ഭിന്നശേഷി ജീവനക്കാർക്കും, തൊഴിൽ ദായകർക്കും ഭിന്നശേഷി ക്ഷേമരംഗത്ത് മികച്ച സേവനം കാഴ്ച വച്ച സ്ഥാപനങ്ങൾക്കുമായി സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ 2020 വർഷത്തെ സംസ്ഥാന അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന കാഴ്ച പരിമിതി ഉള്ളവർ കേൾവി-സംസാര പരിമിതി ഉള്ളവർ, അസ്ഥി സംബന്ധമായ വൈകല്യമുള്ളവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ/ബുദ്ധി വൈകല്യം സംഭവിച്ചവർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കണം.
ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകിയിട്ടുള്ള തൊഴിൽദായകർക്കും ഭിന്നശേഷി രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. മുൻവർഷങ്ങളിൽ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല. ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരിൽ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാർ ഭിന്നശേഷിക്കാരാണെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് തൊഴിൽ ദായകർക്കുള്ള അവാർഡിന് അപേക്ഷിക്കുവാൻ അർഹതയുള്ളൂ.
ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ചേർന്നതാണ് അവാർഡ്. നിശ്ചിത ഫോമിലുള്ള പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവർത്തനം മറ്റ് പ്രവർത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങൾ/കഴിവുകൾ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങൾ (സി.ഡിയിലും), വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകൾ, ഫോട്ടോ-പാസ്‌പോർട്ട് ആന്റ് ഫുൾ സൈസ് (വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ളത്) സഹിതം ഒക്‌ടോബർ 31ന് മുൻപ് അതത് ജില്ലാ സാമൂഹ്യനീതി ആഫീസുകളിൽ സമർപ്പിക്കണം. സ്ഥാപനങ്ങളുടെ അപേക്ഷയിൽ അതിന്റെ പ്രവർത്തനങ്ങളും ഫോട്ടോയും സിഡിയും ഉൾപ്പെടുത്തണം.
വിശദവിവരങ്ങൾ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.swdkerala.gov.in ൽ ലഭിക്കും.