കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. ഉടമയുടെ മരണത്തിന് ശേഷം വാഹനം നോമിനിയുടെ പേരിലേക്ക് മാറ്റാവുന്ന വിധത്തിലാണ് വാഹന ചട്ടങ്ങളില്‍ ഭേദഗതി വരിക. പുതിയ ചട്ടം അനുസരിച്ച് രജിസ്ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിര്‍ദേശിക്കാം. നേരത്തെ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനുള്ള അവസരവും പുതിയ ഭേദഗതി ചട്ടത്തിലുണ്ട്.
ഐഡന്റിറ്റി പ്രൂഫ് രജിസ്ട്രേഷന്‍ സമയത്ത് നോമിനിയെ വാഹന ഉടമ ഹാജരാക്കണം. ഉടമ മരിക്കുന്ന പക്ഷം നോമിനിയുടെ പേരിലേക്ക് രജിസ്ട്രേഷന്‍ മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു.
ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ ഉടമയ്ക്കു പിന്നീട് മാറ്റി മറ്റൊരാളെ നോമിനിയാക്കാനുള്ള അവകാശവുമുണ്ട്. വിവാഹ മോചനം, ഭാഗം പിരിയല്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ് നോമിനിയെ മാറ്റാന്‍ കഴിയുക. നോമിനിയെ നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ നിയമപരമായ പിന്‍ഗാമിയുടെ പേരിലേക്കു വാഹനം മാറ്റുന്നതിനും ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു.