കോട്ടയം: ജില്ലയിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ശിശുസൗഹൃദമാക്കുവാനുള്ള നടപടി ആരംഭിച്ചു. ശിശുസൗഹൃദ പദ്ധതികളുടെ രൂപീകരണത്തിനു സഹായകമാവുന്ന ജില്ലാതല വെബ് പോർട്ടൽ ഉടൻ നിലവിൽ വരും.
ലിംഗാടിസ്ഥാനത്തിലുളള കുട്ടികളുടെ വിവരങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾ, ജില്ലയിലെ കുട്ടികളുടെ രോഗാതുരത, പോഷണം, ആരോഗ്യം, പരിരക്ഷ, വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമേ കുട്ടികൾക്കായുളള സ്ഥാപനങ്ങളുടെ സ്ഥിതി വിവരകണക്കും ലഭ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കൂ
പോർട്ടലിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശഭരണസ്ഥാപനങ്ങൾക്കു പദ്ധതികൾ ഏറ്റെടുക്കാനാവും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവയുടെ ഭൗതിക സാഹചര്യം വർധിപ്പിക്കാനും പോർട്ടൽ സഹായകമാകും.
വെബ് പോർട്ടൽ രൂപീകരണത്തിനുളള ജില്ലാതല ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി തോമസ്, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ജെബിൻ ലോലിതാ സെയ്ൻ, കില ഫാക്കൽറ്റി അംഗം ജിൻസ് നാഥ്, കില കോ ഓർഡിനേറ്റർ ബിന്ദു അജി എന്നിവർ പ്രസംഗിച്ചു.