പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്ത് പ്രദേശത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്ന ,മലമ്മക്കാവ്, പടിഞ്ഞാറേതിൽ വിശ്വനാഥന്റെ ഇരുപത് ഏക്കർ നെൽകൃഷിയിടത്തിൽ കൊയ്ത്ത് മെഷ്യൻ ഒരല്പം കൊയ്തപ്പോഴാണ് എല്ലാ പ്രതീക്ഷകളും തകർത്ത് രാജ്യം ലോക് ഡൗണിലായത്, താണു കേണു പറഞ്ഞിട്ടും തമിഴ്നാട്ടിലെ യന്ത്ര പണിക്കാർ പാതി വഴിയിൽ പണിയുപേക്ഷിച്ച് മടങ്ങി.
പകുതിയിട്ട നെല്ലും, കൊയ്തൊഴിയാത്ത നെൽപാടവും, മാനത്തെ കാർമേഘങ്ങളും നോക്കി കടബാധ്യതകളുടെ വേദനയാൽ, കടുത്ത നിരാശയിൽ വിശ്വനാഥന് ഉറക്കം നഷ്ടപ്പെട്ടു. നെല്ല് കൊയ്തെടുക്കാനാകാതെ നശിക്കുന്ന ഘട്ടം, സഹായം തേടി പലരെയും സമീപിച്ച ആശങ്കയുടെ നാളുകൾ.
വിവരമറിഞ്ഞ ആനക്കര കൃഷിഭവനിലെ കാർഷിക ഉദ്യോഗസ്ഥർ വിശ്വനാഥനെ ആശ്വാസിപ്പിച്ചു.
നെല്ല് കൊയ്തെടുക്കാനാകാതെ കർഷകർ പ്രയാസപ്പെടരുതെന്ന സംസ്ഥാന സർക്കാരിന്റെ കർശന നിർദ്ദേശങ്ങളും, ബഹു: കൃഷി വകുപ്പ് മന്ത്രി അഡ്വ: സുനിൽ കുമാറിന്റെ സമീപനങ്ങളുമാണ് വിശ്വനാഥന്റെ രക്ഷക്കെത്തിയത്.
കൃഷി ഓഫിസർ എം.പി സുരേന്ദ്രൻ ഇടപെട്ട്, കൊല്ലംങ്കോട് നിന്ന് കൊയ്ത്ത് മെഷ്യനെത്തിച്ചു. സപ്ലയ്ക്കോ നെല്ല് സംഭരണത്തിനായുള്ള ലോറിയും എത്തിച്ചു. കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് വീഴാവുന്ന വിശ്വനാഥന്റെ കൃഷിയിടം മുഴുവൻ കൊയ്തെടുത്തു, മുഴുവൻ നെല്ലും സപ്ലയ്ക്കോ ഏറ്റെടുത്തു.
തന്റെ ദുരിതകാലത്തെ, സർക്കാർ സംവിധാനത്തിലുടെ തരണം ചെയ്തെടുത്ത വിശ്വനാഥന് സർക്കാരിനോടുള്ള കടപ്പാടും മറക്കാൻ കഴിഞ്ഞില്ല. നെല്ല് വിറ്റ് ആദ്യ തുകയായ് കിട്ടിയ ഇരുപത്തയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ തീരുമാനിച്ചു.
തുക ആനക്കര കൃഷിഭവനിൽ നേരിട്ടെത്തി പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് വേണു മാസ്റ്ററുടേയും, പഞ്ചായത്ത് സെക്രട്ടറി ശ്രിദേവിയുടെയും, സിനിയർ കൃഷി അസിസ്റ്റന്റ് ഗിരീഷിന്റെയും സാന്നിധ്യത്തിൽ കൃഷി ഓഫിസർ എം.പി സുരേന്ദ്രന് കൈമാറി.
കർഷകരെ അളവറ്റ് സഹായിച്ചുകൊണ്ടിരിക്കുന്ന സർക്കാരിനെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന അത്യാവശ്യഘട്ടത്തിൽ കഴിയും വിധം തിരിച്ചും കർഷകർ പിന്തുണക്കണമെന്നാണ് വിശ്വനാഥന്റെ പക്ഷം.
കർഷകൻ നല്കിയ തുക ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ മുഖാന്തിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
ഗിരീഷ് .സിഅഗ്രിക്കൾച്ചർ അസിസ്റ്റന്റ്
കൃഷിഭവൻ, ആനക്കര