തൃശ്ശൂർ: പരമ്പരാഗത നെല്‍വിത്തുകള്‍ക്കു പകരം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മേനി കൊയ്യുന്ന നെല്‍വിത്തുകള്‍ പരീക്ഷിക്കാന്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കണിമംഗലം പാടശേഖരത്തില്‍ പുതുതായി കൃഷിയിറക്കുന്നതിന്റെ മുന്നോടിയായി വെള്ളം വറ്റിക്കുന്നതിനായുള്ള പമ്പിംഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തവണ ഏറ്റവും മികച്ച രീതിയില്‍ വിളവെടുക്കുന്ന പാടശേഖരമായി കണിമംഗലം മാറണം. ഇതിനായി സംഘടിതമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കൃഷി, ഇറിഗേഷന്‍ എന്നീ വകുപ്പുകളിലെ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ കണിമംഗലത്തെയും അന്തിക്കാട്ടെയും പാടശേഖരങ്ങള്‍ക്ക് ലഭിക്കാനുള്ള പമ്പിങ് സബ്‌സിഡി ഉടന്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് അനുകൂലമായ രീതിയില്‍ ഇറിഗേഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ആക്ട് നടപ്പിലാക്കുന്ന കാര്യത്തില്‍ ഇത്തവണ കോള്‍ കര്‍ഷകര്‍ക്ക് ഇളവ് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബന്ധപ്പെട്ട വാർത്തകൾ: കരനെല്‍ക്കൃഷിയില്‍ നല്ല വിളവു നേടാം
കണിമംഗലം പാട് ശേഖരത്തിനു സമീപം നടന്ന ചടങ്ങില്‍ കണിമംഗലം കോള്‍ കര്‍ഷകസമിതി സബ് കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ രാഹുല്‍ നാഥ്, എബിന്‍ വര്‍ഗീസ്, കണിമംഗലം കോള്‍ കര്‍ഷക സമിതി സബ് കമ്മിറ്റി സെക്രട്ടറി സുരേഷ് കുളങ്ങര, പാറളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത്, ചേര്‍പ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാലിനി, കൃഷി ഓഫീസര്‍ ബൈജു ബേബി, വില്ലേജ് ഓഫീസര്‍ ജിഷ, കെ ഡി എ മെമ്പര്‍ രവീന്ദ്രന്‍ , ഏനാമാക്കല്‍ ഇറിഗേഷന്‍ സെക്ഷന്‍ എഞ്ചിനീയര്‍ സിബു, അമ്മാടം ഇലക്ട്രിക് സെക്ഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അംബിക, കണിമംഗലം കോള്‍ കര്‍ഷകസമിതി സബ് കമ്മിറ്റി ട്രഷറര്‍ റോയ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, കണിമംഗലം കോള്‍ കര്‍ഷക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.