ഗുജറാത്തിലെ തൂക്കുപാലം തകർന്ന് 141 പേർ മരിച്ചതായി സ്ഥിരീകരണം. ഞായറാഴ്ച വൈകുന്നേരം 6.30യോടെയാണ് മോര്‍ബി ജില്ലയിലുള്ള തൂക്കുപാലം തകർന്നത്. അപകടമുണ്ടാകുമ്പോൾ സ്ത്രീകളും കുട്ടികളും അടക്കം 500 ഓളം പേര്‍ പാലത്തിലുണ്ടായിരുന്നു എന്നതാണ് റിപ്പോർട്ടുകൾ. തൂക്കുപാലം തകർന്ന് വീണ് നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ 177 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.
രക്ഷപ്പെടുത്തിയ പലരുടേയും നില അതീവഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരുന്നതിനും സാധ്യത കൂടുതലാണ്. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ചുള്ള ഊർജ്ജിത തിരച്ചിലാണ് നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങൾക്കായി സൈന്യം, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരാണുള്ളത്.
ഛാട്ട് പൂജയോട് അനുബന്ധിച്ച് ഒട്ടനവധി പേരാണ് മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിൽ എത്തിയത്. ഇതിനെ തുടർന്ന് അമിതഭാരമാവുകയും പാലം തകർന്ന് വീഴുകയുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചിട്ടുള്ള ഈ പാലത്തിന് 150 വർഷത്തിലേറെ പഴക്കമുണ്ട്.
പാലത്തിന്റെ അറ്റക്കുറ്റപണികള്‍ക്ക് ശേഷം ഒക്ടോബര്‍ 26ന് ഇത് തുറക്കുകയായിരുന്നു. എന്നാല്‍
അധികൃതരുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാലം തുറന്നതെന്ന് മോര്‍ബി മുനിസിപ്പല്‍ ചെയര്‍മാന്‍ പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് ഒറേവ റിനോവേറ്റഡ് എന്ന സ്വകാര്യ ട്രസ്റ്റ് കരാർ എടുത്താണ് അറ്റക്കുറ്റ പണികൾ നടത്തിയത്. എന്നാൽ, പാലം തുറക്കുന്നതിന് മുമ്പ് കമ്പനി അതിന്റെ നവീകരണ വിശദാംശങ്ങള്‍ നല്‍കുകയോ, ഗുണനിലവാര പരിശോധന നടത്തുകയോ ചെയ്തിട്ടില്ല എന്നും മുനിസിപ്പൽ അധികൃതർ പറയുന്നു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ബ്യൂറോക്രാറ്റുകളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഞ്ചംഗ സമിതിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചു. ഇതിൽ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മോർബി തൂക്കുപാല അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ ആദായം നൽകുന്ന 14 അഗ്രികൾച്ചർ ബിസിനസ് ആശയങ്ങൾ