സംരംഭങ്ങള്‍ രൂപീകരിച്ച് സ്വയംതൊഴില്‍ കണ്ടെത്താന്‍ താത്പര്യമുള്ളവര്‍ക്ക് മികച്ച പിന്തുണയാണ് കുടുംബശ്രീ നല്‍കിവരുന്നത്. സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നൈപുണ്യ പരിശീലനം, സബ്സിഡിയോട് കൂടി ബാങ്ക് വായ്പ ലഭ്യമാക്കല്‍, ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനും മികച്ച രീതിയില്‍ തുടര്‍ന്ന് പോകാനുമുള്ള പിന്തുണ എന്നിങ്ങിനെ ഒട്ടേറെ സേവനങ്ങള്‍ ഈ മേഖലയില്‍ കുടുംബശ്രീ ചെയ്തുവരുന്നു. വ്യക്തിഗതവും ഗ്രൂപ്പുമായുള്ള 42,195 സൂക്ഷ്മ സംരംഭങ്ങളാണ് ഉത്പാദന, സേവന മേഖലകളിലായി കുടുംബശ്രീയ്ക്ക് കീഴില്‍ ഇപ്പോഴുള്ളത്.
പലപ്പോഴും ചെറിയ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുന്നതിനാലും സംരംഭങ്ങള്‍ രൂപീകരിക്കുന്നതിന് പ്രാദേശിക സംഘടനാ സംവിധാനത്തിന് കൂടുതല്‍ കരുത്ത് പകരണമെന്നുള്ളതിനാലും തുടക്കം കുറിച്ച പദ്ധതിയാണ് കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ട് (സി.ഇ.എഫ്). മുന്‍പ് കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (സി.ഐ.എഫ്) എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെട്ടിരുന്നത്. സംരംഭങ്ങള്‍ ആരംഭിക്കാന്‍ വായ്പ ആവശ്യമുള്ളവര്‍ക്ക് സി.ഡി.എസില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാനായി, സി.ഡി.എസുകള്‍ക്ക് ഒരു മൂലധനം നല്‍കുന്ന പദ്ധതിയാണ് സി.ഇ.എഫ്.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍- എന്‍.ആര്‍.എല്‍.എം) ഭാഗമായി 2017-18 മുതല്‍ 2020-21 വരെ കേരളത്തിലെ എല്ലാ സി.ഡി.എസുകള്‍ക്കുമായി 46.37 കോടി രൂപയാണ് കമ്മ്യൂണിറ്റി എന്റര്‍പ്രൈസ് ഫണ്ടായി നല്‍കിയിട്ടുള്ളത്. ഒരു സി.ഡി.എസിന് ശരാശരി അഞ്ച് ലക്ഷം രൂപയാണ് ഇത്തരത്തില്‍ ലഭിച്ചിരിക്കുന്നത്. ഈ തുക സംരംഭങ്ങള്‍ ആരംഭിക്കാന്‍ വായ്പ നല്‍കാന്‍ ഉപയോഗിച്ച്, എത്രയും വേഗം സംരംഭ രൂപീകരണം നടത്താനും നടപടി ക്രമങ്ങള്‍ ലളിതമാക്കാനും സി.ഡി.എസിന് കഴിയുന്നു. അതുപോലെ കൃത്യമായ പദ്ധതി വിശകലനം നടത്തി തിരിച്ചടവ് ഉറപ്പാക്കാനും സി.ഡി.എസിന് സാധ്യമാകുന്നു. കൂടാതെ ചെറിയ നിരക്കില്‍ പലിശ ഈടാക്കുന്നതിനാല്‍ തിരിച്ചടവ് ലഭിക്കുമ്പോള്‍ ചെറിയൊരു വരുമാനം നേടാനും ഈ ഫണ്ട് തുക സി.ഡി.എസിന് ഉതകുന്നു.
2020-21 സാമ്പത്തികവര്‍ഷത്തില്‍ റീബില്‍ഡ് കേരളയുടെ ഭാഗമായി സംരംഭ രൂപീകരണം എത്രയും വേഗം സാധ്യമാക്കാന്‍ 32 കോടി രൂപയാണ് സി.ഇ.എഫ് ആയി പ്രത്യേകം അനുവദിച്ച് നല്‍കിയിട്ടുള്ളത്. 3 ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപയാണ് ഓരോ സി.ഡി.എസിനും ആവശ്യം അനുസരിച്ച് നല്‍കിയിട്ടുള്ളത്. 580 സി.ഡി.എസുകള്‍ക്ക് ഈ തുക ലഭിച്ചു കഴിഞ്ഞു.
ഈ തുക ഉപയോഗിച്ച് 5199 സംരംഭങ്ങള്‍ക്ക് വായ്പയും ഇതുവരെ നല്‍കി കഴിഞ്ഞു. തിരിച്ചടവ് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാനും കഴിയും. ഈ വര്‍ഷം എന്‍.ആര്‍.എല്‍.എം ന്റെ ഭാഗമായി 24.28 കോടി രൂപ സി.ഇ.എഫ് ആയി സി.ഡി.എസുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ സി.ഇ.എഫ് അനുവദിച്ച്, സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള ഏവര്‍ക്കും വായ്പകള്‍ ലഭ്യമാക്കി, സംരംഭങ്ങള്‍ ഉടനടി ആരംഭിക്കാനുമുള്ള മുഴുവന്‍ പിന്തുണയുമേകാന്‍ ഓരോ സി.ഡി.എസിനെയും സജ്ജരാക്കിക്കൊണ്ടിരിക്കുകയാണെന്ന് പറയാം.
സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ ഈ ഒരു അവസരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുമെന്ന് കരുതുന്നു.
സംരംഭങ്ങള്‍ക്ക് സി.ഇ.എഫ് അനുവദിക്കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം www.kudumbashree.org/pages/476 എന്ന ലിങ്കില്‍ മാര്‍ക്കറ്റിങ് ടാബില്‍ ഗൈഡ്‌ലൈന്‍സ് എന്ന വിഭാഗത്തില്‍ ലഭ്യമാണ്. വ്യക്തിഗത സംരംഭങ്ങള്‍ക്ക് പരമാവധി 50,000 രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി 2 ലക്ഷം രൂപയുമാണ് സി.ഇ.എഫ് ആയി നല്‍കുന്നത്.
കേരളത്തിലെ എല്ലാ സി.ഡി.എസുകള്‍ക്കും ഇത്തരത്തില്‍ മൂന്ന് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെ സി.ഇ.എഫ് ആയി നല്‍കിയിട്ടുണ്ട്. കൂടുതല്‍ തുക സി.ഡി.എസുകള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അത് നല്‍കാനും കഴിയും.