1. News

വേനൽ കനക്കുന്നു; ഏതൊക്കെ ജില്ലകളിൽ ചൂട് കൂടും?

തൃശൂർ, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും

Darsana J
വേനൽ കനക്കുന്നു; ഏതൊക്കെ ജില്ലകളിൽ ചൂട് കൂടും?
വേനൽ കനക്കുന്നു; ഏതൊക്കെ ജില്ലകളിൽ ചൂട് കൂടും?

കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു. വിവിധ ജില്ലകളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.

പൊതുജനങ്ങൾ ശ്രദ്ധിക്കുക 

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കുപ്പിയില്‍ കരുതണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

കൂടുതൽ വാർത്തകൾ: Ration കടകളിൽ പുഴുക്കലരിയ്ക്ക് ക്ഷാമം

ലഹരിപാനീയങ്ങൾ ഒഴിവാക്കുക

മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.

കാട്ടുതീ വ്യാപനം തടയുക 

വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശം കർശനമായി പാലിക്കണം.

വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തം വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

വിദ്യാർഥികൾക്ക് പ്രത്യേക കരുതൽ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയ ക്രമീകരണം നടത്തുകയോ ചെയ്യണം.

കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും പ്രത്യേക ശ്രദ്ധ

കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതത് പഞ്ചായത്ത്‌ അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കണം.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകണം. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് നല്ലത്. വെള്ളം കൈയിൽ കരുതുക. 

തൊഴിലാളികൾ ജോലിസമയം മാറ്റണം

നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

English Summary: The summer heat is intense warning in various districts in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds