മട്ടത്തൂരിലെ കര്‍ഷകര്‍ക്ക് കാരുണ്യവര്‍ഷം ചൊരിയുന്നത് ഗുരുവായൂരപ്പനാണ്. ഗുരുവായൂരപ്പന് കണിയായി കദളിക്കുലകള്‍ നല്‍കുന്നത് മട്ടത്തൂരെ വാഴകൃഷിക്കാരാണ്. അതിന് കാരണമായത് തൃശൂര്‍ മട്ടത്തൂര്‍ ലേബര്‍ സഹകരണ സംഘവും. പത്ത് വര്‍ഷമായി നിത്യവും മുടങ്ങാതെ കായകള്‍ എത്തിക്കുന്ന സംഘം ഇതുവരെ നല്‍കിയത് ഒരു കോടി രണ്ട് ലക്ഷം കദളി പഴങ്ങള്‍.മൂന്ന് കോടിയാണ് ലഭിച്ച വരുമാനം.750 ന് മുകളില്‍ കര്‍ഷകരുടെ വിയര്‍പ്പിന്റെ ഫലമാണ് ഈ വിജയ ഗാഥ.
മട്ടത്തൂരിന്റെ കഥ വൈഗ 2020 ല്‍ അവതരിപ്പിച്ചത് സംഘം സെക്രട്ടറി കെ.പി.പ്രശാന്താണ്.2008 ലാണ് സുസ്ഥിര കാര്‍ഷിക വികസനം ലക്ഷ്യമാക്കി കദളീവനം പദ്ധതി ആരംഭിച്ചത്.കൊടകര എംഎല്‍എ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍.എന്‍.രവീന്ദ്രനാഥാണ് ഈ ആശയം മുന്നോട്ടുവച്ചതും കുടുംബശ്രീയും ലേബര്‍ സംഘവുമായി സഹകരിച്ച് 2009 മുതല്‍ കദളീവനം പദ്ധതി തുടങ്ങിയതും. ഒരു പ്രദേശത്തിന്റെ സാമ്പത്തിക ഉന്നതിയില്‍ കാര്‍ഷിക വിളകള്‍ക്കുള്ള പ്രാധാന്യം മനസിലാക്കിയുളള ആ നീക്കം ഫലം കണ്ടു. വിപണി ഉറപ്പാക്കിയുള്ള സ്ഥിരം വിള സംവിധാനമാണ് പ്രയോജനപ്പെട്ടത്. കര്‍ഷകരുടെ കൂട്ടായ പ്രവര്‍ത്തനം അതിന്റെ നട്ടെല്ലായി.
നിത്യവും 12000 കായകളാണ് നിവേദ്യത്തിന് വേണ്ടത്. രോഗവും പ്രളയവും കാരണം കൃഷിയില്‍ വലിയ നാശമുണ്ടായത് കാരണം ഇപ്പോള്‍ നാലായിരം കായകളാണ് ഗുരുവായൂരില്‍ കൊടുക്കുന്നത്. കൃഷി കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിച്ച് ഇത് എണ്ണായിരമാക്കാന്‍ സംഘം ലക്ഷ്യമിടുന്നു.ഈ പദ്ധതിയുടെ ഏറ്റവും വലിയ മേന്മ ഒരു കര്‍ഷകനും മാര്‍ക്കറ്റില്‍ പോയി വിലപേശലിന് വിധേയനാകേണ്ടിവരുന്നില്ല എന്നതാണ്.കായകളുടെ എണ്ണം കണക്കാക്കിയാണ് വില നിശ്ചയിക്കുക, തൂക്കമല്ല.ഒരു കായയ്ക്ക് രണ്ടുരൂപ എഴുപത് പൈസ നിരക്കില്‍ വാങ്ങി മൂന്ന് രൂപ എണ്‍പത് പൈസയ്ക്ക് ദേവസ്വത്തിന് നല്‍കുന്നു. ഉത്പ്പാദന ബോണസും കര്‍ഷകര്‍ക്ക് ലഭിക്കും. കുലകള്‍ മാത്രമല്ല, വാഴക്കന്നും മാണവും എല്ലാം സംഘം വാങ്ങുന്നു.
മാണം ഒന്നിന് പത്തുരൂപ നിരക്കില്‍ വാങ്ങി അത് ഔഷധകമ്പനികള്‍ക്ക് വില്‍ക്കുന്നു. ജൈവകൃഷിയായതിനാല്‍ ഇതിനെല്ലാം നല്ല വിലയും കിട്ടുന്നു. ഉത്പ്പാദനം കൂടുതലുണ്ടാവുമ്പോള്‍ അവ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റുന്നു. പഴംകൊണ്ടുള്ള ഹല്‍വയും കേക്കുമെല്ലാം വലിയ ഡിമാന്‍ഡുള്ള ഉത്പ്പന്നങ്ങളാണ്. ഇതിന് പുറമെ ഔഷധ സസ്യകൃഷിയും നടത്തുന്നുണ്ട് മട്ടത്തൂര്‍ സംഘം. കുറുന്തോട്ടിയും പാവലുമൊക്കെ ഏക്കര്‍ കണക്കിനാണ് കൃഷി ചെയ്യുന്നത്. വാഴക്കന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് ജൂണ്‍-ജൂലൈ മാസങ്ങളില്‍ സംഘവുമായി ബന്ധപ്പെടാവുന്നതാണ്.
പ്രശാന്ത്, സെക്രട്ടറി,മട്ടത്തൂര്‍ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി -ബന്ധപ്പെടേണ്ട നമ്പര്‍- 9747815009