Updated on: 11 April, 2023 5:36 PM IST

1. കേരളത്തിൽ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. 60 ലക്ഷത്തോളം പേർക്കാണ് 2 മാസത്തെ പെൻഷൻ കുടിശിക നൽകുന്നത്. ഈസ്റ്റർ, വിഷു, റംസാൻ പ്രമാണിച്ച് ജനുവരി, ഫെബ്രുവരി മാസത്തെ കുടിശികയായി 3,200 രൂപയാണ് പെൻഷൻ നൽകുന്നത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി രൂപ സർക്കാർ അനുവദിച്ചു. വിഷുവിന് മുമ്പ് തന്നെ പെൻഷൻ വിതരണം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം.

2. ഡിജി സാക്ഷരതയിലൂടെ പുതിയ ചരിത്രം രചിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റാനുള്ള ഡിജി കേരളം എന്ന പദ്ധതിക്ക് തുടക്കമായി. എറണാകുളത്ത് സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ ആറ്‌ മാസം കൊണ്ട്‌ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം സാധ്യമാക്കാനാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ലക്ഷ്യം.

3. ചേർത്തല തെക്ക് പഞ്ചായത്തിൽ ആയിരം ടിഷ്യൂ കൾച്ചർ വാഴകളുടെ നടീൽ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേൽ സന്ദർശിച്ച സുജിത്തിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. ഒരു കുഴിയിൽ മൂന്ന് വാഴ വയ്ക്കുന്ന രീതിയാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. ഒരേക്കർ കൃഷിയിടത്തിലാണ് വാഴകൾ കൃഷി ചെയ്യുന്നത്.
ചെലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്ത് കൂടുതൽ വിളവും വരുമാനവും നേടുകയാണ് നൂതന കൃഷിരീതികളിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതൽ വാർത്തകൾ: പ്രകൃതി വാതക വില നിർണയത്തിന് പുതിയ സംവിധാനം; ഗ്യാസ് വില കുറയും..കൂടുതൽ വാർത്തകൾ

4. കോഴിക്കോട് ജില്ലയിൽ വിഷു-റംസാൻ- ഈസ്റ്റർ കൈത്തറി മേളയ്ക്ക് തുടക്കം. മേളയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഈ മാസം 14 വരെയാണ് മേള നടക്കുന്നത്. കോഴിക്കോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള കൈത്തറി സംഘങ്ങൾ തയ്യാറാക്കിയ വൈവിധ്യമാർന്ന കോട്ടൺ ഉൽപന്നങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റോടെ മേളയിൽ ലഭിക്കും. കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് കൈത്തറി വികസനസമിതി എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

5. ഭക്ഷ്യപൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തെ അറിയിച്ച് കേരളം. ആന്ധ്ര – തെലുങ്കാന സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ജയ – സുരേഖ ഇനത്തിൽപ്പെട്ട അരി FCI വഴി സംഭരിച്ചു നൽകണമെന്നുള്ള ആവശ്യം കേന്ദ്ര ഭക്ഷ്യ സെക്രട്ടറിയെ ധരിപ്പിച്ചതായി മന്ത്രി ജിആർ അനിൽ അറിയിച്ചു. സബ്സിഡി മണ്ണെണ്ണ വിഹിതം കേരളത്തിനു മാത്രമായി വർധിപ്പിക്കാൻ സാധിക്കില്ലെന്നും, നോൺ സബ്സിഡി ഇനത്തിൽ മണ്ണെണ്ണ കൂടുതൽ അനുവദിക്കാമെന്നും കേന്ദ്രം അറിയിച്ചു.

6. പട്ടികവർ​ഗ വിഭാ​ഗത്തിൽപെട്ട 500 പേരെ ബീറ്റ് ഓഫീസർമാരായി നിയമിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തിയാണ് 500 പേരെ നിയമിച്ചതെന്നും, വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാലതാമസം ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

7. കോഴിക്കോട് ജില്ലയിലെ റേഷൻ കടകളിൽ നിന്നും, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലേക്ക് എല്ലാ വൈദ്യുതീകരിക്കാത്ത വീടുകളിലും മൂന്നു ലിറ്റർ മണ്ണെണ്ണ വീതം മൊത്തം ആറ് ലിറ്റർ മണ്ണെണ്ണയും, വൈദ്യുതീകരിച്ച എ.എ.വൈ, പി.എച്ച്.എച്ച് കാർഡുകൾക്ക് 3 മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയും അനുവദിക്കുമെന്ന് ജില്ലാ സപ്ലൈസ് ഓഫീസർ അറിയിച്ചു.

8. പത്തനംതിട്ട തുമ്പമണ്‍ ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെയും വിജയപുരം മാവര പാടശേഖര സമിതിയുടെയും നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. കൊയ്ത്ത് പാട്ടിന്റെയും നാടന്‍ കലാപരിപാടികളുടെയും അകമ്പടിയോടെ 50 ഏക്കർ സ്ഥലത്താണ് കൊയ്തു ഉത്സവം നടന്നത്.

9. ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയിൽ റെക്കോർഡിട്ട് കേരളം. മാർച്ച് മാസം അവസാനിക്കുമ്പോൾ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഈ വർഷം കയറ്റുമതി ചെയ്തത് 13949.75 ടൺ ഭക്ഷ്യേൽപന്നങ്ങൾ. കൊവിഡിന് ശേഷം ഈ വർഷമാണ് മത്സ്യം, മുട്ട, പച്ചക്കറി, പഴങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി ഇത്രയധികം വർധിക്കുന്നത്. ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തത് കൊച്ചി വിമാനത്താവളം വഴിയാണ്. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ യുകെ, അമേരിക്ക, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

10. കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഈ മാസം 14 വരെ മഴ പെയ്യും. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Disbursement of welfare pension started 3,500 will be received
Published on: 11 April 2023, 03:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now