തീറ്റപ്പുല്ല് കൃഷി കേരളത്തിലുടനീളം പ്രചാരത്തിലുണ്ട്. ഏതൊരു കന്നുകാലി സംരംഭത്തിലേക്ക് കടന്നു ചെല്ലുന്നതിനു മുൻപ് തീറ്റപ്പുല്ല് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്. സി ഒ-3 , സി ഒ-4, പെരിയകുളം, തുമ്പൂർമുഴി തുടങ്ങി പുല്ലിനങ്ങൾ കേരളത്തിൽ പ്രചാരത്തിലുള്ള പുല്ലിനങ്ങളാണ്. എന്നാൽ ഇന്ന് കേരളത്തിലെ കർഷകർക്ക് ഏറെ പ്രിയപ്പെട്ടത് "സൂപ്പർ നേപ്പിയർ" എന്ന സങ്കരയിനം പുല്ലിനത്തോടാണ്. സൂപ്പർ നേപ്പിയർ മറ്റു പുല്ലിനങ്ങളെക്കാൾ പ്രോട്ടീൻ സമ്പന്നമായതു കൊണ്ട് കന്നുകാലികളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. സൂപ്പർ നേപ്പിയറിന്റെ തണ്ട് വളരെ മൃദുലം എന്നുമാത്രമല്ല ഇലകൾക്ക് അൽപ്പം മാധുര്യം ഉണ്ട്. അതുകൊണ്ട് തന്നെ കർഷകർക്കും മിണ്ടാപ്രാണികൾക്കും ഏറെ പ്രിയം സൂപ്പർ നേപ്പിയറിനോടാണ്.തീറ്റപ്പുല്ല് കൃഷി എല്ലാ കാലാവസ്ഥയിലും ചെയ്യാം. മഴക്കാലത്തിന് തൊട്ടു മുൻപുള്ള മാസങ്ങൾ അതായത് മെയ്, ജൂൺ മാസങ്ങളും മഴക്കാലത്തിനു ശേഷമുള്ള മാസങ്ങൾ അതായതു സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളും തീറ്റപ്പുല്ല് കൃഷി ആരംഭിക്കാൻ നല്ലതാണ്. ചില പുല്ലിനങ്ങൾക്ക് വേനലിനെ അതിജീവിക്കാനുള്ള കഴിവില്ല. എന്നാൽ സൂപ്പർ നേപ്പിയർ അതിലും കരുത്തൻ തന്നെ.
സൂപ്പർ നേപ്പിയറിന്റെ കൃഷിരീതി മറ്റു പുല്ലിനങ്ങളെ പോലെ തന്നെയാണ്. നന്നായി ഉഴുതു മറിഞ്ഞ സ്ഥലത്തു ഒരടി ഉയരത്തിൽ വാരം കോരി ഡോളോമൈറ്റ്, ചാണകപൊടി അല്ലെങ്കിൽ കോഴിക്കാഷ്ടം, എല്ലുപൊടി ചേർത്ത് ഇളക്കുക. ഒരാഴ്ചക്ക് ശേഷം ചെറുകുഴികൾ കുഴിച്ചു രണ്ടു വശങ്ങളിലേക്കായി അതായത് 45 ഡിഗ്രി അളവിൽ രണ്ട് തണ്ടുകൾ നട്ടുപ്പിക്കുക . സാധാരണ യൂറിയയുടെ ഉപയോഗം പരമാവധി കുറക്കുകയാണ് നല്ലത്.യൂറിയ ആണ് വളമായി എടുക്കുന്നത് എങ്കിൽ ഓരോ പ്രയോഗത്തിലും അതിന്റെ അളവ് കൂട്ടേണ്ടി വരും. ഇത് മണ്ണിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമാവും. വെള്ളം വാർന്ന് പോകുന്ന പാടശേഖരങ്ങളോ, തെങ്ങിന്തോപ്പുകളിലോ, തരിശായി കിടക്കുന്ന കനാലിന്റെ ഓരങ്ങളോ പുല്ല് കൃഷി ആരംഭിക്കാൻ തിരഞ്ഞെടുക്കാം. മൂന്ന് മാസം മൂപ്പെത്തിയ തണ്ടിൽ നിന്നാണ് നടീൽ വസ്തു തിരഞ്ഞെടുക്കേണ്ടത്. രണ്ട് മൊട്ടുകളുള്ള തണ്ടാണ് സാധാരണ നടീലിന് ഉപയോഗിക്കാറുള്ളത്. ഒരു മൊട്ട് മണ്ണിലടിയിലും, ഒരു മൊട്ട് മണ്ണിനു മുകളിലും വരുത്തക്ക രീതിയിലും നടുന്നതാണ് ഉത്തമം. രണ്ടു മൊട്ടുകളുള്ള ഒരു ചെറുതണ്ടിന് വിപണിയിൽ മൂന്ന് രൂപ വരെ വിലയുണ്ട്. ഒരു കുഴിയിൽ പരമാവധി രണ്ട് തണ്ടുകൾ വരെ വച്ച് പിടിപ്പിക്കാം. അങ്ങനെ ഒരു സെന്റിൽ 80 തണ്ടുകൾ വരെ നടാം. സൂപ്പർ നേപ്പിയർ നട്ട് മൂന്ന് മാസം ആവുമ്പോഴേക്കും 8 മുതൽ 12 അടി ഉയരം വരെ പുല്ല് കൈവരിക്കും.
ഒരു മീറ്റർ അകലം പാലിച്ചിട്ടുള്ള നടീൽ ആണ് ചെടിയുടെ വളർച്ചക്ക് നല്ലത്. മറ്റു പുല്ലിനങ്ങളെക്കാൾ നല്ല വിസ്താരമുള്ള ഇലയാണ് ഇവയുടേത്. പുല്ല് നട്ട് എഴുപത് ദിവസം ആവുമ്പോഴേക്കും 8 മുതൽ 10 വരെ പുതു ശിഖരങ്ങൾ വരും. ചുരുക്കത്തിൽ 3 മാസം ആവുമ്പോഴേക്കും പുല്ല് വിളവെടുപ്പിന് ഒരുങ്ങി എന്നർത്ഥം. പുല്ല് രണ്ടാമത്തെ വെട്ടിന് ഒരുങ്ങുമ്പോഴേക്കും 20-25 പുതു ശിഖിരങ്ങൾ പ്രത്യക്ഷപ്പെടുന്നത് നമ്മുക്ക് കാണാം. മൂന്നാമത്തെ വെട്ട് ആവുമ്പോഴേക്കും പുൽനാമ്പുകൾ വിടർന്ന് അതിമനോഹരമായി നിൽക്കുന്നത് കാണാം. ഓരോ നാല്പത്തഞ്ചു ദിവസം കൂടുമ്പോഴും പുല്ല് അരിഞ്ഞെടുക്കാം. പുല്ല് പൂക്കുന്നതിനു മുൻപ് അരിഞ്ഞെടുക്കുന്നതാണ് നല്ലത്, എന്നാൽ ഇളം പുല്ലുകൾ അരിയാനും പാടില്ല. ഇളം പുല്ലുകൾ കന്നുകാലികൾക്ക് നൽകുന്നത് മൂലം "മഗ്നീഷ്യം ടെറ്റനി" എന്ന രോഗം വരാൻ സാധ്യത ഉണ്ട്. പുല്ല് അരിയുമ്പോൾ കട ചേർത്തരിയാൻ ശ്രദ്ധിക്കണം. ഒരു കടഭാഗത്തിൽ നിന്ന് 15 കിലോ വരെ പുല്ല് കിട്ടും.
ഒരു പുല്ല് വച്ച് പിടിപ്പിക്കുന്നത് മൂലം രണ്ടോ മൂന്നോ പശുക്കൾക്കുള്ള തീറ്റ അതിൽ നിന്ന് ലഭ്യമാക്കാം. ഒരു വർഷം ഒരു പുല്ലിൽ നിന്ന് 6 മുതൽ 8 തവണ വരെ വിളവെടുപ്പ് നടത്താം. പുൽ കൃഷി ചെയ്യുന്ന ചിലയിടങ്ങളിൽ വേലിപടർപ്പായി മുരിങ്ങയും, ചെമ്പരത്തിയും, മൾബറിയും നട്ട് പരിപാലിക്കുന്നവർ ഉണ്ട്. പുല്ലിനോടൊപ്പം കന്നുകാലികൾക്ക് ഇവയും കൂടി നൽകിയാൽ അവയുടെ ആരോഗ്യം വർധിക്കുകയും, തീറ്റച്ചിലവിന്റെ ഏഴു ശതമാനവും വരെ നമ്മുക്ക് കുറക്കുകയും ചെയ്യാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആധുനിക ഡയറിഫാമുകള്‍ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ