News

കെ.എസ്.ഡി.പിയുടെ സാനിറ്റൈസറിന് ആവശ്യക്കാരേറെ, ഉല്‍പ്പാദനം വര്‍ധിപ്പിക്കും

sanitizer

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് കരുത്തേകാന്‍ സംസ്ഥാന സർക്കാറിഎൻ്റെ പതിരപ്പള്ളിയിലുള്ള കേരള ഡ്രഗ്സ് ആൻഡ് ഫാർമ സ്യൂട്ടിക്കൽസ് നിര്‍മിക്കുന്ന സാനിട്ടൈസറിന് ആവശ്യക്കാരേറി. ഇന്നലെ ചെയര്‍മാന്‍ സി.ബി.ചന്ദ്രബാബുവിന്‍റെ ഫോണിന് വിശ്രമമില്ലാത്ത അവസ്ഥ. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശപ്രകാരം ഒരു ലക്ഷം യൂണിറ്റ് ഉല്പാദിപ്പിക്കാനായിരുന്നു ആദ്യം കെ.എസ്.ഡി.പി ലക്ഷ്യം വച്ചിരുന്നതെങ്കിലും ആരോഗ്യവകുപ്പില്‍ നിന്ന് കൂടുതല്‍ ആവശ്യമുണ്ടെന്ന അറിയിപ്പ് ഇപ്പോള്‍ ലഭിച്ചിരിക്കയാണ്. ഒരു ലക്ഷം യൂണിറ്റ് കൂടി കൂടുതലായി നിര്‍മിച്ച് നല്‍കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. സാനിറ്റൈസറിന്റെ ലഭ്യതക്കുറവും അമിത വിലയും നിയന്ത്രിക്കുന്നതിനായാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം കെ.എസ്.ഡി.പി സാനിറ്റൈസര്‍ നിര്‍മാണം തുടങ്ങുകയായിരുന്നു.നിലവില്‍ പ്രതിദിനം 5000 യൂണിറ്റ് ആണ് കെ.എസ്.ഡി.പി ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ദിവസം പതിനായിരമോ പതിനയ്യായിരമോ യൂണിറ്റ് ആക്കി ഉയര്‍ത്താനാണ് കെ.എസ്.ഡി.പി.യുടെ തീരുമാനം.24 മണിക്കൂർ ഉല്പാദനം വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ ആവശ്യക്കാര്‍ക്ക് സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കാനാണ് ശ്രമിക്കുന്നത്.

വൈറസ് പരക്കുന്നതിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ സർക്കാർ നടത്തുന്നതിന്റെ ഭാഗമായാണ് സാനിറ്റൈസര്‍ നിര്‍മാണത്തിലേക്ക് കമ്പനി കടന്നത്. കൊറോണ വ്യാപനം തടയാൻ വ്യക്തിശുചിത്വം ഏറെ പ്രധാനമാണ്. ഇതിനുള്ളസജ്ജീകരണങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പും, മറ്റ് ഗവൺമൻറ് സംവിധാനങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു.

കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സാനിറ്റൈസർ മാർക്കറ്റിൽ ലഭ്യമല്ലാത്ത സാഹചര്യം ഇപ്പോഴുമുണ്ട്. ലോകാരോഗ്യ സംഘടന (W.H.O)നിഷ്കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തിയാണ് കെ.എസ്.ഡി.പി സാനിറ്റൈസർ ഉല്പാദനം ആരംഭിച്ചത്. ഇതിനകം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കെ.എം.എസ്.സി.എൽ മുഖേന സാനിറ്റൈസര്‍ എത്തിച്ചു. പുറം മാർക്കറ്റിലുള്ള സാനിറ്റൈസറുകളുടെ വിലയുടെ മൂന്നിലൊന്നേ കെ.എസ്.ഡി.പി ഈടാക്കുന്നുള്ളൂ എന്നതാണ് ഏറെ ശ്രദ്ധേയം.ഇപ്പോള്‍ സര്‍ക്കാര്‍ വിതരണത്തിന് ആവശ്യമായതിനാണ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. പൊലീസ് വകുപ്പിന്‍റെ നിര്‍ദ്ദേശ പ്രകാരം നിശ്ചിത യൂണിറ്റ് സാനറ്റൈസര്‍ അവര്‍ക്ക് നല്‍കി. ഹൈക്കോടതി രജിസ്ട്രാറില്‍ നിന്നും ഇപ്പോള്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ എ.ജി.യുടെ ഓഫീസ്, വിവിധ പ്രസ് ക്ലബ്ബുകള്‍ എന്നിവയും ആവശ്യക്കാരായി എത്തുന്നു. കെ.എസ്.ആർ.ടി.സി, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നീ മേഖലകളിൽ നിന്നും സാനിറ്റൈസർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്‍റെയും ആവശ്യങ്ങള്‍ക്കാണ് പ്രാമുഖ്യമെന്ന് സി.ബി. ചന്ദ്രബാബു പറഞ്ഞു. സർക്കാർ സ്ഥാപനമായ കെ.എസ്.ഡി.പി.യെ ഈ സര്‍ക്കാര്‍ നവീകരിച്ച് കാര്യക്ഷമമാക്കിയതിന്റെ നേട്ടമാണ് കേരള സമൂഹത്തിന് ഇപ്പോൾ ലഭിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കുക എന്ന ദൗത്യം നിറവേറ്റാനാണ് പൊതുമേഖല സ്ഥാപനമെന്ന നിലയില്‍ കെ.എസ്.ഡി.പിയും ശ്രമിക്കുന്നത്. നിലവില്‍ സാനിറ്റൈസര്‍ നിര്‍മാണത്തിന് ആവശ്യമായ ആല്‍ക്കഹോള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് മറികടക്കാനുള്ള ശ്രമമാണ് നിലവില്‍ കെ.എസ്.ഡി.പി ചെയ്ത് വരുന്നത്.


English Summary: Demand for KSDP'S hand sanitizer is on rise: Government to raise the production

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine