വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ വൈദ്യുത കാർചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് 2021 ഫെബ്രുവരി ആറ് വരെ തികച്ചും സൗജന്യമായി കാർ ചാർജ് ചെയ്യാം. കെഎസ്ഇബിയുടെ ആറ് വൈദ്യുത കാർ ചാർജിംഗ് സ്റ്റേഷൻകളിൽ ഇക്കഴിഞ്ഞ നവംബർ ഏഴ് മുതൽ ഇത് സൗജന്യമാണ്.
പരിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി വൈദ്യുതി വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം ഒരു ചാർജിങ് സ്റ്റേഷൻ ശൃംഖല സ്ഥാപിതമാകുകയാണ്.
ആദ്യഘട്ടമായി കെഎസ്ബി തിരുവനന്തപുരത്ത് നമ ഇലക്ട്രിക്കൽ സെക്ഷനിലും, കൊല്ലത്ത് ഓലൈ ഇലക്ട്രിക്കൽ സെക്ഷനിലും, എറണാകുളം പാലാരിവട്ടം വൈദ്യുതിഭവനിലും, തൃശൂർ വിയ്യൂർ സബ്സ്റ്റേഷനിലും, കോഴിക്കാട് നല്ലളം സബ്സ്റ്റേഷനിലും, കണ്ണൂർ ചൊവ്വ സബ്സ്റ്റേഷനിലും വൈദ്യുതചാർജ് സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തിയാക്കി.
കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. അതിൽസർക്കാർ പൊതുമേഖലാ ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നു.