ആലപ്പുഴ: ട്രാന്‍സ്പരന്റ് നിറങ്ങള്‍ ഉപയോഗിച്ച് സ്റ്റെയിന്‍ലസ് സ്റ്റീലില്‍ പൂക്കള്‍ വിരിയിച്ച് കലാസ്വാദാകരുടെ മനം കവര്‍ന്ന് 'മൂഡി ബ്ലൂംസ്'.
ലോകമേ തറവാട് കലാപ്രദര്‍ശനത്തോടനുബന്ധിച്ച് വില്യം ഗുടേക്കര്‍ ആന്റ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ വേദിയിലാണ് ജനങ്ങളെ വിസ്മയിപ്പിക്കുന്ന കലാസൃഷ്ടി സ്ഥാപിച്ചിട്ടുള്ളത്.
'ഹൈപ്പര്‍ ബ്ലൂംസ്' എന്ന കലാ സൃഷ്ടിക്കൊണ്ട് രാജ്യത്തെ സ്‌കള്‍പ്ച്ചര്‍ കലാ രംഗത്ത് ശ്രദ്ധേയനായ അലക്‌സ് ഡേവിസാണ് ഇതിന്റെ സൃഷ്ടാവ്.
ഇന്ത്യന്‍ ആര്‍ട്ട് ഫെയര്‍ അടക്കമുള്ള രാജ്യാന്തര കലാ പ്രദര്‍ശനങ്ങളില്‍ അലക്‌സിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോഹത്തില്‍ നിന്നും ഇത്രയും മനോഹരമായ പൂക്കള്‍ സൃഷ്ടിക്കാന്‍ തനിക്ക് പ്രചോദനമാകുന്നത് പ്രകൃതിയും യാത്രകളുമാണെന്ന് അലക്‌സ് പറയുന്നു.
വീടുകളുടെയും സ്ഥാപനങ്ങളുടേയും ഇന്റീരിയര്‍ രൂപകല്‍പനയില്‍ ഏറെ മനോഹരിതയേകുന്ന കലാ സൃഷ്ടിയാണ് അലക്‌സിന്റേത്.
57 കാരനായ അലക്‌സ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. ഡല്‍ഹിയില്‍ താമസക്കാരനാണ്.