ആലപ്പുഴ : കോവിഡ് കാലത്ത് എല്ലാ ജീവനും വിലപ്പെട്ടതാണെന്ന് ഓർമിപ്പിച്ച് കൊണ്ട് കോവിഡ് ബാധിതരുള്ള വീടുകളിലെ പശുക്കളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുകയാണ് ക്ഷീര വികസനവകുപ്പ്. തിരുവിഴ ബീച്ച് ക്ഷീരസംഘത്തിലെ 2 കർഷക കുടുംബങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ട് വീടുകളിൽ നിന്നുമായി 11 ഉരുക്കളുടെ സംരക്ഷണം ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു. Conservation of 11 Cows from two houses for Dairy Development It's under the leadership of Diary development department
2 ക്ഷീര കർഷക കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ക്ഷീര വികസന വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് അർത്തുങ്കൽ സ്വദേശിയായ ക്ഷീര കർഷകൻ വിബിൻ ഈ വീടുകളിലെ പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായി. എന്നാൽ പശുക്കളെ വീടുകളിൽ നിന്നും മാറ്റുന്നതിന് ആരും സഹായിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് ചേർത്തല ക്ഷീര വികസന ഓഫീസർ സിനിമോളിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകനായ ജോണിക്കുട്ടി, ക്ഷീര കർഷകനായ വിനോദ് എന്നിവരുടെ സഹായത്തോടെ വിബിന്റെ വീട്ടിലേക്ക് പശുക്കളെ മാറ്റുകയായിരുന്നു.
മൂന്നു തവണയായിട്ടാണ് ഒരു വീട്ടിലെ എല്ലാ പശുക്കളെയും, മറ്റ് വീട്ടിലെ കറവ പശുവിനെയും കുഞ്ഞിനേയും ഇവിടേക്ക് എത്തിച്ചത്. തിരുവിഴ ബീച്ച് സംഘം വഴി ക്ഷീര വികസന വകുപ്പിൽ നിന്നും ഈ പശുക്കൾക്ക് ആവശ്യമായ കാലിതീറ്റയും നൽകിയിട്ടുണ്ട്.
കോവിഡ് കാലത്ത് മനുഷ്യരുടെ ജീവൻ എന്ന പോലെ ഓരോ മിണ്ടപ്രാണികളുടെ ജീവനും വിലപ്പെട്ടതാണെന്നും, കർഷകർ ഇത്തരം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അവർക്ക് എല്ലാ സഹായങ്ങൾ ഉറപ്പ് വരുത്താനും പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ക്ഷീര വികസന വകുപ്പ് തയ്യാറാണെന്നും ജില്ല ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനുപമ പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വൻതോതിൽ കാർഷിക സബ്സിഡികളുമായി സുഭിക്ഷ കേരളം
#Dairy development department#farmer#Kerala#FTB#Agriculture