കേരളത്തിൽ പ്രസിദ്ധമായ പൂർണ്ണവേദപുരിക്കധിപനായ പൂർണ്ണിതീരവാസനായ ശ്രീ പൂർണത്രയീശ ദേശത്തോട് ചേർന്ന് എരൂർ എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് മുതുകുളങ്ങര സന്താനഗോപാല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. സന്താനഗോപാല മൂർത്തി എന്ന നാമധേയം അന്വർത്ഥമാക്കും വിധമാണ് ഭഗവാൻ ഭക്തർക്ക് നൽകുന്ന സന്താന സൗഭാഗ്യവും അതുപോലെതന്നെ അവിടുത്തെ ഗോപരിപാലനവും.
ഈ അമ്പലത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ കേരളത്തിൽ പ്രസിദ്ധമായ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൻറെ ഐതിഹ്യത്തിൽ നാം ചെന്നെത്തുന്നു. ശ്രീകൃഷ്ണനും അർജ്ജുനനും വൈകുണ്ഠത്തിൽ നിന്ന് ലഭിച്ച രണ്ട് വിഗ്രഹങ്ങളിൽ ചെറിയ വിഗ്രഹത്തെ ഇവിടെ സ്ഥാപിക്കുകയും, വലിയ സാളഗ്രാമത്തെ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ആണ് ഉണ്ടായത്.
ഇന്ന് മുപ്പതോളം പശുക്കൾ ഐശ്വര്യമേറി നിൽക്കുന്നു ഇവിടത്തെ ഗോശാലയിൽ. ഇവിടെ ഗോപാലനം ഈശ്വര സേവ ആക്കിയിട്ട് വർഷം 15 കഴിഞ്ഞിരിക്കുന്നു. സനാതന ധർമ്മം അനുസരിച്ച് പശുവിനെ പ്രപഞ്ചത്തിന്റെ മാതാവായി കണക്കാക്കുന്നു. മുപ്പത്തി മുക്കോടി ദേവതകൾ പൂജനീയ ഗോമാതാവിൽ വസിക്കുന്നു എന്നും, സപ്ത തീർഥങ്ങളിലും സ്നാനം ചെയ്ത ഫലം ഒരു പശുവിനെ തൊട്ടു തലോടിയാൽ ലഭിക്കുമെന്നുമാണ് ഹിന്ദു മത വിശ്വാസം. ഈ വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതചര്യ നയിക്കുന്ന വ്യക്തിയാണ് ഈ ക്ഷേത്രത്തിന്റെ മേൽശാന്തിയും, ഗോശാലയുടെ രക്ഷാധികാരിയുമായ പുലിയന്നൂർ ഇല്ലത്തെ ബ്രഹ്മശ്രീ. പരമേശ്വരൻ നമ്പൂതിരിപ്പാട്.
ഇവിടെ പശു പരിപാലനത്തിനും മറ്റു കാര്യങ്ങൾക്ക് വേണ്ടിയും നാല് തൊഴിലാളികളുണ്ട്. എന്നാൽ ഗോശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ട ഒരു വ്യക്തിത്വമാണ് രാജീവ് പി ആർ. ഗോശാലയുടെ ആരംഭഘട്ടം മുതൽ ഇന്നുവരെ ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹമാണ്. ജോലിയുടെ തിരക്കുകൾക്ക് ഇടയിലും ഗോശാലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തികഞ്ഞ അർപ്പണ ബോധത്തോടെ അദ്ദേഹം പ്രവർത്തിക്കുന്നു.
വിവിധ ഇനത്തിൽപ്പെട്ട പ്രത്യേകിച്ച് ജേഴ്സി, എച്ച്. എഫ്, ജേഴ്സി എച്ച് എഫ് ക്രോസ് തുടങ്ങിയ മെച്ചപ്പെട്ട പാലുൽപാദനം ലഭ്യമാകുന്ന പശുക്കൾ ആണ് ഇവിടെയുള്ളത്. അമ്പലത്തിൻറെ ഭാഗമായി വരുന്ന ഒന്നര ഏക്കർ സ്ഥലത്തിനുള്ളിലാണ് ഗോശാല സ്ഥിതിചെയ്യുന്നത്. പ്രകൃതി ലാവണ്യം ആസ്വദിച്ച് ഇവിടത്തെ പശുക്കൾ മേഞ്ഞു നടക്കുന്ന കാഴ്ച നയന മനോഹരം തന്നെ. പശുക്കൾക്ക് ആവശ്യമായ പുല്ല് മന വക പറമ്പിൽ കൃഷി ചെയ്തു വരുന്നു. പുല്ലിന് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ കൈതച്ചക്കയുടെ ഇലയാണ് നൽകുന്നത്.
2006ലാണ് ഗോശാലയുടെ ആരംഭം. വളരെ സാമ്പത്തികമായി തകർന്ന ഒരു ഭക്തൻ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള മനോബലത്തിനായി ഇവിടെ ഉപവസിക്കുന്ന സന്താന ഗോപാല മൂർത്തിക്ക് കാണിക്കയായി അർപ്പിച്ച ഒരു പശുക്കിടാവിൽ നിന്നാണ് തുടക്കം. ജേഴ്സി ഇനത്തിൽപ്പെട്ട ഈ പശുക്കുട്ടി 12 വർഷക്കാലം ഇവിടെ ഉണ്ടാവുകയും, എട്ടു പ്രസവത്തോളം ഗോശാലയിൽ നടക്കുകയും ചെയ്തു. മനസ്സ് അർപ്പിച്ചു വെച്ച് ആ സമർപ്പണം ആ കൃഷ്ണ ഭക്തന്റെ ജീവിതത്തിൽ മാത്രമല്ല ക്ഷേത്രത്തിലെ പുരോഗതിയുടെ പാതയിലും വലിയ മാറ്റങ്ങൾക്ക് ഹേതുവായി എന്നത് നിസ്സംശയം പറയാം. ഇതിനുശേഷമാണ് ഇന്ന് കാണുന്ന രീതിയിലുള്ള ഗോശാലയുടെ വളർച്ച. ഇവിടെ നിന്ന് പാൽ, തൈര്,വെണ്ണ,മോര് തുടങ്ങിയവ നാനാ ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നു.
കൂടാതെ വേനൽക്കാലത്ത് ചാണകം ഉണക്കി പ്രാദേശിക വിപണി വഴി വിറ്റഴിക്കുന്നുമുണ്ട്. ഗോശാല തുടങ്ങി ഈയൊരു കാലയളവിനുള്ളിൽ തന്നെ നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങുവാൻ ഇവിടത്തെ രക്ഷാധികാരിക്ക് സാധിച്ചുവെന്നത് പ്രശംസനീയം. അതിൽ പ്രധാനമാണ് എറണാകുളം ജില്ല വൈറ്റില ബ്ലോക്കിലെ മികച്ച ക്ഷീര കർഷകനുള്ള അവാർഡും, തൃപ്പുണിത്തുറ കൃഷിഭവന്റെയും, റോട്ടറി ക്ലബ്ബിൻറെയും അവാർഡുകളും. ക്ഷീരവികസന വകുപ്പിൻറെ നിരവധി സഹായങ്ങളും ക്ഷേത്രത്തിനു ലഭിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഗോമാതാവിനെ പൂജിച്ചു കൊണ്ടുള്ള ജീവിതം ഏറെ ഐശ്വര്യപൂർണ്ണം എന്ന് ഇവിടെ വരുന്ന ഓരോ ഭക്തനും അടിയുറച്ചു വിശ്വസിക്കുന്നു... ഗോപാലനം ഈശ്വരസേവ തന്നെ..