കൊല്ലം കോർപ്പറേഷൻറെയും കൃഷിഭവൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് നടന്ന കർഷക ദിനാചരണത്തിൻറെ ഉദ്ഘാടനത്തിനൊപ്പം മികച്ച കർഷകർക്ക് ആരാധ്യയായ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് അവാർഡുകൾ വിതരണം ചെയ്തു.
രാമചന്ദ്രൻ കുരീപ്പുഴ, ശിവദാസൻ ഉളിയക്കോവിൽ ഈസ്റ്റ്, കാർത്ത്യായനി തില്ലേരി , നദീറ മുണ്ടക്കൽ, ഗോപാലകൃഷ്ണ പണിക്കർ, ഫാദർ ഫ്രാൻസിസ് ജോർജ് ബിഷപ്പ് ഹൗസ് തങ്കശ്ശേരി എന്നിവരെയാണ് മികച്ച കർഷകരായി തെരഞ്ഞെടുത്തത്.
ഓരോ കർഷകരുടേയും കൃഷിരീതിയും കൃഷിയും
രാമചന്ദ്രൻ കുരീപ്പുഴ
മഴ മറ, അക്വാപോണിക്സ്, തിരി നന, കുരുമുളക്, വാഴ, തെങ്ങ്, ചേന, ചേമ്പ്, മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവ 37 സെന്റ് സ്ഥലത്ത് നന്നായി ചെയ്തു വരുന്നു
ശശിധരൻ ഉളിയക്കോവിൽ
ടെറസിൽ പച്ചക്കറി കൃഷി ചെയ്യുന്ന അദ്ദേഹം പയർ, വെണ്ട, വഴുതന, തക്കാളി, ഇഞ്ചി എന്നിവ ഇരുന്നൂറിലധികം ഗ്രോബാഗുകളിലായി നട്ടുവളർത്തുന്നു.
ശിവദാസൻ ഉളിയക്കോവിൽ
സ്വന്തം വീടിന്റെ മുമ്പിൽ 9 സെന്റ് സ്ഥലത്ത് മുഖ്യ കൃഷിയായി ചീരയും അതോടൊപ്പം വെണ്ട, പയർ, ചേന കോഴി വളർത്തൽ, ആടുവളർത്തൽ എന്നിവ ചെയ്യുന്നു
കാർത്ത്യായനി തില്ലേരി
എൺപതാം വയസിലും കൃഷിയിൽ ചുറുചുറുക്കോടെ നിൽക്കുന്ന ഇവർ പശു വളർത്തി ഉപജീവനം നടത്തി വരുന്നു.
നദീറ മുണ്ടക്കൽ
ടെറസിൽ പച്ചക്കറി കൃഷിക്ക് പുറമേ ഔഷധസസ്യങ്ങളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഇഞ്ചി, മഞ്ഞൾ, കരിമഞ്ഞൾ, പെരുംജീരകം, സപ്പോർട്ട, എന്നിവ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നു .
ഫാദർ ഫ്രാൻസിസ് ജോർജ്, ബിഷപ്പ് ഹൗസ് തങ്കശ്ശേരി
ഏകദേശം അഞ്ചേക്കർ കൃഷിസ്ഥലം ഉള്ള ബിഷപ്പ് ഹൗസിൽ തെങ്ങിന് പുറമേ അഞ്ഞൂറിലധികം ഏത്തവാഴ, കപ്പവാഴ, റോബസ്റ്റ തുടങ്ങിയ വാഴകളും കിഴങ്ങുവർഗ്ഗങ്ങൾ ആയ ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി എന്നിവയും പച്ചക്കറി കൃഷി, മത്സ്യകൃഷി, കോഴി വളർത്തൽ, കന്നുകാലി വളർത്തൽ എന്നിവയും മാതൃകാപരമായി ചെയ്തുവരുന്നു.
എല്ലു മുറിയെ പണിയെടുത്ത് നമ്മളെ അന്നമൂട്ടുന്ന കർഷകരെ ആദരിക്കുക എന്ന വലിയൊരു സന്തോഷത്തിന്റെ ഭാഗമായിട്ടാണ് ഈയൊരു പരിപാടി ഇവിടെ സംഘടിപ്പിച്ചിട്ടുള്ളതെന്നും വരും വർഷങ്ങളിൽ കൂടുതൽ കർഷകർക്ക് അംഗീകാരങ്ങൾ നൽകാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും
മേയർ പ്രസന്ന എണസ്റ്റ് അഭിപ്രായപ്പെട്ടു.
കർഷകരെ ആദരിക്കുന്ന ഈ പരിപാടി ധാരാളം യുവ കർഷകർക്ക് പ്രചോദനം ആകും എന്നും കൃഷിയിൽ കൂടുതൽ പേർ വ്യാപൃതരായി വേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും കൊല്ലം കൃഷിഭവൻ അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ പ്രകാശ് ടി പറഞ്ഞു.
കൗൺസിലർ ജോർജ്ജ് ഡീ കാട്ടിൽ അധ്യക്ഷനായ ചടങ്ങിൽ കൃഷി ഫീൽഡ് ഓഫീസർ പ്രകാശ് ടി സ്വാഗതം പറഞ്ഞു. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി പവിത്ര യു ആശംസകൾ നേർന്നു. കൃഷി അസിസ്റ്റന്റ് പ്രമോദ് വി നന്ദി പ്രകാശിപ്പിച്ചു.