1. കേരളത്തിൽ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷനെത്തിച്ച് കെ ഫോൺ. തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിലെ ആയിരത്തോളം പേർക്കാണ് ഇന്റർനെറ്റ് കണക്ഷൻ എത്തിയത്. 10 മുതൽ 15 എംബിപിഎസ് വരെയാണ് വേഗത. കേരള വിഷന്റെ സാങ്കേതിക സഹായത്തോടെയാണ് കെ ഫോൺ ഡാറ്റ നൽകുന്നത്. 14,000 കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകുന്നു എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 7569 പേർക്ക് ഇന്റർ നെറ്റ് ലഭ്യമാക്കാനുള്ള നടപടികളാണ് ആരംഭിച്ചത്.
കൂടുതൽ വാർത്തകൾ: 1,000 റേഷൻ കടകൾ കെ-സ്റ്റോർ ആകും; മെയ് 14ന് തുറക്കും
2. ഇന്ത്യയിൽ റബ്ബർ ബോർഡ് നിലവിൽ വന്നിട്ട് 75 വർഷം പിന്നിടുന്നു. രാജ്യത്തെ പ്രകൃതിദത്ത റബ്ബറിന്റെ ഉൽപാദനം, വിപണനം, ഗവേഷണം എന്നിവയ്ക്ക് തൊഴിലാളികളോടൊപ്പം നിൽക്കുന്ന റബ്ബർ ബോർഡിന്റെ ആസ്ഥാനം കോട്ടയം ജില്ലയിലാണ്. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോട്ടയത്ത് സ്ഥാപിതമായത് 1955ലാണ്. 1950ൽ 7500 ഹെക്ടറായിരുന്ന റബ്ബർ കൃഷി 2022ൽ 8.26 ലക്ഷം ഹെക്ടറായി ഉയർന്നതിൽ റബ്ബർ ബോർഡിന്റെ പങ്ക് വളരെ നിർണായകമാണ്. കൂടാതെ, രാജ്യത്തെ റബ്ബർ കൃഷിയുടെ 85 ശതമാനവും കേരളത്തിലാണ്.
3. കാർഷിക വ്യവസായ മേഖലയിൽ പുതുസംരംഭങ്ങൾക്കായി പുതിയ മിഷൻ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സംരംഭമായ പീച്ചി അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ ഉദ്‌ഘാടനം മന്ത്രി നിർവഹിച്ചു. കൃഷിയിൽനിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പുതിയ മിഷൻ സഹായകമാകുമെന്നും, സർവ്വകലാശാലകളുമായി ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. മണ്ണുത്തി വെറ്റിനറി സർവകലാശാലയിലെ മാംസോത്പാദന നിർമാണ യൂണിറ്റിന് ISO അംഗീകാരം ലഭിച്ചു. അംഗീകാരം ലഭിച്ചതിന്റെ പത്രിക പ്രകാശനവും പുതിയ കാലാവസ്ഥ ഗവേഷണ സമുച്ചയത്തിന്റെ ഉദ്ഘാടനവും ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്ത് പുതിയ ഡയറി കോളജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു.
5. തൃശൂർ ജില്ലയിൽ ചെറുകിട സംരംഭകർക്ക് പരിശീലനം നൽകുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റിന്റെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററാണ് പരിശീലനം സംഘടിപ്പിക്കുന്നത്. MSME വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം, ബിസിനസ് നിർദ്ദേശങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നടത്തുക. താത്പര്യമുള്ള സംരംഭകർ www.edckerala.org ൽ രജിസ്റ്റർ ചെയ്ത് ഈ മാസം 29ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
6. കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. അതിരപ്പിള്ളിയിൽ സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം സാധ്യതകൾക്ക് മേന്മ കൂട്ടുന്ന സമഗ്ര ടൂറിസം പദ്ധതി വിഷുസമ്മാനമായി ചാലക്കുടിയ്ക്ക് മന്ത്രി നൽകി. വനാതിർത്തി മേഖലയിൽ ആശങ്ക പരക്കുന്ന സാഹചര്യത്തിൽ ബഫർ സോണിൽ ജീവിക്കുന്ന ജനങ്ങളെ സംരക്ഷിക്കുമെന്നും കാട്ടാന സെൻസസ് എത്രയും വേഗം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
7. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിൽ തെങ്ങ് കയറ്റ യന്ത്രം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീബാസ് മൊയ്തീൻ നിർവഹിച്ചു. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 40 കർഷകർക്കാണ് യന്ത്രം ലഭിച്ചത്. കൂടാതെ പദ്ധതിയുടെ ഭാഗമായി എല്ലാ കർഷകർക്കും വളം വിതരണം ചെയ്യുകയും, കേടായ തെങ്ങുകൾ മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
8. യൂണി കോഫിയിലൂടെ കണ്ണൂരിന്റെ കാപ്പിയ്ക്ക് പുത്തനുണർവ് നൽകാൻ ഒരുങ്ങുകയാണ് കണ്ണൂർ സർവ്വകലാശാലയിലെ എം ബി എ വിദ്യാർത്ഥികൾ. ‘എന്റെ കേരളം’ എക്‌സിബിഷനിൽ കണ്ണൂർ സർവ്വകലാശാല ടെക്നോളജി ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ വിപണനം ചെയ്യുന്ന കാപ്പിപ്പൊടിയാണ് ഇപ്പോൾ താരം. വയനാട്, ആലക്കോട് എന്നിവിടങ്ങളിലെ കാപ്പി കർഷകരിൽ നിന്നും നേരിട്ടാണ് കാപ്പിക്കുരു ശേഖരിക്കുന്നത്. 100 ഗ്രാം പാക്കറ്റിന് 120 രൂപ നിരക്കിലാണ് ‘ഡബിൾ എ’ ഗുണ നിലവാരമുള്ള യൂണി കോഫി വിൽക്കുന്നത്.
9. ‘കാർബൺ ന്യൂട്രൽ’ പഞ്ചായത്തായി മാറാനൊരുങ്ങി ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും സ്വാംശീകരണവും തുല്യമാക്കുന്ന പദ്ധതിക്കായി 35 പ്രോജക്ടുകൾ ഭരണസമിതി തയ്യാറാക്കി. കണ്ണൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
10. കേരളത്തിൽ താപനില ഉയർന്നു തന്നെ. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ താപനില ഇനിയും ഉയരാനാണ് സാധ്യത. രാത്രിയിലും ചൂടിന് ശമനമില്ല. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാത്തതാണ് ചൂട് ഉയരാനുള്ള കാരണം.