ധന, പ്രോത്സാഹനം എന്നിവയിലുള്ള നിരവധി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ടെന്ന് ഡോ. അനന്തരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇവയെല്ലാം പരിഹരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ഈ വര്‍ഷാവസാനമാകുമ്പോഴേക്കും പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ശാസ്ത്രീയ കൃഷിരീതിയും ധാന്യങ്ങള്‍ ഏറെ നാള്‍ കേടുകൂടാതെ സൂക്ഷിക്കുകയെന്നതുമാണ് ചെറുധാന്യ ഉത്പാദനത്തിലെ വെല്ലുവിളി. നെല്ലിന് ലഭിച്ചതു പോലുള്ള ഔദ്യോഗിക പിന്തുണ ഇതുവരെ ചെറുധാന്യങ്ങള്‍ക്ക് ലഭിച്ചിട്ടില്ലാത്തിനാല്‍ അവയുടെ കൃഷി സങ്കീര്‍ണവും കൂടുതല്‍ അധ്വാനവും വേണ്ടതാണ്. ഉത്പാദനം വര്‍ധിപ്പിക്കാന്‍ കൃഷിയിടങ്ങളിലെ യന്ത്രങ്ങളുടെ ഉപയോഗവും അത്യന്താപേക്ഷിതമാണെന്നും അനന്തരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഗുണമേന്മയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി കാര്‍ഷിക, വ്യവസായ മേഖലകളില്‍ ലോകോത്തര നിലവാരമുള്ള ഭക്ഷ്യ സംസ്കരണ സാങ്കേതികവിദ്യകള്‍ ആവശ്യമാണെന്ന് സി.എസ്.ഐ.ആര്‍-എന്‍.ബി.ആര്‍.ഐ ഡയറക്ടര്‍ ഡോ. അജിത്കുമാര്‍ ഷസാനി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പോഷകാഹാര ഉത്പന്നങ്ങളിലും എളുപ്പത്തില്‍ നശിച്ചുപോകുന്ന ഉത്പന്നങ്ങളുടെ സംസ്കരണ സാങ്കേതിക വിദ്യയിലും സമയബന്ധിതമായ ഗവേഷണ പരിപാടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക സഹായത്തിനപ്പുറം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കായുള്ള ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ ചെറുധാന്യങ്ങളുടെ കൃഷി ലാഭകരമാക്കാന്‍ ആവശ്യമാണെന്ന് തഞ്ചാവൂരിലെ എന്‍.ഐഎഫ്.ടി.ഇ.എം ഡയറക്ടര്‍ ഡോ. എം ലോകനാഥന്‍ പറഞ്ഞു. ചെറുധാന്യങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിപണിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രമാനുഗതമായ മാര്‍ഗത്തിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം അവയുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും വേണമെന്ന് ബംഗളൂരുവിലെ ഹോര്‍ട്ടികള്‍ച്ചര്‍ സയന്‍സ് സര്‍വകലാശാല സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ഡോ. അശോക് എസ്. ആളൂര്‍ പറഞ്ഞു. നയകര്‍ത്താക്കളും ശാസ്ത്രസമൂഹവും ഒന്നിച്ചുവന്നാല്‍ ഇന്ത്യയെ ചെറുധാന്യങ്ങളുടെ കേന്ദ്രമാക്കാന്‍ കൃഷിക്കാരെ സഹായിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സി.എസ്.ഐ.ആര്‍-ഐ.ഐ.പിയിലെ ഡോ. അന്‍ജാന്‍ റേ, സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി അഗ്രോ പ്രൊസസിങ് ആന്‍ഡ് ടെക്നോളജി ഡിവിഷന്‍ ഹെഡ് വി.വി വേണുഗോപാല്‍, സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി അഗ്രോ പ്രൊസസിങ് ആന്‍ഡ് ടെക്നോളജി ഡിവിഷന്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. പി. നിഷ എന്നിവര്‍ സംബന്ധിച്ചു.
മില്ലറ്റ് കോണ്‍ക്ലേവ് വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സി.എസ്.ഐ.ആര്‍ ന്യൂഡല്‍ഹിയിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ലളിത ഗോയല്‍, സി.എസ്.ഐ.ആര്‍-സി.എഫ്.ടി.ആര്‍.ഐ റിട്ട. ചീഫ് സയന്‍റിസ്റ്റ് ഡോ. എന്‍.ജി മല്ലേശി, സി.എസ്.ഐ.ആര്‍-സി.എഫ്.ടി.ആര്‍.ഐ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. മീര എം.എസ്, കോയമ്പത്തൂരിലെ ബോണ്‍ ടെക്നോളജീസ് ഡയറക്ടര്‍ വിക്രം ശങ്കരനാരായണന്‍, ആര്‍.എ.എഫ്.ടി.എ.എ.ആര്‍ അഗ്രോബിസിനസ് ഹെഡ് ഡോ. കെ പി സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

അഗ്രി ആന്‍ഡ് ഫുഡ് പ്രൊസസിങ് എക്സ്പോര്‍ട്ട് കോണ്‍ക്ലേവില്‍ നാളികേര വികസന ബോര്‍ഡ് ഡയറക്ടര്‍ ഡോ. എസ്. ദീപ്തി നായര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അഗ്രികള്‍ച്ചര്‍ ഡിവിഷന്‍ ചീഫ് എസ്. നാഗേഷ്, സ്പൈസസ് ബോര്‍ഡ് സയന്‍റിസ്റ്റ് ഡോ. രമേഷ് ബാബു എന്‍, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഹെഡ് ജിമ്മി ജോസ്, അപെക്സ് കൊക്കോ ആന്‍ഡ് സോളാര്‍ എനര്‍ജി ലിമിറ്റഡ് സി.ഇ.ഒ ശ്രീനിവാസന്‍ രാമസ്വാമി എന്നിവര്‍ പങ്കെടുത്തു. രണ്ടു സെഷനുകളിലും എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ മോഡറേറ്ററായി.

English Summary: CSIR-NIIST to come up with a master plan to augment India’s millet production
Published on: 18 March 2023, 07:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now