ഖാരിഫ് സീസണിൽ വിത്തെറിയുന്നതിന് മുന്നോടിയായി കർഷകർക്കായി ആശ്വാസത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. അതായത്, ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഖാരിഫ് വിളകൾക്കായുള്ള വളത്തിന്റെ സബ്‌സിഡി വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ഇതിലൂടെ കർഷകർക്ക് വഹിക്കേണ്ട സാമ്പത്തിക ഭാരത്തിൽ നിന്നും ആശ്വാസമുണ്ടാകും. വളം വാങ്ങാൻ ചെലവാക്കുന്ന തുകയിൽ നിന്നും കുറച്ച് ഇളവ് ഇതിലൂടെ കർഷകന് ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: വളം അധികമായാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ : Problems due to excess use of fertilizers
2023 സാമ്പത്തിക വർഷത്തിലേക്കുള്ള സബ്സിഡി തുകയിൽ വർധനവ്
ഏറ്റവും പുതിയതായി വരുന്ന വാർത്തയിൽ 2023 ലേക്കുള്ള ഖാരിഫ് വിളകളുടെ സബ്സിഡി വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചതായും, P&K വളങ്ങൾ ഇനി മുതൽ വലിയ തുക മുടക്കാതെ കർഷകർക്ക് ലഭ്യമാകുമെന്നും സൂചിപ്പിക്കുന്നു. അതായത്, 21,000 കോടി രൂപയിൽ നിന്നും 60,000 കോടി രൂപയിലേക്ക് വളങ്ങൾക്കുള്ള സബ്സിഡി ഉയർത്തിയിട്ടുണ്ട്.
സബ്‌സിഡി വർധിപ്പിക്കുന്നതിലൂടെ കർഷകർക്ക് ലഭിക്കുന്ന രാസവളങ്ങളുടെ വില വർധിക്കാതിരിക്കുകയും പഴയ വിലയിൽ തന്നെ വളം ലഭിക്കുകയും ചെയ്യും.
ആഗോള അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായാണ് NPK (നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K) വളങ്ങളുടെ സബ്‌സിഡി 50 ശതമാനം വർധിപ്പിക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
60,000 കോടി രൂപ ചെലവ് വരുന്ന ഒരു ബാഗിന് സബ്‌സിഡി 1,650 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്താനുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരിക്കുകയായിരുന്നു. ഏപ്രിൽ 1 മുതൽ പുതിയ സബ്‌സിഡി നിരക്കുകൾ നിലവിൽ വരും.
കഴിഞ്ഞ വർഷം ജനുവരി മുതൽ രാജ്യാന്തര വിപണിയിൽ രാസവളങ്ങളുടെ വില തുടർച്ചയായി വർധിക്കുന്നുണ്ടെന്നും ഇതുമൂലം രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വില ഉയരുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. കൂടാതെ, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധ പശ്ചാത്തലവും ഇന്ത്യയിലെ രാസവളങ്ങളുടെ ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളത്തിന് നൽകുന്ന സബ്‌സിഡി വർധിപ്പിക്കുന്നത് വഴി വില കൂടുന്നത് പ്രതിരോധിക്കാനാകും.
രാസവളത്തിന് ക്ഷാമം ഉണ്ടാകില്ല
ആഗോളതലത്തിൽ പ്രതികൂല സാഹചര്യമുണ്ടായിട്ടും ഈ വർഷം രാസവളത്തിന് ക്ഷാമമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്. ഈ വർഷം ഖാരിഫ് സീസണിൽ (ജൂൺ-ജൂലൈ മാസങ്ങളിൽ ) 354 ലക്ഷം ടൺ വളത്തിന്റെ ആവശ്യമുണ്ടായിട്ടുണ്ട്. അതിനാൽ ഈ കാലയളവിൽ 485 ലക്ഷം ടൺ രാസവളം ലഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഈ കണക്കിൽ ആഭ്യന്തര വളങ്ങളും ഇറക്കുമതി ചെയ്യുന്ന വളങ്ങളും ഉൾപ്പെടുന്നു. ഫെബ്രുവരി മാസത്തിൽ സർക്കാർ ബജറ്റ് അവതരിപ്പിച്ചപ്പോൾ വളങ്ങളുടെ സബ്‌സിഡിയിലും വൻ വെട്ടിക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ യൂറിയ സബ്‌സിഡിക്കായി 63,222 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ, ബജറ്റിൽ രാസവളങ്ങളുടെ സബ്‌സിഡി കുറച്ചതായും പ്രഖ്യാപിച്ചിരുന്നതാണ്.
എന്താണ് ഖാരിഫ് വിളകൾ?
ജൂൺ-ജൂലൈയിൽ തുടങ്ങി സെപ്തംബർ- ഒക്ടോബറിൽ വിളവെടുക്കുന്ന വിളകളാണ് ഖാരിഫ് വിളകൾ. മഴക്കാല കൃഷിയെന്നും പറയാം. നെല്ല്, ചോളം, പരുത്തി, ജോവർ,ബജ്റ, റാഗി, ചണം തുടങ്ങിയ വിളകളാണ് ഖാരിഫ് കൃഷിയിൽ ഉൾപ്പെടുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: 90% സർക്കാർ സഹായത്തോടെ പ്രതിമാസം 2 ലക്ഷം രൂപ വരെ സമ്പാദിക്കാനുള്ള ബിസിനസ്സ്!