മൂന്നു കുട്ടികളിൽ കൂടുതലുള്ള മാതാപിതാക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് പാലാ രൂപത. അഞ്ചു കുട്ടികളുള്ളവർക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച രൂപത നാലാമത്തെ പ്രസവം മുതൽ ചികിത്സ സൗജന്യമാക്കി. നഴ്സിങ്, എൻജിനീയറിങ് കോഴ്സുകളിൽ കുട്ടികൾക്ക് ആനുകൂല്യത്തിന് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേകപരിഗണനയും ലഭിക്കും.
കുടുംബവർഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സർക്കുലർ പുറത്തിറക്കിയത്. ആറ് ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്. രണ്ടായിരത്തിനുശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതലുള്ള കുടുംബത്തിനാണ് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം.
നാല് കുട്ടികളിൽ കൂടുതലുള്ള ദമ്പതിമാരിൽ ഒരാൾക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് രൂപതയുടെ ആശുപത്രിയിൽ ജോലിക്ക് മുൻഗണന ലഭിക്കും. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ നാലാമത്തെ പ്രസവം മുതൽ ചികിത്സ സൗജന്യമാണ്.
നാലാമത്തെ കുട്ടിക്ക് നഴ്സിങ് കോഴ്സിന് സൗജന്യമായി പഠിക്കാം. നാലാമത് മുതലുള്ള കുട്ടികൾക്ക് എൻജിനീയറിങ്, ഫുഡ് ടെക്നോളജി കോളേജുകളിൽ ട്യൂഷൻ ഫീ സൗജന്യമാക്കും. 2000 മുതൽ 2021 വരെ ജനിച്ച നാലാമത്തെ മുതലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനത്തിന് പ്രത്യേകപരിഗണനയും രൂപത വാഗ്ദാനം ചെയുന്നു.
അടുത്ത മാസം മുതൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനാണ് തീരുമാനം. കോവിഡിനെ തുടർന്ന് കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത് പരിഗണിച്ചാണ് തീരുമാനം എന്നുമാണ് വിശദീകരണം. ജനസംഖ്യാ നിയന്ത്രണത്തിന് സർക്കാർ ശ്രമിക്കുന്നതിനിടെ രൂപതയുടെ നടപടി വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.