രോഗങ്ങളും കീടങ്ങളുമില്ലാത്ത വാഴകൃഷിയിലൂടെ മാത്രമെ വാഴപ്പഴ കയറ്റുമതി രംഗത്ത് കേരളത്തിന് ഉയരാന്‍ കഴിയൂ എന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല കോളേജ് ഓഫ് ഹോര്‍ട്ടികള്‍ച്ചറിലെ പ്്‌ളാന്റ് പത്തോളജി വിഭാഗത്തിലെ ഡോക്ടര്‍ അനിത ചെറിയാന്‍ അഭിപ്രായപ്പെട്ടു. തൃശൂരില്‍ വൈഗ 2020 ന്റെ ഭാഗമായി നടന്ന വാഴപ്പഴത്തിന്റെ കയറ്റുമതി സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കയറ്റുമതിക്ക് കര്‍ക്കശമായ നിയമങ്ങളുണ്ട്. അതെല്ലാം പാലിച്ചിട്ടില്ലെങ്കില്‍ ബോര്‍ഡര്‍ റിജക്ഷനുണ്ടാകും. അതായത് കണ്‍സൈന്‍മെന്റ് ഇറക്കുമതിക്കാര്‍ മടക്കി അയയ്ക്കും. വളരെ ഗുരുതരമായ പ്രശ്‌നമുണ്ടെങ്കില്‍ നശിപ്പിച്ചു കളയുകയും ചെയ്യും. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയയ്ക്കുന്ന വാഴപ്പഴം തിരിച്ചയയ്ക്കുന്നത് പതിവാണ്. എന്നാല്‍ ബ്രസീലില്‍ നിന്നും വരുന്നവ തിരിച്ചയയ്ക്കാറില്ല. വാഴ നടുന്ന സമയം മുതല്‍ കര്‍ശനമായ ശ്രദ്ധയുണ്ടെങ്കില്‍ മാത്രമെ ബ്രസീലിനെപോലെയാകാന്‍ നമുക്ക് കഴിയൂ.
കയറ്റുമതിയില്‍ ഗുണമേന്മയും വിശ്വാസവും പ്രാധാന്യമര്‍ഹിക്കുന്നു. റിജക്ഷന് പ്രധാന കാരണമാകുന്നത് കീടനാശിനികളുടെ അംശവും ഒളിച്ചിരിക്കുന്ന ചെറിയ രോഗാണക്കളുമാണ്. വിഷാംശം ചെറിയ തോതിലുണ്ടായാല്‍ പോലും പ്രശ്‌നമാണ്. ചില കെമിക്കലുകള്‍ നമ്മുടെ രാജ്യത്ത് അംഗീകൃതമാകാം, പക്ഷെ ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് നിരോധിച്ചിട്ടുണ്ടാകാം. ഇതിനെല്ലാം പരിഹാരം നല്ല അഗ്രികള്‍ച്ചറല്‍ പ്രാക്ടീസുകളാണ്. വിള സംരക്ഷണമാണ് ഇതില്‍ പ്രധാനം. ശാസ്ത്രീയമായിത്തന്നെ വിളകള്‍ വളര്‍ത്തിയെടുക്കണം. മനുഷ്യരെയും മൃഗങ്ങളെയും ചികിത്സിക്കുന്ന അതേ പ്രാധാന്യത്തോടെ വിളകളെ സമീപിക്കണം.
ഇലകള്‍ക്കുണ്ടാകുന്ന ഇലപ്പുള്ളി രോഗം, വാഴവാട്ടം തുടങ്ങിയവയെല്ലാം ദോഷം ചെയ്യും. കാരണം ഇലകളാണ് ചെടിയുടെ അടുക്കള. അതിന് ശക്തിയില്ലെങ്കില്‍ വാഴ കുലയ്ക്കും, പക്ഷെ വീട്ടാവശ്യത്തിന് മാത്രമെ ഉതകൂ. ആഭ്യന്തര വിപണിയില്‍ പോലും വിറ്റഴിയില്ല. ആവര്‍ത്തന കൃഷിയും കായയുടെ ഗുണം നഷ്ടമാക്കും. അമ്ലതയാണ് മറ്റൊരു പ്രശ്‌നം.അധികജലവും തുറന്ന ഇടവും വാഴകൃഷിക്ക് അനുയോജ്യമല്ല. നടീല്‍ വസ്തുക്കളുടെ ഗുണമേന്മയും ഉറപ്പാക്കേണ്ടതുണ്ട്. കന്ന് തെരഞ്ഞെടുക്കുന്നതിന് മാതൃതോട്ടം സന്ദര്‍ശിക്കേണ്ടത് അനിവാര്യമാണ്. കന്നുകള്‍ കൂട്ടിയിട്ട് വില്‍ക്കുന്നിടത്തുനിന്നും വാങ്ങരുത്. ടിഷ്യൂ കള്‍ച്ചര്‍ വാഴകളും ഉത്പ്പാദന കേന്ദ്രത്തില്‍ നിന്നും നേരിട്ടുതന്നെ വാങ്ങണം. ഫീല്‍ഡ് സാനിട്ടേഷന്‍ പരമ പ്രധാനമാണ്, വൃത്തിയില്ലെങ്കില്‍ രോഗാണുബാധയ്ക്ക് സാധ്യതയേറും.
ശാസ്ത്രീയ വളപ്രയോഗമാണ് മറ്റൊരു കാര്യം. മണ്ണറിഞ്ഞ് വളം ചെയ്യണം. പൊട്ടാഷ് മൂലകം വളരെ പ്രധാനമാണ്. എന്നാല്‍ യൂറിയ അത്തരത്തിലല്ല. ജൈവകീടനാശിനികളായ ട്രൈക്കോഡര്‍മ, സ്യൂഡോമൊണാസ് ,ബുവേറിയ ഒക്കെ ഉപയോഗിക്കുന്നതാണ് നല്ലത്. ഇലയിലെ രോഗങ്ങള്‍ക്ക് ബേക്കിംഗ് പൗഡറും സൂര്യകാന്തി എണ്ണയും ഷാംപൂവും ചേര്‍ന്ന മിശ്രിതം അടിക്കുന്നത് ഉചിതമാണ്. ഗോമൂത്രവും ശക്തമായ കീടനാശിനിയാണ്. തുള്ളിനനയും കീടക്കെണികളുമെല്ലാം നല്ല പരിചരണ രീതികളാണ്. ഇത്തരം സംവിധാനങ്ങളൊരുക്കി കയറ്റുമതിക്ക് ഉതകുന്ന വാഴപ്പഴ കൃഷിക്ക് തയ്യാറെടുക്കണമെന്നും ഡോക്ടര്‍ അനിത പറഞ്ഞു. ഡോക്ടര്‍ അനിതയുടെ നമ്പര്‍--9447389745