News

കൃഷി വിശേഷങ്ങളുമായി 'കർഷകശ്രീ കൃഷ്ണപ്രസാദ്' നിങ്ങളെ കാണാൻ എത്തുന്നു നമ്മുടെ കൃഷിജാഗരണിൽ

കൃഷ്ണപ്രസാദ്

കൃഷ്ണപ്രസാദ്

കലയും കൃഷിയും ജീവിതസപര്യയുടെ ഭാഗമാക്കുകയും അതിൽ നൂറു ശതമാനം വിജയം കൈവരിക്കുകയും ചെയ്ത മലയാളത്തിന്റെ പ്രിയനടനാണ് കൃഷ്ണപ്രസാദ്‌. പത്‌മരാജന്റെ 'മൂന്നാംപക്കം' എന്ന സിനിമയിലൂടെ മലയാളസിനിമ ലോകത്തേക്ക് കടന്നുവന്ന ഈ കലാകാരൻ നടനായും സഹനടനായും വില്ലനായും അഭ്രപാളികളിൽ തിളങ്ങി. മറ്റു കലാകാരന്മാരിൽ നിന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് കൃഷിയോടുള്ള അർപ്പണബോധമാണ്. കോവിഡ് എന്ന മഹാമാരി സമൂഹത്തിൽ സംഹാരതാണ്ഡവമാടിയപ്പോൾ ജീവനോപാധിക്കായി മണ്ണിലേക്കിറങ്ങിയ ഒത്തിരി കലാകാരന്മാരുണ്ട് നമ്മുടെ സമൂഹത്തിൽ. എന്നാൽ കൃഷ്ണപ്രസാദ്‌ കൃഷിയുമായി ആത്മബന്ധം പുലർത്തിയിട്ടു കാലങ്ങൾ ഏറെയായി. പതിമൂന്നു വർഷം മുൻപ് അദ്ദേഹത്തിന്റെ അച്ഛൻ ഉണ്ണിപ്പിള്ള സാറിന്റെ മരണമാണ് പൂർണമായും കൃഷിയിലേക്കു തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മനസില്ലാമനസോടെയാണ് കാർഷികവൃത്തിയിലേക്കു കടന്നു ചെന്നത് എന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു. എന്നാൽ ആദ്യത്തെ വിളവെടുപ്പിന് ശേഷം തനിക്കുണ്ടായ സന്തോഷം പകരുന്ന അനുഭൂതിയാണ് ഈ മേഖലയിൽ തന്നെ സജീവമാകാൻ കാരണമായത്. കലയെ പോലെ മണ്ണിൽ പണിയെടുക്കുന്നതും ആത്മസംതൃപ്തി തന്നെയാണ് പ്രദാനം ചെയ്യുന്നത് എന്ന് ഈ എളിയ കലാകാരൻ അഭിപ്രായപ്പെടുന്നു. കൃഷി ചെയ്യുമ്പോൾ ഉണ്ടാവുന്ന സുഖദുഃഖങ്ങൾ അനുഭവിക്കുന്നതിൽ അദ്ദേഹം ഏറെ സന്തോഷം കണ്ടെത്തുന്നു.

മണ്ണിന്റെ മനസ്സറിഞ്ഞ ഈ കലാകാരനെ സംസ്ഥാനസർക്കാർ 2010 ൽ കർഷകമിത്ര പുരസ്‌കാരം നൽകി ആദരിച്ചു. അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരി പെരുന്നയിൽ അദ്ദേഹത്തിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. കർഷകുടുംബമാണ് അദ്ദേഹത്തിന്റേത്. അച്ഛനും അമ്മയും കർഷകകുടുംബത്തിൽ ജനിച്ചതിനാൽ സ്വാഭാവികമായും കൃഷ്ണപ്രസാദിന്റെ ജീവിതത്തിലും കൃഷി ഏറെ സ്വാധീനം ചെലുത്തി. അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകമായിരുന്നു അത്. അച്ഛനൊരു അദ്ധ്യാപകൻ ആയിരുന്നുവെങ്കിലും കൃഷിയിൽ അതീവ തത്പരനായിരുന്നു.അച്ഛന്റെ കൃഷിയിലുള്ള അർപ്പണബോധമാണ് കൃഷ്ണപ്രസാദിന് കൃഷിയിലേക്ക് കടന്നുവരാനുള്ള  ഊർജം പകർന്നത്. കാർഷികസംസ്കൃതിയുടെ ഒളി മങ്ങാത്ത ബാല്യകാല ഓർമകളാണ് അദ്ദേഹത്തിന്റെ മനം നിറയെ. നെല്ല് സംഭരിക്കാൻ പാകത്തിലുള്ള വലിയ പത്തായമുള്ള തറവാട് വീടും, മുറ്റത്തെ പശു തൊഴുത്തും, വൈക്കോൽത്തുറുവുമെല്ലാം കാർഷികസംസ്കാരത്തിന്റെ അടയാളമായി അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞു നില്കുന്നു. ഇന്ന് തറവാട് വീടിനടുത്തു മോഡേൺ ശൈലിയിൽ നിർമിച്ച 'നിരണത്ത് മകയീരം' വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിന്റെ സഹധർമ്മിണിയായ രശ്‌മിയും, മക്കളായ പ്രാർത്ഥനയും പ്രപഞ്ചയും എല്ലാവിധ പ്രോത്സാഹനവും നൽകി അദ്ദേഹത്തിന് ഒപ്പം നില്കുന്നു. ജീവിതത്തിലെ ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കുടുംബമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. മുപ്പതു വർഷങ്ങളേറെയായി സിനിമയുമായി അദ്ദേഹം ആത്മബന്ധം പുലർത്തുന്നു. ഈ കാലയളവിൽ 150 സിനിമകളിലേറെ തന്റെ വ്യക്തിമുദ്ര ചാർത്തി. സിനിമയിൽ നടനയാണോ കർഷകനായാണോ അറിയപ്പെടാൻ താത്പര്യം എന്ന് ചോദിച്ചാൽ ഏറെ എളിമയോടെ അദ്ദേഹം പറയും സിനിമയിൽ അഭിനയിക്കുന്ന കർഷകനായ നടനെന്നറിയപ്പെടാനാണ് താത്പര്യമെന്ന്. പല പ്രമുഖ അഭിനേതാക്കളും അദ്ദേഹത്തെ കാണുമ്പോൾ കൃഷിസംബന്ധമായ കാര്യങ്ങൾ സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത്.ഈ ലോക്‌ഡൗൺ കാലത്തു മലയാളത്തിന്റെ ഒരു യുവനടൻ കൃഷ്ണപ്രസാദ്‌ എന്ന കൃഷിക്കാരനെ കുറിച്ചെഴുതിയ പ്രശംസനീയമായ വാക്കുകൾ സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. കൃഷിയെ ഹൃദയത്തോട് ചേർത്ത് നിർത്തിയത് തന്നെയാണ് സിനിമാലോകത്തു നിന്നുള്ള ഈ ഒരു കരുതലിനു അദ്ദേഹത്തെ പാത്രമാക്കിയത്.

'പ്രിസം' എന്ന നാടകത്തിൽ ഏഴു വയസുള്ളപ്പോൾ എഴുപത് വയസുള്ള കഥാപാത്രമായി അഭിനയിച്ചാണ് കലാരംഗത്തേക്ക് അദ്ദേഹം കടന്ന് വന്നത്. അന്നു തൊട്ടേ അദ്ദേഹം നാടകത്തെ പ്രണയിച്ചു തുടങ്ങി. രണ്ടുതവണ എം.ജി.യൂണിവേഴ്സിറ്റിയുടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. എം.ടി.വാസുദേവൻനായരുടെയും, കെ.എസ്.സേതുമാധവന്റെയും കൂട്ടായ്മയിൽ പിറവി കൊണ്ട 'വേനൽകിനാവുകളിൽ' ആണ് അദ്ദേഹം ആദ്യമായി നായകവേഷം കൈകാര്യം ചെയ്യുന്നത്. അതെ സമയം തന്നെ ദൂരദർശൻ സംപ്രേക്ഷണം ചെയ്ത 'വൃത്താന്തം' എന്ന സീരിയലിലും അദ്ദേഹം നായകനായി തിളങ്ങി. ബിഗ്‌സ്‌ക്രീനെന്നോ മിനിസ്‌ക്രീനെന്നോ ഒരിക്കലും അദ്ദേഹം രണ്ടായി തരം തിരിച്ചു കണ്ടിട്ടില്ല. ഒട്ടനവധി മികച്ച സീരിയലുകളിലും കൃഷ്ണപ്രസാദ്‌ തന്റെ കൈയൊപ്പ് ചാർത്തി. 'സമക്ഷം' എന്ന സീരിയലിലെ അഭിനയത്തികവിനു ക്രിട്ടിക്സ് അവാർഡ് വരെ ലഭിച്ചു. ശിവാജിഗണേശനൊപ്പം 'ഒരു യാത്രാമൊഴിയിൽ' എന്ന സിനിമയിൽ ഒരു വേഷം കൈകാര്യം ചെയ്തത് മഹാഭാഗ്യമായി അദ്ദേഹം കണക്കാക്കുന്നു. വരാനിരിക്കുന്ന പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ ബിഗ്‌ബഡ്ജറ്റ്‌ സിനിമയായ 'മരക്കാർ:അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ ഭാഗമായി തീർന്നതിലുള്ള സന്തോഷത്തിലാണ് കൃഷ്ണപ്രസാദ്‌. ഒരു കർഷകൻ ആയതിനു ശേഷം അദ്ദേഹത്തിന് ഏറെ സന്തോഷം പകർന്ന കാര്യം S S A യുടെ ഏഴാം ക്‌ളാസ്സ് ചോദ്യപേപ്പറിൽ കർഷകശ്രീ കൃഷ്ണപ്രസാദിനെ കുറിച്ച് വന്ന ചോദ്യം തന്നെയാണ്. ചോദ്യപേപ്പറിലെ ഈ ചോദ്യം അദ്ദേഹത്തിലെ കർഷകന് കിട്ടിയ ഒരു അംഗീകാരമാണ്. ഇന്നത്തെ യുവ തലമുറ അദ്ദേഹത്തെ കർഷകനായി അംഗീകരിക്കുകയും, അദ്ദേഹത്തെ കുറിച്ചെഴുതുകയും ചെയ്യുന്നത് എത്രത്തോളം ആത്മസംതൃപ്തി പകരുന്ന കാര്യമാണ്. അധ്യാപകനും മികച്ച കർഷകനും കൂടിയായ അദ്ദേഹത്തിന്റെ അച്ഛൻ എൻ.പി.ഉണ്ണിപ്പിള്ള സാറിന്റെ പേര് വാനോളം ഉയർത്തുകയാണ് അദ്ദേഹത്തിന്റെ മകനായ കൃഷ്ണപ്രസാദ്‌. അച്ഛനോടുള്ള സ്‌മരണാർത്ഥം നടത്തിയ 'ഭക്ഷ്യസുരക്ഷക്കായി കർഷകകൂട്ടായ്മ' എന്ന പരിപാടി സമൂഹത്തിന്റെ മുഖ്യധാരയിൽ കൃഷിയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു. ആയിരകണക്കിന് കർഷകരെയും കർഷകത്തൊഴിലാളികളെയും ആദരിച്ച ആ ചടങ്ങു അദ്ദേഹത്തിന് നവ്യ അനുഭവമായിരുന്നു. സർക്കാർതല മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട് ' എന്ന പരിപാടിയിൽ 28 ലക്ഷം കർഷകർ അടങ്ങുന്ന നമ്മുടെ  കേരളത്തിൽ നിന്ന് അവരെ പ്രതിനിധാനം ചെയ്ത് സംസാരിച്ച വ്യക്തിയാണ് കർഷകശ്രീ കൃഷ്ണപ്രസാദ്‌.

ഈ കോവിഡ് കാലത്തു കൃഷിയെ സ്നേഹിക്കുന്നവർക്കും അതിൽ താല്പര്യം ഉള്ളവർക്കും വേണ്ടി ആരംഭിച്ച 'കർഷകശ്രീ കൃഷ്ണപ്രസാദ്‌' എന്ന യുട്യൂബ് ചാനൽ ഇതിനോടകം തന്നെ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നാന്ദി കുറിച്ച നെല്ല് കൃഷിയുടെ എപ്പിസോഡിൽ തുടങ്ങി ഓരോ എപ്പിസോഡിലും അദ്ദേഹം പുതുമകൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന ഏതൊരു ചോദ്യത്തിനും മറുപടി നൽകുകയും, മറ്റുള്ളവരുടെ പ്രശംസയ്ക്ക് ഉടനെ തന്നെ നന്ദി അറിയിക്കുകയും ചെയ്യുന്ന നന്മ നിറഞ്ഞ ആ വ്യക്തിത്വത്തിനോടുള്ള അംഗീകാരമാണ് ഈ  യുട്യൂബ് ചാനലിന്റെ വിജയം. ഈ ഒരു സംരംഭത്തിലൂടെ ചെറിയൊരു യുവതി യുവാക്കളെ കൃഷിയിലേക്കു ആകർഷിക്കാൻ കൃഷ്ണപ്രസാദിന് സാധിച്ചു എന്നതാണ് എടുത്തു പറയേണ്ട കാര്യം. കൃഷിയുമായി ബന്ധപ്പെട്ട സാമൂഹികപ്രശ്‌നങ്ങളിലെല്ലാം ഇടപെടുകയും കർഷകർക്ക് വേണ്ടി ശബ്‍ദമുയർത്തുകയും ചെയ്ത കർഷകശ്രീ കൃഷ്ണപ്രസാദ്‌ ഇന്ന് ഒത്തിരി പേർക്ക് പ്രചോദനമാണ്...

കർഷകശ്രീ കൃഷ്ണപ്രസാദ്‌ ഈ വരുന്ന ബുധനാഴ്ച്ച (14/10/2020) രാവിലെ 11  മണിക്ക് ഞങ്ങളുടെ കൃഷിജാഗരൺ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ കൃഷി വിശേഷങ്ങളുമായി ലോകമെങ്ങുമുള്ള മലയാളികളെ കാണാൻ എത്തുന്നു. അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിച്ച മലയാളികൾ ഞങ്ങളുടെ ഈ ഉദ്യമത്തിൽ ഒപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മലയാളികൾക്കും സ്വാഗതം... 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

M80 മൂസ..നമ്മുടെ കൃഷിജാഗരണിൽ

ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...


English Summary: 'Karshakashree Krishnaprasad' comes to see you at our Krishi Jagaran

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine