ഇന്ത്യയിലെ പ്രധാന ധനകാര്യ സേവന ദാതാക്കളിൽ ഒരാളാണ് എച്ച്ഡിഎഫ്സി. ഇവിടെ നിന്നും ഒട്ടനവധി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉപയോക്താക്കൾക്കായി വാഗ്ദാനം ചെയ്തുവരുന്നു. എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്‍റ് കമ്പനി എന്ന അനുബന്ധ സ്ഥാപനങ്ങളിലൊന്നാണ് ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നത്.
എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിന്‍റെ മൾട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫർ നവംബർ 23 (ചൊവ്വാഴ്ച) മുതൽ ഡിസംബർ ഏഴു വരെയാണ്. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് മേഖലകളില്‍ അച്ചടക്കത്തോടെ നിക്ഷേപിച്ച് മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
നിക്ഷേപത്തിന്‍റെ 25 ശതമാനം വീതം ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളിലായിരിക്കും. ശേഷിക്കുന്ന 25 ശതമാനം വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി വകയിരുത്തും. വിവിധ വിഭാഗം ഓഹരികളില്‍ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതിയിലൂടെ മികച്ച അവസരം ഒരുക്കുന്നു.
രാജ്യത്തെ മികച്ച ധനകാര്യ സേവന ദാതാക്കളായി വളർന്ന എച്ച്ഡിഎഫ്‌സി 2000ലാണ് ആദ്യ പദ്ധതിക്ക് തുടക്കമിടുന്നത്. ഇതിന് ശേഷം ഒന്നര പതിറ്റാണ്ടിനിടയിൽ പ്രശംസനീയമായ വളർച്ച കാഴ്ചവച്ചു. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് 11 വിഭാഗത്തിലുള്ള ഫണ്ടുകളിൽ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, 2014ൽ മോർഗൻ സ്റ്റാൻലിയുടെ എട്ട് മ്യൂച്വൽ ഫണ്ട് സ്കീമുകളും കമ്പനി വാങ്ങിയിട്ടുണ്ട്. ഇതിന്‍റെ ആകെ മൂല്യം 3,290 കോടി രൂപയാണ്.
എന്താണ് മ്യൂചൽ ഫണ്ട്?
നിങ്ങളുടെ പണം വേറെ നിക്ഷേപകരുടെ പണവുമായി കൂട്ടിച്ചേർത്ത്, ആ തുക കൊണ്ട് ഓഹരികളും ബോണ്ടുകളും മറ്റു നിക്ഷേപങ്ങളും നടത്തുന്ന ഒരു നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ട്. ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകൾ, ബോണ്ടുകളിൽ നിക്ഷേപിക്കുന്നവ, നികുതി ലാഭിക്കാൻ ഉള്ളവ തുടങ്ങി വിവിധ തരത്തിലുള്ള മ്യൂചൽ ഫണ്ടുകൾ വിപണിയിലുണ്ട്. മ്യൂച്വൽ ഫണ്ടിലെ എല്ലാ നിക്ഷേപങ്ങളുടെയും ശേഖരത്തെ പോർട്ട്ഫോളിയോ എന്ന് പറയും. പോർട്ട്ഫോളിയൊ മാനേജറാണ് മ്യൂച്വൽ ഫണ്ട് നടത്തുന്നത്.
മ്യൂചൽ ഫണ്ടിന്‍റെ കാലാവധി
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് സാധാരണ കാലാവധി ഇല്ല. അത് എപ്പോൾ വേണമെങ്കിലും വിൽക്കാനും വാങ്ങാനും കഴിയും. എന്നാൽ ചില ഫണ്ടുകൾക്ക് ലോക്ക് ഇൻ പീരീഡ് ഉണ്ടാകും. അങ്ങനെയുള്ളവയുടെ ലോക്ക് ഇൻ പിരീഡ് കഴിഞ്ഞ് മാത്രമേ വിൽക്കാൻ സാധിക്കുകയുള്ളു.
എച്ച്ഡിഎഫ്സി മ്യൂചൽ ഫണ്ട്
കഴിഞ്ഞ 16 സാമ്പത്തിക വർഷങ്ങളുടെ (FY06 മുതൽ FY21 വരെ)കണക്ക് പരിശോധിക്കുകയാണെങ്കിൽ, ആറ് വർഷത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവച്ച മാർക്കറ്റ് ക്യാപ് വിഭാഗം ലാർജ്-ക്യാപ്‌സ് ആണ്. മൂന്ന് വർഷത്തിനുള്ളിൽ മിഡ് ക്യാപ്‌സും ഏഴ് വർഷത്തിനുള്ളിൽ സ്‌മോൾ ക്യാപ്സും ഗുണകരമായ പ്രകടനം കാഴ്ചവച്ചു.
എന്നിരുന്നാലും, ലാർജ്, മിഡ്, സ്മോൾ ക്യാപ്സുകളിലേക്കുള്ള വിഹിതം തീരുമാനിക്കുന്നത് മിക്ക നിക്ഷേപകർക്കും എളുപ്പമല്ല. വിവിധ മാർക്കറ്റ് ക്യാപ് സെഗ്‌മെന്‍റുകളുടെ മികച്ച പ്രകടനമോ മോശം പ്രകടനമോ പ്രവചിക്കുകയല്ല, പകരം വൈവിധ്യവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മൾട്ടിക്യാപ് സമീപനം നിക്ഷേപകരെ സഹായിക്കുന്നു.
സ്റ്റോക്ക് സെലക്ഷനിൽ ടോപ്പ് ഡൗൺ, ബോട്ടം-അപ്പ് രീതിയെ ഒരുമിപ്പിച്ചുകൊണ്ടാണ് എച്ച്‌ഡിഎഫ്‌സി മൾട്ടി ക്യാപ് ഫണ്ട് പിന്തുടരുന്നത്. നിലവിലെ നിക്ഷേപ രീതി അനുസരിച്ച്, സ്കീം മൊത്തം ആസ്തിയുടെ 60%-75% വലിയ, ഇടത്തരം ക്യാപ്‌സുകളിൽ നിക്ഷേപിക്കും. കൂടാതെ, മൊത്തം ആസ്തിയുടെ 25%-40% സ്മോൾ ക്യാപ്സിലും നിക്ഷേപിക്കും.