കൃഷിമേഖലയെ പ്രതിസന്ധിയിലാക്കി തുടർച്ചയായി രണ്ടാം വർഷവും പ്രളയം.ഓണം വിപണി ലക്ഷ്യമിട്ടുള്ള പച്ചക്കറിക്കൃഷി ഉൾപ്പെടെ നാശത്തിന്റെ വക്കിലാണ്.ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദനം നടക്കുന്ന കുറവിലങ്ങാട്, കാണക്കാരി, ഞീഴൂർ, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ പഞ്ചായത്തുകളിൽ ഓണം വിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറിക്കൃഷിയുടെ ഉൽപാദനത്തിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ. തോരാമഴയിലും പ്രളയ ജലത്തിലും മുങ്ങിയ ജില്ലയിലെ കാർഷിക മേഖലയിൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. ഓണത്തിനു വിളവെടുക്കാൻ പാകത്തിൽ കൃഷിയിറക്കിയ നൂറുകണക്കിനു ഹെക്ടർ കൃഷിഭൂമി ദിവസങ്ങളായി മുങ്ങിക്കിടക്കുകയാണ്. പ്രളയജലം ഇറങ്ങിത്തുടങ്ങിയെങ്കിലും മഴപ്പെയ്ത്തുവെള്ളം ഇറങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. കപ്പ, വാഴ, പച്ചക്കറി വിളകൾക്കാണു കൂടുതൽ നാശം. ജാതി മരത്തോട്ടങ്ങളിലും വൻ നാശമുണ്ട്.ഹെക്ടർ കണക്കിനു നെൽകൃഷിയും വെള്ളത്തിലായി. വെള്ളം കെട്ടിക്കിടക്കുമ്പോൾ ഏറ്റവും ആദ്യം നശിക്കുന്ന മരച്ചീനി , പാകമാകും മുൻപേ കർഷകർ കിട്ടിയ വിലയ്ക്കു പറിച്ചു വിറ്റു തുടങ്ങി. വാഴക്കൃഷിയെയും ജാതിയെയും മഴവെള്ളം എങ്ങനെ ബാധിച്ചുവെന്നതിന്റെ യഥാർഥ ചിത്രം അറിയാൻ ഒരാഴ്ചകൂടി കഴിയണം.
2 ദിവസത്തിനുള്ളിൽ കൃഷി മേഖലയിലുണ്ടായ നഷ്ടം 2.97 കോടി രൂപയെന്നു കൃഷിവകുപ്പ്...അതിരമ്പുഴ, മുത്തോലി, പായിപ്പാട്, കൊഴുവനാൽ, വെളിയന്നൂർ, വിജയപുരം, പൂഞ്ഞാർ തെക്കേക്കര, തലയോലപ്പറമ്പ്,മണർകാട്, കാണക്കാരി, വാകത്താനം, കറുകച്ചാൽ, മണിമല പഞ്ചായത്തുകളിലാണ് നഷ്ടം കൂടുതൽ. 1,604 കർഷകരെ മഴ ബാധിച്ചു എന്നാണ് ഇന്നലത്തെ കണക്ക്. മഴയ്ക്കൊപ്പം വന്ന ചുഴലിക്കാറ്റിൽ പെരുമ്പാവൂർ മേഖലയിൽ ആയിരക്കണക്കിനു കുലവാഴകൾ ഒടിഞ്ഞുവീണു.ഹൃസ്വകാല വിളയായ പച്ചക്കറി കൃഷിയിലും വൻ നഷ്ടമുണ്ടായി. ചില നെൽപ്പാടങ്ങൾ ഒന്നാകെ വെള്ളത്തിലായിട്ടു ഒരാഴ്ചയിലേറെയായി. ഇതും ആശങ്ക ജനിപ്പിക്കുന്നു. നേന്ത്രക്കായയ്ക്കു കിലോ ഗ്രാമിനു ഇപ്പോൾ 30–35 രൂപയാണു കർഷകനു ലഭിക്കുന്നത്. ഓണത്തോടടുക്കുമ്പോൾ 40 രൂപയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. പാട്ടഭൂമിയിൽ.ഒരു വാഴ കൃഷിചെയ്തു കുലവെട്ടുമ്പോഴേക്കും 150 രൂപ ചെലവു വരും..കൃഷിനാശമുണ്ടായില്ലെങ്കിൽ 350– 400 രൂപ ഒരു വാഴയിൽ നിന്നു ലഭിക്കും. ഓഗസ്റ്റ് മുതൽ ജനുവരി വരെയാണു പച്ചക്കറി കൃഷി. പച്ചക്കറി ചെടികൾ പൂവിടുന്ന സമയമാണിത്. വെള്ളക്കെട്ടിലായതോടെ ആ പ്രതീക്ഷയും പോയി.നിലവിൽ, കർഷകരിൽ നിന്നു നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ കൃഷിഭവനുകൾ വഴി സ്വീകരിക്കുന്നുണ്ട്.