ഗുണഭോക്താവാകുന്നതിനുള്ള അർഹത
• കുറഞ്ഞത് 3 വർഷമായി നഗര പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങൾ
• നഗരപ്രദേശത്ത് സ്വന്തമായി ഒരു സെന്റ് എങ്കിലും ഭൂമി
• വാർഷിക വരുമാനം 3.00 ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങൾ
• കുടുംബത്തിലെ ആരുടെയും പേരിൽ ഇൻഡ്യയിലെവിടെയും ഭവനം ഇല്ലാത്ത കുടുംബം
ഗുണഭോക്താവ് ആകുന്നതിനുള്ള മറ്റ് നിബന്ധനകൾ
• കുടുംബത്തിലെ സ്ത്രീ ആയിരിക്കണം ഗുണഭോക്താവ്. കുടുംബത്തിൽ പ്രായപൂർത്തിയായ / മാനസിക ഭദ്രതയുള്ള മുതിർന്ന സ്ത്രീകൾ ഇല്ലാത്ത പക്ഷം മാത്രമേ പുരുഷന്റെ പേരിൽ വീട് അനുവദിക്കുകയുള്ളൂ.
• ഗുണഭോക്താവിന് നിർബന്ധമായും ആധാർ കാർഡും ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം.ഇല്ലാത്ത പക്ഷം പ്രസ്തുത വ്യക്തിയെ ഗുണഭോക്താവായി പരിഗണിക്കുവാൻ കഴിയുന്നതല്ല
• ഭവനം നിർമ്മിക്കുന്നതിനുള്ള വസ്തു പുരുഷന്റെ പേരിൽ ആണെങ്കിൽ സ്ത്രീയെ ഗുണഭോക്താവ് ആയി പരിഗണിക്കേണ്ടതും, വസ്തുവിന്റെ ഉടമസ്ഥാവകാശമുള്ള പുരുഷൻ വീട് നിർമ്മിക്കുന്നതിനുള്ള ഭവനനിർമ്മാണ അനുമതി നല്കിക്കൊണ്ട് നോട്ടറി അറ്റസ്റ്റ് ചെയ്ത 200/- രൂപ മുദ്രപത്രം ഹാജരാക്കേണ്ടതാണ്.
• നഗരപ്രദേശത്ത് ഒരു സെന്റ് എങ്കിലും വസ്തുവിന് കൈവശാവകാശ രേഖയുള്ള ഗുണഭോക്താക്കൾക്കും പി.എം.എ.വൈ ആനുകൂല്യം ലഭിക്കുന്നതാണ്.
• കൂട്ടുടമസ്ഥതയിലുള്ള വസ്തുവിൽ പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിന് ഭൂമിയുടെ മറ്റ് ഉടമസ്ഥരിൽ നിന്നുള്ള നോട്ടറി അറ്റസ്റ്റ് ചെയ്ത നിരാക്ഷേപ പത്രം മുദ്രപത്രത്തിൽ ഹാജരാക്കുകയാണെങ്കിൽ ടി. ഗുണഭോക്താവിനും പി.എം.എ.വൈ പദ്ധതി പ്രകാരം ആനുകൂല്യം ലഭ്യമാകുന്നതാണ്.
• പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ ആധാരം അവസാന ഘട്ട ആനുകൂല്യം നൽകുന്ന തീയതി മുതൽ 7 വർഷ കാലത്തേയ്ക്ക് ബന്ധപ്പെട്ട നഗരസഭയിൽ സൂക്ഷിക്കുന്നതാണ്.
• വീടിന്റെ നിർമ്മാണത്തിന് ബാങ്ക് ലോൺ ആവശ്യമായിവരുന്ന പക്ഷം നഗരസഭയും ഗുണഭോക്താവും ബാങ്കും തമ്മിൽ ത്രികക്ഷി കരാറിൽ ഏർപ്പെട്ടുകൊണ്ട് ആധാരം ബാങ്കിന് നൽകാവുന്നതാണ്. ലോൺ തിരിച്ചടവ് പൂർത്തിയാക്കുന്ന മുറയ്ക്ക് ആധാരം തിരികെ നഗരസഭയിൽ വാങ്ങി സൂക്ഷിക്കുന്നതാണ്.