കര്‍ഷകര്‍ക്ക് ഓൺലൈനിലൂടെ നേരിട്ട് റബര്‍ഷീറ്റുകൾ വിൽക്കാം. വില പേശി വാങ്ങാനും അവസരം. റബര്‍ബോര്‍ഡിൻെറ ഇ-ട്രേഡിങ് പ്ലാറ്റ്‍ഫോം അടുത്തമാസത്തോടെ. വിൽപ്പന ഓൺലൈനിലേക്ക്.
റബര്‍ വ്യാപാരത്തിന് അടുത്ത മാസം മുതൽ ഓൺലൈൻ സംവിധാനം വരുന്നു. റബര്‍ഷീറ്റും, ബ്ലോക്ക് റബറും ലാറ്റക്സും ഒക്കെ ഓൺലൈനിലൂടെ വിൽക്കാൻ അവസരം ഒരുക്കുന്നത് റബര്‍ ബോര്‍ഡാണ്. അടുത്ത മാസത്തോടെ സംവിധാനം നിലവിൽ വന്നേക്കും. റബര്‍ കര്‍ഷകര്‍, റബര്‍ ബോര്‍ഡ് ലൈസൻസുള്ള വ്യാപാരികൾ, കമ്പനികൾ തുടങ്ങിയവയ്ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്താൻ ആകും എന്നതാണ് പ്രധാന സവിശേഷത.
എംറൂബ് എന്ന പുതിയ പ്ലാറ്റ്‍ഫോമാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ഒന്നാംഗ്രേഡു മുതൽ അഞ്ചാം ഗ്രേഡു മുതലുള്ള റബര്‍ഷീറ്റുകൾ ആപ്പിലൂടെ വിൽക്കാൻ ആകും. കര്‍ഷകര്‍ക്ക് റബര്‍ ഷീറ്റിൻെറ ഗ്രേഡും, തൂക്കവും, പ്രതീക്ഷിക്കുന്ന വിലയും ഒക്കെ അപ്‍ലോഡ് ചെയ്യാം. വിലപേശി വാങ്ങാനും അവസരമുണ്ട്. കര്‍ഷക കൂട്ടായ്മകൾക്കും മറ്റും റബര്‍ സ്വരൂപിച്ച് നേരിട്ട് വൻകിട കമ്പനികൾക്കും വ്യാപാരികൾക്കും വിൽക്കാം.
മിനിമം തൂക്കം നിശ്ചയിച്ചേക്കും. അഹമ്മദാബാദിലെ ഐസോഴ്സിങ് ടെക്നോളജി കമ്പനിയാണ് റബര്‍ബോര്‍ഡിനു വേണ്ടി ഓൺലൈൻ പ്ലാറ്റ്‍ഫോം തയ്യാറാക്കുന്നത്. നിലവാരമുള്ള റബറാണ് ഇങ്ങനെ ഓൺലൈനിലൂടെ വിൽക്കാൻ ആകുക. കര്‍ഷകര്‍ക്കോ ഡീലര്‍ക്കോ റബര്‍ നിലവാരം സര്‍ട്ടിഫൈ ചെയ്യാം.
റബര്‍ ബോര്‍ഡിൻെറ ക്വാളിറ്റി സര്‍ട്ടിഫിക്കേഷനും ലഭ്യമാണ്. കര്‍ഷകര്‍ക്ക് നേരിട്ട് കമ്പനികളുമായി വ്യാപാരം നടത്താനുള്ള അവസരം ലഭിക്കും എന്നതാണ് പ്രധാന മെച്ചം.