കോവിഡ് ബാധിച്ച് തൊഴിലാളി മരിച്ചാൽ അത് ജോലിയ്ക്കിടെയുള്ള മരണത്തിന് തുല്യമായി പരിഗണിച്ച് ആനുകൂല്യം നൽകാൻ ഇ.എസ്.ഐ. കോർപ്പറേഷൻ തീരുമാനിച്ചു. മരിക്കുന്ന സമയത്ത് തൊഴിലാളി വാങ്ങിയിരുന്ന ശമ്പളത്തിന്റെ 90 ശതമാനം തുക പ്രതിമാസം കിട്ടും. 2020 മാർച്ച് 24 മുതൽ 2022 മാർച്ച് 24 വരെ പദ്ധതിക്ക് പ്രാബല്യം ഉണ്ടാവും.
90 ശതമാനം തുക കണക്കാക്കുമ്പോൾ തീരെ കുറഞ്ഞു പോയാൽ അതിനും കോർപ്പറേഷൻ വഴി കണ്ടിട്ടുണ്ട്. 1,800 രൂപയിൽ കുറയാത്ത തുക വേണം ആശ്രിതർക്ക് പ്രതിമാസം കൊടുക്കേണ്ടത്.
മരിക്കുന്നതിന് മൂന്നുമാസം മുമ്പ് എങ്കിലും ഇ.എസ്.ഐ.യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളിയുടെ ആശ്രിതർക്കാണ് ആനുകൂല്യം ലഭിക്കുക.
ജോലിക്കിടെ ഉണ്ടാവുന്ന മരണത്തിന് ആശ്രിതർക്ക് ആനുകൂല്യം ലഭിക്കാൻ, മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ആറുമാസം 78 ഹാജർ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, കോവിഡ് മൂലം തൊഴിൽദിനങ്ങൾ കുറഞ്ഞതും തൊഴിൽസ്ഥാപനങ്ങൾ പ്രവർത്തിക്കാതിരുന്നതും കണക്കിലെടുത്ത് കോവിഡ് മരണത്തിന്റെ കാര്യത്തിൽ ഇത് തൊട്ടുമുമ്പുള്ള ഒരു വർഷമാക്കിയിട്ടുണ്ട്. ഈ ഒരു വർഷ കാലയളവിൽ 70 ഹാജർ മതിയെന്ന ഇളവും വരുത്തിയിട്ടുണ്ട്.
പുനർവിവാഹം കഴിക്കുന്നതുവരെ ഭാര്യക്കോ 25 വയസ്സുവരെ ആൺകുട്ടിക്കോ വിവാഹിതയാവുന്നതുവരെ പെൺകുട്ടിക്കോ ആനുകൂല്യത്തിന് അർഹതയുണ്ടാവും.
ഇവരൊന്നുമില്ലെങ്കിൽ ആനുകൂല്യം ലഭിക്കാൻ അർഹതയുള്ളവരുടെ പട്ടികയും ഇ.എസ്.ഐ. കോർപ്പറേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരിച്ച തൊഴിലാളിയെ ആശ്രയിച്ച് ജീവിച്ചിരുന്നു എന്നതാണ് ഇതിനുള്ള മാനദണ്ഡമാക്കിയത്.
രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണങ്ങൾക്ക് ആശ്രിതർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങളിൽ സർക്കാർ തലത്തിലുള്ള ഏറ്റവും വലിയ നടപടിയായാണ് ഇ.എസ്.ഐ. കോർപ്പറേഷന്റേതെന്ന് വിലയിരുത്തപ്പെടുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കോർപ്പറേഷനോടും ഇത്തരത്തിലുള്ള പദ്ധതി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.