1. റേഷൻകടകൾ വഴി ഇനിമുതൽ സമ്പുഷ്ടീകരിച്ച പുഴുക്കലരി മാത്രം വിതരണം ചെയ്യും. പോഷക മൂല്യങ്ങൾ ചേർത്ത അരി അഥവാ ഫോർട്ടിഫൈഡ് റൈസ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഏപ്രിൽ മുതൽ പൂർണമായും സമ്പുഷ്ടീകരിച്ച അരി മാത്രം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചത്. കേന്ദ്രത്തിൽ നിന്ന് സമ്പുഷ്ടീകരിച്ച അരി മാത്രമാണ് നൽകുന്നതെന്നും സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മട്ട അരി സമ്പുഷ്ടീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സബ്സിഡിയോടെ സമ്പുഷ്ടീകരിച്ച അരി മാത്രം വിതരണം ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം, സിക്കിൾസെൽ അനീമിയ, തലാമീസിയ രോഗികൾ സമ്പുഷ്ടീകരിച്ച അരി കഴിക്കാൻ പാടില്ലെന്നാണ് നിർദേശം.
കൂടുതൽ വാർത്തകൾ: വയനാട് സീഡ് ഫെസ്റ്റിന് തുടക്കം.....കൂടുതൽ കൃഷി വാർത്തകൾ
2. വ്യവസായ സംരംഭങ്ങളില്‍ കേരളം ലോകത്തിന് മാതൃകയെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ചെറുകിട വ്യവസായ സംരംഭകർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനന്തപുരി മേള 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേളയില്‍ ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് നടക്കുന്നത്. നവീന ആശയങ്ങളുമായി സംരംഭക രംഗത്തെത്തുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയുമാണ് മേളയുടെ ലക്ഷ്യം. ഈ മാസം 13ന് മേള സമാപിക്കും.
3. ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദിവാസി വിഭാഗത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിലവിൽ 11 ജില്ലകളിലായി 536 ഊരുമിത്രങ്ങൾ സേവനം നടത്തുന്നുണ്ട്. ഊരുകളിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സംഗമമായ ‘ഹാംലൈറ്റ് ആശ സംഗമം’ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ വീടുകളിലെ പ്രസവങ്ങളും മാതൃ, ശിശുമരണ നിരക്കും കുറയ്ക്കാൻ ഹാംലെറ്റ് ആശമാർ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
4. ചെറുകിടസംരംഭകര്‍ക്കും വ്യവസായങ്ങള്‍ക്കും പ്രോത്സാഹനം നല്‍കേണ്ടത് സര്‍ക്കാരിന്റെ കടമയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി കട്ടപ്പനയില്‍ സംഘടിപ്പിച്ച ജില്ലാതല വ്യവസായ നിക്ഷേപകസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങളെ കാര്‍ഷികമേഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുപോകാന്‍ കഴിയണമെന്നും നിര്‍ത്തലാക്കപ്പെട്ട പല സംരംഭങ്ങളും ഏറ്റെടുത്ത് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
5. തൃശൂരിൽ ഭക്ഷ്യ സംസ്കരണം വിഷയത്തിൽ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റും വ്യവസായ വാണിജ്യ വകുപ്പും ചേർന്നാണ് പരിശീലനം നടത്തുന്നത്. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർ-ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിൽ ഈ മാസം 20 മുതൽ 25 വരെയാണ് പരിശീലനം നടക്കുക. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ 1,770 രൂപയാണ് ഫീസ്. താത്പര്യമുള്ളവർ www.kied.info വഴി ഈ മാസം 16ന് മുൻപ് അപേക്ഷ നൽകണം. തെരെഞ്ഞെടുക്കുന്ന 20 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.
6. പച്ചക്കുട - കുംഭവിത്ത് മേളയ്ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കം. മേളയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സമ്പന്നമായ കാര്‍ഷികസംസ്‌കൃതിയെ നെഞ്ചേറ്റുന്ന ഇരിങ്ങാലക്കുട സ്വദേശികൾക്ക് പഴയകാല മാറ്റച്ചന്തകളുടെ അനുഭവം വീണ്ടെടുത്തു നൽകുന്നതിനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. വിവിധയിനം കിഴങ്ങുവര്‍ഗ്ഗങ്ങൾ, പച്ചക്കറിത്തൈകൾ, കാര്‍ഷിക യന്ത്രങ്ങള്‍, ജീവാണു വളങ്ങള്‍ എന്നിങ്ങനെ വിപുലമായ പ്രദര്‍ശനം, വിപണനം, കാർഷിക സെമിനാറുകൾ എന്നിവ മേളയുടെ ഭാഗമായി നടക്കും.
7. തൃശൂരിൽ സ്കൂൾ പൗൾട്രി ക്ലബ് പദ്ധതിക്ക് തുടക്കം. സ്കൂൾ കുട്ടികളിൽ മൃഗപരിപാലനത്തിനുള്ള താല്പര്യം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ. എൽപി സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി അഞ്ചാം ക്ലാസ്സ് മുതലുള്ള 50 കുട്ടികൾക്ക് അഞ്ച് ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകും.
8. റേഷൻ വിതരണത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ വിവിധ നടപടികൾ സ്വീകരിച്ച് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ BSNLലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി വർധിപ്പിക്കാൻ തീരുമാനമായി. നിലവിൽ 20 Mbps ശേഷിയുളള ബാൻഡ് വിഡ്ത് ഈ മാസം 20 മുതൽ 100 Mbps ശേഷിയിലേക്ക് ഉയർത്തും. റേഷൻ വിതരണത്തിലെ തകരാറുകൾ സംബന്ധിച്ച് NIC ഹൈദരാബാദ്, സംസ്ഥാന ഐ.ടി മിഷൻ, കെൽട്രോൺ, സി-ഡാക്, ബി.എസ്.എൻ.എൽ എന്നിവയുടെ ഉദ്യോഗസ്ഥരുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
9. അതികഠിനമായ ഉഷ്ണ തരംഗത്തെ തുടർന്ന് അബുദാബിയിൽ ചത്തൊടുങ്ങിയത് 1.60 ലക്ഷം കിലോ മത്സ്യം. 2020-21 വർഷത്തെ കണക്കാണ് അബൂദബി പരിസ്ഥിതി ഏജന്‍സി പുറത്തു വിട്ടത്. 2020ല്‍ 1,48,000 കിലോ മത്സ്യവും, 2021ല്‍ 17,750 കിലോയുമാണ് നശിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അറേബ്യൻ കടലിൽ ഗുരുതരമായ പ്രകൃതി വ്യതിയാനങ്ങൾ സംഭവിച്ചതായും, ഈ മാറ്റങ്ങൾ മേഖലയിലെ ജൈവവൈവിധ്യ-മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും ഗവേഷകർ അറിയിച്ചു.
10. കുംഭമാസത്തെ ചൂടിൽ വെന്തുരുകി കേരളം. കണ്ണൂർ ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. വേനൽ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ പകൽ സമയങ്ങളിൽ താപനില കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പച്ചക്കറികളും മറ്റും കരിഞ്ഞുപോകുന്ന സാഹചര്യത്തിൽ കർഷകരും പ്രതിസന്ധിയിലാണ്. 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.