പങ്കാളിത്ത കൃഷി പദ്ധതി പ്രകാരം കോട്ടപ്പുറം ട്രേഡേഴ്‌സുമായി സഹകരിച്ച് 100 ഏക്കറിൽ നടത്തിയ തണ്ണിമത്തൻ കൃഷി നൂറുമേനി വിളവാണ് കർഷകർക്ക് നൽകിയത്. 40 ടണ്‍ തണ്ണിമത്തൻ ആദ്യദിവസം ലഭിച്ചു. അടുത്ത വിളവെടുപ്പില്‍ 40 ടണ്ണും പിന്നീടുള്ള വിളവെടുപ്പില്‍ 100 ടണ്ണുമാണ് ഉത്പാദനം പ്രതീക്ഷിക്കുന്നത്. മൂന്ന് മാസം മുൻപ് 150 ഏക്കറിൽ ആരംഭിച്ച കൃഷിയിൽ മേയില്‍ അവസാനിക്കുന്ന ആദ്യ സീസണില്‍ 100 ഏക്കർ സ്ഥലത്തില്‍ നിന്നായി 1500 ടണ്‍ ഉത്പാദനമാണ് ആകെ പ്രതീക്ഷിക്കുന്നത്.
വിളവെടുപ്പ് ഉത്സവം കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
കൃഷി മേഖലയില്‍ അറിവുള്ളവരുമായി ചേർന്ന് കൃഷിയിറക്കിയാല്‍ സർക്കാരിലേക്ക് ലാഭവിഹിതം നല്‍കുന്ന പ്രസ്ഥാനമായി മാറുമെന്ന് എം. പ്രശാന്ത് ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുക എന്നുള്ളതിലുപരി ഇൻസെന്‍റീവ് നല്‍കുവാനും സാധിക്കും. അടുത്ത സാമ്പത്തിക വർഷം ഫാം ലാഭത്തില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങില്‍ ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിധീഷ്കുമാർ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ട്രേഡേഴ്‌സ് പാർട്ണർമാരായ ജംഷാദ് അലി, അശ്വിൻ, അക്കൗണ്ട് ഓഫീസർ പ്രേമരാജൻ, സെക്യൂരിറ്റി ഓഫീസർ ആർ. ശ്രീകുമാർ, സൂപ്രണ്ട് ജോസഫ് ജോർജ് എന്നിവർ പങ്കെടുത്തു.