സർക്കാർ വാഹനങ്ങളുടെ ആയുസ്സ് 15 വർഷമായി നിജപ്പെടുത്താനുള്ള കേന്ദ്രനീക്കം കെ.എസ്.ആർ.ടി.സി.ക്കും ബാധകം. പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്ന പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
കേന്ദ്രസർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കും കേന്ദ്രസർക്കാരിന്റെ പുതിയ നിബന്ധന ബാധകമാണ്. ഭേദഗതിയുടെ കരടാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അന്തിമവിജ്ഞാപനം ഉടൻ ഇറങ്ങും.
സംസ്ഥാനത്ത് ബസുകളുടെ ആയുസ്സ് അടുത്തിടെയാണ് 15-ൽനിന്ന് 20 വർഷമായി ഉയർത്തിയത്. എന്നാൽ, കൃത്യമായ പരിചരണം ഇല്ലാത്തതിനാൽ പത്തുവർഷം കഴിയുന്ന ബസുകളുടെ അറ്റകുറ്റപ്പണി നഷ്ടമാണെന്നാണ് കെ.എസ്.ആർ.ടി.സി.യുടെ വിലയിരുത്തൽ.
ഔദ്യോഗിക പോർട്ടലിലെ രേഖകൾപ്രകാരം സംസ്ഥാനത്ത് 15,069 സർക്കാർ വാഹനങ്ങളാണുള്ളത്. പോലീസിനാണ് (5699) ഏറ്റവും കൂടുതൽ. 1172 വാഹനങ്ങൾ ആരോഗ്യവകുപ്പിനുണ്ട്.