സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംഎഫ്ആർഐ) എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പുതുതായി രൂപകൽപ്പന ചെയ്ത സെയിൽസ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങളുടെ സൗകര്യാർത്ഥം റോഡരികിലേക്ക് മാറ്റിസ്ഥാപിച്ച സെയിൽസ് കൗണ്ടറിൽ ഇപ്പോൾ ഗോശ്രീ റോഡിൽ നിന്ന് നേരിട്ട് എളുപ്പം എത്താം .
സെയിൽസ് കൗണ്ടറിൽ ഒരു 'ഫാം ഷോപ്പ്' ഉണ്ട്. അവിടെ പച്ചക്കറികളും മത്സ്യവും ഉൾപ്പെടെ പുതിയതും പായ്ക്ക് ചെയ്തതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിൽക്കുന്നു. കൂടാതെ വിത്തുകൾ, സസ്യങ്ങൾ, തീറ്റകൾ, ജൈവ വളം എന്നിവ ലഭ്യമാകുന്ന ഒരു ഫാം സ്റ്റോർ ആണ് എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പുതുതായി രൂപകൽപ്പന ചെയ്ത സെയിൽസ് കൗണ്ടർ .
കൃഷിക്കാർ, കർഷക കൂട്ടായ്‌മകൾ, സ്വാശ്രയ ഗ്രൂപ്പുകൾ എന്നിവയിൽ നിന്ന് നേരിട്ട് വാങ്ങുന്ന ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ 'ഫാം ഷോപ്പ്' വിൽപ്പന ചെയ്യുന്നു. വൃത്തിയാക്കിയ മത്സ്യം, കക്ഷണങ്ങളാക്കിയ പച്ചക്കറികൾ, പഴങ്ങൾ, പോക്കാളി അരി, നാടൻ മുട്ട, പാൽ, പാചക എണ്ണ, പയർവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, നെയ്യ് മുതലായവ മുതൽ ദിവസേന വീട്ടിൽ ഉപയോഗിക്കുന്ന എല്ലാ ഭക്ഷണ, ആരോഗ്യ ഉൽപ്പന്നങ്ങൾ ഫാം ഷോപ്പിൽ ലഭ്യമാണ്.
ശീതീകരിച്ച പഴുത്ത ചക്ക , അസംസ്കൃത ചക്ക , ചക്കകുരു എന്നിവ ഇടനിലക്കാരുടെ ഇടപെടലില്ലാതെ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുന്നതിന് ഈ കടയിൽ സീസണുകളിലുടനീളം ലഭ്യമാണ്.
ഫാം സ്റ്റോറിൽ ദിവസേന തീറ്റകൾ , വിത്തുകൾ, ജൈവവളങ്ങൾ എന്നിവയോടൊപ്പം മത്സ്യകുഞ്ഞുങ്ങൾ , കോഴി കുഞ്ഞുങ്ങൾ, കോഴി കൂടുകൾ , മത്സ്യ കൂടുകൾ , അസോള യൂണിറ്റുകൾ, ഹൈഡ്രോപോണിക് യൂണിറ്റുകൾ എന്നിവ ബുക്കിംഗിന് തയ്യാറാണ് . കൂടാതെ, ഫാം സ്റ്റോറിൽ നിന്ന് വിവിധ കാർഷിക യന്ത്രോഉപകരണങ്ങളും വാടകയ്ക്ക് ലഭ്യമാണ്.
രാജ്യത്തുടനീളം പ്രവർത്തിക്കുന്ന ഐസിഎആർ, കെവികെ എന്നിവയുടെ ശൃംഖല ഉപയോഗപ്പെടുത്തി ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് കെവികെ മേധാവി ഷിനോജ് സുബ്രഹ്മണ്യൻ പറഞ്ഞു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും സെയിൽസ് കൗണ്ടർ രാവിലെ 9.30 മുതൽ വൈകുന്നേരം 7 വരെ തുറന്നിരിക്കും.