സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രചാരം നേടിയ ഫലവര്‍ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. സവിശേഷമായ രൂപവും രുചിയുമുള്ള ഈ ഉഷ്ണമേഖല ഫലത്തിന്റെ പേര് മാറ്റാനുള്ള തീരുമാനത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാനത്ത് ഡ്രാഗണ്‍ ഫ്രൂട്ട് ഇനി മുതല്‍ അറിയപ്പെടുക കമലം എന്ന പേരിലാണ്.
ഇതിന് മുഖ്യമന്ത്രി വിജയ് രൂപാണി നല്‍കിയ വിശദീകരണമാണ് കൗതുകമുണര്‍ത്തുന്നത്.
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപം താമര പൂവ് പോലെ ഇരിക്കുന്നതിനാലാണ് പേര് കമലം എന്നാക്കി മാറ്റിയത്. താമരയുടെ സംസ്‌കൃതം വാക്കാണ് കമലം.
പേര് മാറ്റുന്നതിനുള്ള പേറ്റന്റ് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയ് രൂപാണി മാധ്യമങ്ങളോട് പറഞ്ഞു. ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്‌മെന്റ് മിഷന്റെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ഡ്രാഗണ്‍ ഫ്രൂട്ട് എന്ന് പറയുന്നത് ചൈനയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അതിനാലാണ് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എന്നാല്‍ ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും വിജയ് രൂപാണി പറഞ്ഞു. ഈയിടെയാണ് ബിജെപി ഗാന്ധി നഗര്‍ ഹെഡ്ക്വാട്ടേഴ്‌സിന്റെ പേര് ശ്രീ കമലം എന്ന് മാറ്റിയത്.