ആഗോള തൊഴിലവസരം ഉറപ്പുവരുത്താൻ പ്രതിഭാതീരം ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചു. വായനശാലകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി രൂപവത്കരിച്ച പ്രതിഭാതീരം പദ്ധതിയുമായി ചേർന്നായിരിക്കും ഫൗണ്ടേഷൻ പ്രവർത്തിക്കുകയെന്ന് പദ്ധതിയെക്കുറിച്ചു വിശദീകരിച്ച മന്ത്രി തോമസ് ഐസക് പറഞ്ഞു.
ആദ്യഘട്ടത്തിൽ 2 ഡി, 3 ഡി മേഖലയിൽ 30 പേർക്കും ക്വാളിറ്റി അഷ്വറൻസ്, സോഫ്റ്റ് വേർ ക്വാളിറ്റി കൺട്രോൾ പരിശീലനത്തിന് 100 പേർക്കും അവസരം നൽകും. മത്സ്യത്തൊഴിലാളികൾ, പട്ടികജാതി പട്ടിക വർഗക്കാർ, പരമദരിദ്രർ എന്നീ വിഭാഗത്തിലുള്ളവർക്ക് മുൻഗണന നൽകിയാണ് കോഴ്സിൽ പ്രവേശിപ്പിക്കുക.
ആറുമാസമാണ് പരിശീലന കാലയളവ്. പ്രതിമാസം 5,000 രൂപവീതം 30,000 രൂപയാണ് ഫീസ്. ഈ തുക പരിശീലനം പൂർത്തിയാക്കി ജോലി ലഭിച്ചുകഴിഞ്ഞ് 12 മാസ തവണകളായി നൽകിയാൽ മതി. ആദ്യബാച്ചിൽ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ജോലിക്കാരുടെ ആവശ്യം കമ്പനികളുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. താത്‌പര്യമുള്ളവർ foundation.prathibhatheeram.org എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.