തൃശൂര്‍ ജില്ലയിലെ ആളൂര്‍ ഗ്രാമപഞ്ചായത്തിലാണ് അയ്യന്‍പട്ക്ക. കൃഷി കനകം കൊയ്യുന്ന പ്രവൃത്തിയല്ല എന്ന തിരിച്ചറിവുണ്ടായിട്ടും മണ്ണിനെയും കൃഷിയേയും സ്‌നേഹിക്കുന്ന ഒരു കൂട്ടം കര്‍ഷകര്‍ അവിടെ പച്ചക്കറിയും വാഴയുമൊക്കെ കൃഷി ചെയ്യുകയാണ്. അവര്‍ കൃഷി നിര്‍ത്തിയാലെ ഭൂമാഫിയയ്ക്ക് ക്രമേണയെങ്കിലും അതിനെ കരഭൂമിയാക്കി മാറ്റി മണലെന്ന കനകം കൊയ്യാന്‍ കഴിയൂ. ഭൂമാഫിയയ്‌ക്കൊപ്പം എന്നും ഉണ്ടാകുക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉദ്യോഗസ്ഥ വൃന്ദവുമാണ്.
കര്‍ഷകര്‍ക്കൊപ്പം കരയാന്‍ പ്രകൃതി മാത്രമെ ഉണ്ടാവൂ. അത്തരമൊരിടത്ത് ധൈര്യപൂര്‍വ്വം നിലപാടെടുത്ത ഒരു രാഷ്ട്രീയ നേതാവിന്റെയും അയാള്‍ക്ക് പിന്തുണ നല്‍കുന്ന കര്‍ഷകരുടെയും സമരമാണ് തുമ്പൂരില്‍ കോടതിയുടെ സഹായത്തോടെ വിജയിച്ചത്. ആ വിപ്ലവകരമായ വിജയത്തിന്റെ പ്രചോദനത്തിലാണ് അയ്യന്‍പട്ക്കക്കാര്‍. അവിടെയും സമരനേതൃത്വം ലോക്താന്ത്രിക് യുവജനതാ ദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടനുതന്നെയാണ്. ഈ സമരവും വിജയിക്കുമെന്നാണ് പ്രകൃതിസ്‌നേഹികളുടെയും തണ്ണീര്‍ത്തട സംരക്ഷകരുടെയും പ്രതീക്ഷ. വലിയ തോതില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധ പതിയേണ്ട ഈ വിഷയം ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കാന്‍ കൃഷി ജാഗരണും അഗ്രികള്‍ച്ചര്‍ വേള്‍ഡ് മാസികയും ശ്രമം നടത്തിവരുകയാണ്.
ഒരു വശത്ത് കോടിക്കണക്കിന് രൂപ മുടക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാനും മഴക്കുഴികളുണ്ടാക്കാനും നശിച്ച തോടുകളെയും തണ്ണീര്‍ തടങ്ങളെയും പുനരുജ്ജീവിപ്പിക്കാനും ശ്രമം നടക്കുമ്പോള്‍ മറ്റൊരിടത്ത് തണ്ണീര്‍ത്തടങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. രണ്ടും പണം കൊണ്ടുവരും എന്നതാണോ അതിലെ സ്ഥാപിത താത്പ്പര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാറാണത്തു. ഭ്രാന്തന്റെ രീതിയാണ് സര്‍ക്കാരുകള്‍ അവലംബിക്കുന്നതെന്ന് പറയാതെ വയ്യ. കല്ലുരുട്ടി മല മുകളില്‍ കയറ്റുകയും അതിനെ തോഴോട്ടുവിട്ട് രസിക്കുകയും ചെയ്യുന്ന നാറാണത്തു ഭ്രാന്തന്മാരുടെ എണ്ണം കൂടിവരുകയാണ് ലോകത്താകമാനം. കേരളം മാത്രം എന്തിന് മാറി നില്‍ക്കണം എന്നാകും സമീപനം.
അയ്യന്‍പട്ക്കയുടെ കഥയിങ്ങനെ. വളരെ സമാധാനപരമായി കുറേകര്‍ഷകര്‍ കൃഷിചെയ്തുവരുന്ന 50 ഏക്കര്‍ പ്രദേശമാണ് അവിടെയുള്ളത്.ഇവിടെ വടുവന്‍തോട്ടില്‍ കുടിവെള്ളത്തിന് എന്നു പറഞ്ഞ് തടയണ കെട്ടാനുള്ള ശ്രമം ആദ്യം നടന്നത് 17 വര്‍ഷം മുന്‍പാണ്. അന്നതിന് തടയിടാനും കോടതിയുടെ സഹായം വേണ്ടിവന്നു. എന്നാല്‍ ദുഷ്ടബുദ്ധികളുടെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിന് ശാശ്വതപരിഹാരമുണ്ടാക്കാനാണ് കര്‍ഷകര്‍ 2016ല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബഞ്ച് പ്രശ്‌നം റവന്യൂ ഡിവിഷണല്‍ ഓഫീസറോ ജില്ലാ മജിസ്‌ട്രേറ്റോ ആഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റോ ഇടപെട്ട് അവസാനിപ്പിക്കേണ്ടതാണ് എന്ന് വിധി പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ 2017 ജനുവരി 30ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിറക്കുകയും ചെയ്തു. അതില്‍ പറയുന്നതിങ്ങനെ .ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഡബ്ല്യുപി(സി)37589/16 നമ്പര്‍ ഉത്തരവ് പ്രകാരവും ചാലക്കുടി അഡീഷണല്‍ തഹസീല്‍ദാരുടെ റിപ്പോര്‍ട്ടുപ്രകാരവും ആളൂര്‍ ഗാമപഞ്ചായത്തിന്റെ അധീനതയിലുള്ള വടിയന്‍ചിറ പാടത്ത് നിന്ന് തുടങ്ങി തൊമ്മാന പാടത്ത് അവസാനിക്കുന്നതുമായ വടിയന്‍ ചിറ തോടില്‍ അയ്യന്‍പട്ക്ക എന്ന സ്ഥലത്ത് അനധികൃതമായി ചിറ നിര്‍മ്മിച്ചതുമൂലം വടിയന്‍ചിറ പാടത്തും പരിസര പ്രദേശങ്ങളിലും വെളളക്കെട്ട് അനുഭവപ്പെടുന്നുണ്ടെന്നും തന്‍മൂലം പരിസരവാസികളുടെ പലവിധ കൃഷികളും നശിച്ചുകൊണ്ടിരിക്കയാണെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നു കാണുന്നതിനാല്‍ ഈ ഉത്തരവ് ലഭിച്ചാലുടന്‍ വടിയന്‍ചിറ തോട്ടില്‍ അനധികൃതമായി നിര്‍മ്മിച്ചിട്ടുളള തടസങ്ങളെല്ലാം നീക്കി തോട് പൂര്‍വ്വസ്ഥിതിയിലാക്കേണ്ടതാണെന്നും ഉത്തരവനുസരിച്ചില്ലെങ്കില്‍ ഈ ഉത്തരവ് സ്ഥിരപ്പെടുത്താതിരിക്കാനുള്ള കാരണം 2017 ഫെബ്രുവരി എട്ടിന് കോടതി മുന്‍പാകെ സമര്‍പ്പിക്കണം എന്നുമായിരുന്നു.
വര്‍ഷം ഏറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടായിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ല എന്നു കാണുന്നത് നമ്മുടെ റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ പിടിപ്പുകേടായി കാണേണ്ടിയിരിക്കുന്നു. ജില്ലാ കളക്ടറും ജനപ്രതിനിധികളും കര്‍ഷകരും ചേര്‍ന്നിരുന്ന് ഒറ്റ ദിവസം കൊണ്ട് തീര്‍ക്കേണ്ടതാണീ വിഷയം. നിയമലംഘനം നടത്തുന്നവരെ പ്രതികളാക്കി കേസ്സെടുക്കുകയും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യേണ്ട അധികാരികള്‍ എന്താണ് ഒളിച്ചുകളി നടത്തുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇതിനെ ഒരു പ്രാദേശിക വിഷയം എന്ന നിലയില്‍ കാണാതെ സംസ്ഥാനത്തെ പ്രകൃതി-പരിസ്ഥിതി -കര്‍ഷക പ്രവര്‍ത്തകര്‍ ഏറ്റെടുക്കും എന്ന് പ്രതീക്ഷിക്കാം.