ലോക്ക്ഡൗണ്‍ തുടക്കത്തിൽ വിദഗ്ധസമിതി തയാറാക്കിയ നിർദേശങ്ങളായറബറിനു മിനിമം വില പ്രഖ്യാപിക്കുക, കാർഷിക വിളയായി അംഗീകരിക്കുക, വിലസ്ഥിരതാ പദ്ധതി ദേശീയ തലത്തിൽ നടപ്പാക്കുക,ഇറക്കുമതി നിയന്ത്രിക്കുകയോ ഇറക്കുമതിക്കു പരിധി വയ്ക്കുകയോ ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ റബർ ബോർഡ് കേന്ദ്രസർക്കാരിനു സമർപ്പിച്ചു.
റബർ ബോർഡ് യോഗത്തിന്റെ അംഗീകാരത്തോടെയാണ് കേന്ദ്രവാണിജ്യമന്ത്രാലയത്തിനു നൽകിയത്.കഴിഞ്ഞ സാമ്പത്തിക വർഷം 7.12 ലക്ഷം ടണ്ണായിരുന്നു റബർ ആഭ്യന്തര ഉത്പാദനം. ഇക്കൊല്ലവും ഏഴു ലക്ഷം ടണ്‍ ഉത്പാദനം പ്രതീക്ഷിക്കുന്നു. നിലവിൽ 3.39 ലക്ഷം ടണ്‍ റബർ കർഷർക്കും വ്യാപാരികൾക്കും വ്യവസായികൾക്കുമായി സ്റ്റോക്കുണ്ട്. അഡ്വാൻസ്ഡ് ലൈസൻസിൽ വ്യവസായികൾക്കു നികുതിയില്ലാതെ 1.5 ലക്ഷം ടണ്‍ ഇറക്കുമതിക്ക് അനുമതിയുണ്ട്.
ഇത്തരത്തിൽ നടപ്പുവർഷം 12 ലക്ഷം ടണ്‍ റബർ ഇവിടെ ലഭ്യമാകും. അതേസമയം കോവിഡ് വ്യവസായ മാന്ദ്യം തുടർന്നാൽ ഒൻപതു ലക്ഷം ടണ്‍ മാത്രമായി റബർ വ്യവസായ ഉപയോഗം ചുരുങ്ങുകയും ചെയ്യും. ഇറക്കുമതി പതിവു തോതിലുണ്ടാൽ ആഭ്യന്തര വില ഇടിയാനുള്ള സാഹചര്യത്തിൽ മിനിമം വില നിശ്ചയിച്ചു ഇറക്കുമതി നിയന്ത്രിക്കുകയോ ഇറക്കുമതിക്കു പരിധി വയ്ക്കുകയോ ചെയ്യണമെന്നാണ് നിർദേശമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ. രാഘവൻ Dr. K N Raghavan വ്യക്തമാക്കി.
റബറിനെ കാർഷിക വിളയാക്കണമെന്ന നിർദേശം മുൻപും റബർ ബോർഡ് നൽകിയിരുന്നു. കാർഷിക വിളയായി അംഗീകാരം ലഭിച്ചാൽ കൃഷി മന്ത്രാലയത്തിൽനിന്നു വാണിജ്യവിളകളേക്കാൾ സാമ്പത്തിക സഹായ സാധ്യതയുണ്ട്. നിലവിൽ നാണ്യവിള പട്ടികയിലുള്ള റബറിനു താങ്ങുവില നൽകാനാവില്ലെന്ന കടുത്ത നിലപാടാണ് കൃഷി മന്ത്രാലയത്തിന്റേത്. കാർഷിക വിള പട്ടികയിൽ വന്നാൽ കൂടുതൽ ബാങ്ക് സഹായത്തിനും സാധ്യതയുണ്ട്.
കേരളത്തിൽ നിലവിലുള്ള വിലസ്ഥിരതാ പദ്ധതി ദേശീയതലത്തിലാക്കിയാൽ കൂടിയ വില ലഭിക്കുകയും ഉത്പാദനം വർധിക്കുകയും ചെയ്യും. കേരളത്തിനിതു കൂടുതൽ നേട്ടമാകും. കേരളത്തിലെ 150 രൂപ വിലസ്ഥിരതയ്ക്കൊപ്പം കേന്ദ്രവിഹിതം കൂടിയാകുന്പോൾ വലിയ ആശ്വാസമാകും.
അഭ്യന്തര ഉത്പാദനം വർധിക്കുമ്പോൾ റബർ ബോർഡിനു കർഷകരിൽനിന്നു നേരിട്ട് റബർ വാങ്ങി സ്റ്റോക്കു ചെയ്യാൻ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതാണ് മറ്റൊരു നിർദേശം.
അധികം വരുന്ന ചരക്ക് റബർ ബോർഡ് വാങ്ങി സ്റ്റോക്ക് ചെയ്താൽ വിലയിടിവ് തടയാനാകും. അതേസമയം, ഈ സ്റ്റോക്ക് റബർ ബോർഡിൽനിന്നു വാങ്ങുമെന്ന ഉറപ്പ് ടയർ Tyre വ്യവസായികളിൽനിന്നു ലഭിക്കുകയും വേണം.
160 കോടി രൂപയുടെ മറ്റൊരു സഹായപദ്ധതി ഏപ്രിലിൽ റബർ ബോർഡ് Rubber board കേന്ദ്രത്തിന് നൽകിയിരുന്നു. ഒരു ഹെക്ടറിൽ കുറവുള്ളവർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും സഹായം, റെയിൽ ഗാർഡിംഗിനും ആവർത്തന കൃഷിക്കും സബ്സിഡി തുടങ്ങിയവ നിർദേശങ്ങളിൽപ്പെടും. അതിൻമേലും കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണ് റബ്ബർ ബോർഡും കർഷകരും.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുസാറ്റ് എംടെക് മറൈൻ ബയോടെക്നോളജി പ്രവേശനം