Updated on: 3 December, 2023 3:48 PM IST
മീന്‍വില്ക്കുന്ന വനിതകള്‍ക്ക് തൊഴില്‍സഹായസംവിധാനങ്ങള്‍ ലഭ്യമാക്കണം: വനിതാ കമ്മിഷന്‍

കൊല്ലം: മീന്‍വില്ക്കുന്ന വനിതകള്‍ക്ക് വിപണന സൗകര്യത്തിനായി സഹായസംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പള്ളിത്തോട്ടം തോപ്പ് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഹാളില്‍ മേഖലയിലെ സ്ത്രീകള്‍നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യവെ കുറഞ്ഞ പലിശനിരക്കില്‍ ഇരുചക്രവാഹനവും ധനസഹായവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

മീന്‍വില്പന സുഗമാക്കുന്നതിന് നഗരത്തില്‍ വാഹനസൗകര്യം ഏര്‍പ്പെടുത്താം. സ്വകാര്യ പണമിടപാടിന്റെ സാമ്പത്തികഭാരം മറികടക്കുന്നതിന് സ്വയം സഹായ സംഘങ്ങളും സഹകരണ സംഘങ്ങളും മുഖേന കുറഞ്ഞ പലിശനിരക്കില്‍ ധനസഹായം നല്‍കണം. സാമൂഹിക അംഗീകാരവും ഈ വിഭാഗത്തിന് ഉറപ്പാക്കേണ്ടതുണ്ട്.

35 ലക്ഷം പേര്‍ നേരിട്ടും മൂന്നു ലക്ഷം പേര്‍ അനുബന്ധമായും മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. മത്സ്യതൊഴിലാളി മേഖലയ്ക്ക് മതിയായ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. പ്രാദേശിക വിപണനത്തിനും കച്ചവട സംവിധാനം ഒരുക്കുന്നതിനും ബജറ്റില്‍ 35 കോടി രൂപയാണ് വകയിരുത്തിയത് എന്നും പി സതീദേവി വ്യക്തമാക്കി.

വനിതാ കമ്മിഷന്‍ അംഗം വി ആര്‍ മഹിളാമണി അധ്യക്ഷയായി. അംഗമായ ഇന്ദിരാ രവീന്ദ്രന്‍, ഫിഷറീസ് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ സി. പ്രിന്‍സ്, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ എന്നിവര്‍ സംസാരിച്ചു. ചര്‍ച്ച വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന നയിച്ചു.

പബ്ലിക് ഹിയറിങില്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളും നിര്‍ദേശങ്ങളും:

  • ഹാര്‍ബറില്‍ നിന്നും മത്സ്യം വാങ്ങി വില്പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക വാഹനം സജ്ജമാക്കണം. ദൂരസ്ഥലങ്ങളിലേക്ക് ഓട്ടോകളില്‍ ഉള്‍പ്പടെ മത്സ്യം കൊണ്ടുപോകുന്നതിന് വലിയതുക കൂലിനല്‍കേണ്ടി വരുന്നുണ്ട്.

  • ഹാര്‍ബറില്‍ വനിതകള്‍ക്കായി ശുചിമുറി സൗകര്യം വേണം.

  • ബാങ്ക് വായ്പ ലഭ്യമാക്കണം. ലോണ്‍ അടച്ചു തീര്‍ത്താലും തുടര്‍ന്ന് വായ്പ നല്‍കാത്തതിന് പരിഹാരം വേണം.

  • കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായവര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

  • ഹാര്‍ബറില്‍ നിന്നും ഉപയോഗയോഗ്യമല്ലാത്ത മീന്‍ ഇടകലര്‍ത്തി നല്‍കുന്നത് തടയണം.

  • ക്ഷേമനിധി ആനുകൂല്യം ലഭ്യമാക്കണം.

  • സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച് അവബോധം നല്‍കണം

  • ഹാര്‍ബറില്‍ കൃത്യമായി മത്സ്യം തൂക്കിനല്‍കുന്നതിന് സംവിധാനം ഒരുക്കണം.

  • പുലര്‍ച്ചെ രണ്ടിന് ഹാര്‍ബറില്‍ മീന്‍ വാങ്ങാന്‍ പോകുന്നതിന് വനിതാ മത്സ്യതൊഴിലാളികള്‍ക്ക് യാത്രാസൗകര്യം വേണം.

  • അനുബന്ധ മത്സ്യതൊഴിലുകള്‍ ചെയ്യുന്നവരേയും മത്സ്യതൊഴിലാളികളായി തന്നെ കണക്കാക്കണം.

English Summary: Fisherwomen should be provided with employment support systems: Women's Commission
Published on: 02 December 2023, 08:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now