പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് നിരവധി പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി മോദി സ്വീകരിച്ച അത്തരം ഒരു നടപടിയാണ് പ്രധാനമന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ). മോദി സർക്കാരിന്റെ ആദ്യ കാലയളവിലാണ് പ്രധാനമന്ത്രി ജൻ ധൻ യോജന ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം രാജ്യത്തെ കൂമൻ പൗരന് ബാങ്കിൽ ജൻ ധൻ അക്കൗണ്ട് തുറക്കാനുള്ള സൗകര്യം നൽകുന്നു.
പദ്ധതി പ്രകാരം നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായംവരെ സ്വീകരിക്കാനാകും. കൂടാതെ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്, മിനിമം ബാലന്‍സ് വേണ്ട, ലൈഫ് ഇന്‍ഷുറന്‍സ് കവറേജ്, സബ്സിഡി, പണം എളുപ്പത്തില്‍ കൈമാറാം, ഓവര്‍ഡ്രാഫ്റ്റ് എന്നീ ആനുകൂല്യങ്ങളും അക്കൗണ്ട് ഉടമകൾക്ക് ലഭിക്കും. എന്നാൽ പലപ്പോഴും ഈ ആനുകൂല്യങ്ങളൊന്നും ആളുകൾക്ക് ലഭിക്കാറില്ല. ശരിയായ അവബോധം ഇല്ലാത്തതാണ് ഇതിന് കാരണം.
1.30 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്
പദ്ധതി പ്രകാരം ഓരോ ജൻ ധൻ അക്കൗണ്ട് ഉടമയ്ക്കും മൊത്തം 1.30 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ആണ് ലഭിക്കുക. ഇതിൽ ഒരു ലക്ഷം രൂപ അപകട ഇൻഷുറൻസും 30,000 രൂപ ജനറൽ ഇൻഷുറൻസ് അഥവാ ലൈഫ് ഇൻഷുറൻസ് കവറേജുമാണ്. അപകടം സംഭവിച്ച അക്കൗണ്ട് ഉടമകൾക്ക് ഈ ഒരു ലക്ഷം രൂപ സർക്കാർ നൽകും.
സീറോ ബാലൻസ് അക്കൗണ്ട്
ജൻ ധൻ അക്കൗണ്ട് ഒരു സീറോ ബാലൻസ് സേവിങ്സ് അക്കൗണ്ട് ആണ്. സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കും. ബാങ്കിങ് / സേവിങ്സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, വായ്പകൾ, ഇൻഷുറൻസ്, സാധാരണക്കാരുടെ പെൻഷൻ എന്നീ ആനുകൂല്യങ്ങളും ജൻ ധൻ അക്കൗണ്ടിൽ ലഭ്യമാണ്.
മറ്റ് സേവിങ്‌സ് അക്കൗണ്ടുകൾ പോലെ ജൻ ധൻ അക്കൗണ്ടിൽ മിനിമം ബാലന്‍സ് വേണമെന്ന് നിര്‍ബന്ധമില്ല. മിനിമം ബാലന്‍സ് ഇല്ലെങ്കിൽ ചാർജ് ഈടാക്കുകയുമില്ല. ഇതുകൂടാതെ ചെക്ക് ബുക്ക് ലഭ്യമല്ലെങ്കിലും ഈ അക്കൗണ്ടിൽ 10000 രൂപ വരെ ഓവർ ഡ്രാഫ്റ്റ് സൗകര്യം സർക്കാർ നൽകുന്നുണ്ട്.
സ്ത്രീകൾക്ക് വായ്പ
ആറ് മാസം അക്കൗണ്ട് നല്ലതുപോലെ ഉപയോഗിക്കുകയാണെങ്കില്‍ ആണ് ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ബാങ്ക് അനുവദിക്കുക. അതായത് അത്യാവശ്യത്തിന് ബാങ്ക് പണം കടം തരുമെന്ന് ചുരുക്കം. 5000 രൂപയായിരിക്കും ഇത്തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കുക. പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്.
ഉപയോക്താക്കൾക്ക് സൗജന്യ മൊബൈൽ ബാങ്കിങ് സൗകര്യവും ലഭിക്കും. അക്കൗണ്ട് ഉടമകൾക്ക് റുപേ ഡെബിറ്റ് കാർഡ് ലഭിക്കും. മൂന്ന് മാസത്തിലൊരിക്കൽ നിർബന്ധമായും ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരിക്കണം.
കുടുംബത്തിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് ജൻ ധൻ അക്കൗണ്ട് ഉണ്ടെങ്കിൽ സ്ത്രീകൾക്ക് അക്കൗണ്ട് വഴിയുള്ള വായ്പ ലഭിക്കും.