നീര്‍ത്തടാധിഷ്ടിത മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കാര്‍ഷിക മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ കണ്ണൂര്‍ തലശ്ശേരി താലൂക്കിലെ ഇരുട്ടി ബ്ലോക്കില്‍പെട്ട പായം പഞ്ചായത്തിന് സംസ്ഥാന കൃഷി വകുപ്പ് ക്ഷോണി രത്‌ന പുരസ്‌ക്കാരം നല്‍കി ആദരിച്ചു. 50,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങിയ പുരസ്‌ക്കാരം പഞ്ചായത്ത പ്രസിഡന്റ് എന്‍.അശോകന്‍ സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും 2019 ഡിസംബര്‍ ഒന്‍പതിന് ആലപ്പുഴ നടന്ന ചടങ്ങില്‍ ഏറ്റു വാങ്ങി. പഞ്ചായത്തിന്റെ ഭൂഘടനയും ജലസ്രോതസുകളും മണ്ണിന്റെ ഘടനയും അടിസ്ഥാനമാക്കി നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടപ്പിലാക്കിയത്.
കഴിഞ്ഞ നാല് വര്‍ഷമായി കരനെല്‍കൃഷിയും ജൈവപച്ചക്കറി കൃഷിയും ഞാലിപ്പൂവന്‍ വാഴകൃഷിയും കേരഗ്രാമം പദ്ധതിയും ഇവര്‍ നടത്തി വരുന്നു. പാടശേഖര നെല്‍കൃഷിയും കവുങ്ങ് കൃഷിയും കശുമാവ് കൃഷിയും ഇടവിള കിഴങ്ങ് കൃഷിയും സജീവമാണ്. മുഴുവന്‍ വാര്‍ഡുകളിലും വ്യാപകമായി മഴക്കുഴി നിര്‍മ്മിക്കല്‍,പഞ്ചായത്തിലെ 32 തോടുകളിലും ചെറുതും വലുതുമായ തടയണകള്‍ നിര്‍മ്മിക്കല്‍ എന്നിവയിലൂടെ ജലദൗര്‍ലഭ്യം പരിഹരിച്ചതും ശ്രദ്ധേയമായ നേട്ടങ്ങളാണ്. പായം, വിളമന എന്നീ വില്ലേജുകളാണ് പായം പഞ്ചായത്തിന് കീഴിലുള്ളത്. 31.21 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്ത് കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് കിടക്കുന്നത്.